കൊച്ചി: കേരള മനസാക്ഷിയെ പിടിച്ചുലച്ച പെരുമ്പാവൂർ ജിഷ വധക്കേസിലെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ഇരുഭാഗങ്ങളുടെയും വാദം ഇന്ന് പൂർത്തിയായി.എറണാകുളം എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയിലാണ് വാദം നടന്നത്‌.ഇന്ന് കോടതി മുമ്പാകെയും താൻ തെറ്റുകാരനല്ലെന്ന് അമീറുൽ ഇസ്ലാം ആവർത്തിച്ചു. കേസിൽ കേന്ദ്രഏജൻസിയെ വെച്ച് പുനരന്വേഷണം നടത്തണമെന്ന ആവശ്യവും കോടതി തള്ളി.

അമീറുല്ലിന് അസമീസ് ഭാഷ മാത്രമാണ് അറിയാവുന്നതെന്നു പ്രതിഭാഗം കോടതിയെ അറിയിച്ചു. പൊലീസിന്റെ ചോദ്യങ്ങൾ കൃത്യമായി മനസിലായിട്ടില്ല. ഇതു പോരായ്മയാണ്. കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമാണ് കോടതി തള്ളിയത്. ശിക്ഷാ ഇളവിനെ കുറിച്ച് മാത്രം സംസാരിച്ചാൽ മതിയെന്ന് കോടതി അഡ്വ. ആളൂരിനോട് പറഞ്ഞു. അതേസമയം കേസ് അസാധാരണമാണെന്നും നിർഭയ മോഡൽ കൊലപാതകമാണ് നടന്നതെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ വാദിച്ചു. അതുകൊണ്ട് തന്നെ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രേസിക്യൂഷൻ ആവശ്യപ്പെട്ടു.

ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള വിവരം പലപ്പോഴും പൊലീസിന് ഇല്ല. ഇവരുടെ രജിസ്‌ട്രേഷൻ ഫലപ്രദമല്ലെന്ന കാര്യവും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അതിനിടെ അമീറുൾ ഇസ്ലാമിൽ നിന്നും കോടതി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ജിഷയെ തനിക്ക് അറിയില്ലെന്നും തനിക്കെതിരെ തെറ്റായ കുറ്റമാണ് ചുമത്തിയതെന്നും അമീറുൽ പറഞ്ഞു. അസാമീസ് ഭാഷയിൽ അമീറുൽ പറഞ്ഞ കാര്യങ്ങൾ ട്രാൻസ്ലേറ്ററുടെ സഹായത്തോടെയാണ് കോടതി മനസിലാക്കിയത്.

ൃതാൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്നും ശിക്ഷാവിധി കേൾക്കാനായി കോടിതയിൽ എതിക്കുമ്പോൾ പ്രതി അമിറുൾ പറഞ്ഞിരുന്നു. ജിഷയെ കൊലപ്പെടുത്തിയത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും കോടതിക്ക് പുറത്തുവച്ച് അമിറുൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, മാധ്യമവിചാരണയുടെയും പൊതുസമൂഹത്തെയും തൃപ്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് കോടതി അമിറുളിനെ കുറ്റക്കാരനെന്ന് വിധിച്ചതെന്ന് പ്രതി അമിറുളിന്റെ അഭിഭാഷകൻ ബിഎ ആളൂർ വ്യക്തമാക്കിയിരുന്നു. നിരപരാധിയെ കുറ്റക്കാരനെന്ന് വിധിച്ചെന്നായിരുന്നു ആളൂർ പ്രതികരിച്ചത്. ഇന്ന് പ്രതിക്ക് പറയാനുള്ളത് കോടതി ആരായുമ്പോൾ കേസിൽ തുടരന്വേഷണം ആവശ്യപ്പെടുമെന്ന് ആളൂർ വ്യക്തമാക്കി.

സംഭവത്തിൽ അമീറുൽ കുറ്റക്കാരനാണെന്നു വിചാരണ കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. മരണം വരെ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയത്. ജിഷയുടെ വീടിനു സമീപത്തെ വാടകക്കെട്ടിടത്തിൽ കഴിഞ്ഞിരുന്ന പ്രതി 2016 ഏപ്രിൽ 28നു കൊല നടത്തിയെന്നാണു കേസ്. കുറുപ്പംപടി വട്ടോളിപ്പടി കനാൽബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അമീർ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. ജിഷ എതിർത്തപ്പോൾ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തി.

ദേഷ്യം ശമിക്കാതെ സ്വകാര്യ ഭാഗങ്ങൾ കത്തികൊണ്ടു മുറിവേൽപ്പിച്ചു. ഡിഎൻഎ പരിശോധനാ ഫലങ്ങളുടെയും ഫൊറൻസിക് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ അമീറിനെതിരായ കുറ്റങ്ങൾ ശാസ്ത്രീയമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം, കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കയറൽ അടക്കമുള്ള കുറ്റങ്ങൾ പ്രതി ചെയ്തതായി ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. അതേസമയം പട്ടിക വർഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനിൽക്കില്ലെന്നും കോടതി അറിയിച്ചു.ശാസ്ത്രീയമായ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് കണ്ടെത്തിയിരുന്നത്. ജിഷയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ച അമിറുൾ ഇസ്ലാമിന്റെ ഉമിനീർ, കത്തിയിൽനിന്നും ലഭിച്ച രക്തം, ജിഷയുടെ വീട്ടിലെ വാതിലിലുണ്ടായിരുന്ന രക്തം, കട്ടിലിലുണ്ടായിരുന്ന രക്തം, അമിറുളിന്റെ വിരലടയാളം എന്നിവ ജിഷയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.

ഇത്തരത്തിൽ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് ശേഖരിച്ചിരുന്നത്. കേരളത്തിൽ ആദ്യമായി ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിൽ തെളിയിച്ച കേസ് കൂടിയായാണ് ജിഷ വധക്കേസ്. ആറ് മാസത്തോളം കേസിൽ രഹസ്യവിചാരണ നടന്നു. കേസിൽ അന്തിമ വാദം നവംബർ 21ന് ആരംഭിച്ചിരുന്നു. എട്ട് ദിവസമായിരുന്നു അന്തിമ വാദം നീണ്ടുനിന്നത്. കേസുമായി ബന്ധപ്പെട്ട് 36 രേഖകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. 100 സാക്ഷികളെയും പൊലീസ് വിസ്തരിച്ചിരുന്നു. 2016 സെപ്റ്റംബർ 17നാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.