- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയെ മൃഗീയമായി കൊലപ്പെടുത്തിയ നരാധമന് തൂക്കുകയർ; അമീറുൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് വിലയിരുത്തി; അതിക്രൂരമായ കൊലപാതകമെന്ന് കോടതി; അഡ്വക്കേറ്റ് ആളൂരിന്റെ വാദങ്ങൾ മുഖവിലക്കെടുക്കാതെ തള്ളി; കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിൽ പുറത്തുവന്നത് നാട് ആഗ്രഹിച്ചിരുന്ന വിധി തന്നെ; അമീറുൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക്
കൊച്ചി: കേരള മനസാക്ഷിയെ പിടിച്ചുലച്ച പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന് തൂക്കുകയർ. ജിഷയെ കൊലപ്പെടുത്തിയത് മൃഗീയമായ വിധത്തിലാണെന്ന് വിലയിരുത്തിയാണ് കോടതി അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. അതേസമയം കോടതിയിലും താൻ കുറ്റക്കാരനല്ലെന്ന നിലപാടാണ് അമീറുൾ വ്യക്തമാക്കിയത്. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയാണ് കേരളം ഉറ്റുനോക്കിയ കേസിലെ വിധിപ്രസ്താവം നടത്തിയത്. ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഐപിസി 449 വകുപ്പ് പ്രകാരം ഏഴ് വർഷം കഠിനതടവും ഒപ്പം ആറു മാസത്തെ തടവും. അന്യായമായി തടഞ്ഞുവെച്ചതിന് 342 പ്രകാരം ഒരു വർഷത്തെ കഠിന തടവും ആയിരം രൂപ പിഴയും. ഐപിസി 376 എ പ്രകാരം പത്തുവർഷത്തെ കഠിന തടവും 25000 രൂപ പിഴയും, 376-ാം വകുപ്പ് പ്രാകാരം ബലാത്സംഗത്തിന് ജീവപര്യന്തം കഠിന തടവും 25000 രൂപ പിഴയും, ഐപിസി 302 പ്രകാരം കൊലപാതക കുറ്റത്തിന് കോടതി പ്രതിക്ക് വധശിക്ഷയും വിധിച്ചു. അമീറുൽ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി ചൊവ്വാഴ്ച വിധിച്ചിരുന്നു. പ്രതിക്കുനൽകേണ്ട ശിക്ഷ സംബന്

കൊച്ചി: കേരള മനസാക്ഷിയെ പിടിച്ചുലച്ച പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന് തൂക്കുകയർ. ജിഷയെ കൊലപ്പെടുത്തിയത് മൃഗീയമായ വിധത്തിലാണെന്ന് വിലയിരുത്തിയാണ് കോടതി അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. അതേസമയം കോടതിയിലും താൻ കുറ്റക്കാരനല്ലെന്ന നിലപാടാണ് അമീറുൾ വ്യക്തമാക്കിയത്. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയാണ് കേരളം ഉറ്റുനോക്കിയ കേസിലെ വിധിപ്രസ്താവം നടത്തിയത്.
ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഐപിസി 449 വകുപ്പ് പ്രകാരം ഏഴ് വർഷം കഠിനതടവും ഒപ്പം ആറു മാസത്തെ തടവും. അന്യായമായി തടഞ്ഞുവെച്ചതിന് 342 പ്രകാരം ഒരു വർഷത്തെ കഠിന തടവും ആയിരം രൂപ പിഴയും. ഐപിസി 376 എ പ്രകാരം പത്തുവർഷത്തെ കഠിന തടവും 25000 രൂപ പിഴയും, 376-ാം വകുപ്പ് പ്രാകാരം ബലാത്സംഗത്തിന് ജീവപര്യന്തം കഠിന തടവും 25000 രൂപ പിഴയും, ഐപിസി 302 പ്രകാരം കൊലപാതക കുറ്റത്തിന് കോടതി പ്രതിക്ക് വധശിക്ഷയും വിധിച്ചു.
അമീറുൽ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി ചൊവ്വാഴ്ച വിധിച്ചിരുന്നു. പ്രതിക്കുനൽകേണ്ട ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദങ്ങൾ ബുധനാഴ്ച പൂർത്തിയായിരുന്നു. ഇതിന് ശേഷമാണ് കോടതി ഇന്ന് വിധി പ്രഖ്യാപിച്ചത്. 2016 ഏപ്രിൽ 28-നാണ് കൊലപാതകം നടന്നത്. അസം സ്വദേശിയായ അമീറിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറൽ, അന്യായമായി തടഞ്ഞുവെയ്ക്കൽ എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. പ്രോസിക്യൂഷൻ ആരോപിച്ച തെളിവുനശിപ്പിക്കൽ, പട്ടികവർഗ പീഡനനിരോധന നിയമം എന്നിവ കണ്ടെത്തിയിട്ടില്ല. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തൽ.
ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകത്തിൽ ഡി.എൻ.എ. പരിശോധനയുടെ ഫലമാണ് നിർണായക തെളിവായത്. കൊലപാതകംനടന്ന സമയത്ത് പ്രതി അവിടെയുണ്ടായിരുന്നെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. ആ സമയത്ത് അവിടെ വന്നതിന് മറ്റെന്തെങ്കിലും കാരണം കൃത്യമായി ബോധിപ്പിക്കാൻ പ്രതിക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇന്നലെ നടന്ന വാദത്തിൽ ശിക്ഷാ ഇളവിന് വേണ്ടി അമീറുളിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും അതൊന്നും മുഖവിലക്കെടുക്കാൻ കോടതി തയ്യാറായില്ല. കോടതി മുമ്പാകെയും താൻ തെറ്റുകാരനല്ലെന്ന് അമീറുൽ ഇസ്ലാം ആവർത്തിച്ചു. കേസിൽ കേന്ദ്രഏജൻസിയെ വെച്ച് പുനരന്വേഷണം നടത്തണമെന്ന ആവശ്യവും കോടതി തള്ളി.അമീറുല്ലിന് അസമീസ് ഭാഷ മാത്രമാണ് അറിയാവുന്നതെന്നു പ്രതിഭാഗം കോടതിയെ അറിയിച്ചു. പൊലീസിന്റെ ചോദ്യങ്ങൾ കൃത്യമായി മനസിലായിട്ടില്ല. ഇതു പോരായ്മയാണ്. കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമാണ് കോടതി തള്ളിയത്. ശിക്ഷാ ഇളവിനെ കുറിച്ച് മാത്രം സംസാരിച്ചാൽ മതിയെന്ന് കോടതി അഡ്വ. ആളൂരിനോട് പറഞ്ഞു. അതേസമയം കേസ് അസാധാരണമാണെന്നും നിർഭയ മോഡൽ കൊലപാതകമാണ് നടന്നതെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ വാദിച്ചു. അതുകൊണ്ട് തന്നെ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രേസിക്യൂഷൻ ആവശ്യപ്പെട്ടു.
ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള വിവരം പലപ്പോഴും പൊലീസിന് ഇല്ല. ഇവരുടെ രജിസ്‌ട്രേഷൻ ഫലപ്രദമല്ലെന്ന കാര്യവും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അതിനിടെ അമീറുൾ ഇസ്ലാമിൽ നിന്നും കോടതി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ജിഷയെ തനിക്ക് അറിയില്ലെന്നും തനിക്കെതിരെ തെറ്റായ കുറ്റമാണ് ചുമത്തിയതെന്നും അമീറുൽ പറഞ്ഞു. അസാമീസ് ഭാഷയിൽ അമീറുൽ പറഞ്ഞ കാര്യങ്ങൾ ട്രാൻസ്ലേറ്ററുടെ സഹായത്തോടെയാണ് കോടതി മനസിലാക്കിയത്.
സംഭവത്തിൽ അമീറുൽ കുറ്റക്കാരനാണെന്നു വിചാരണ കോടതി ചൊവ്വാഴ്‌ച്ചയാണ് കണ്ടെത്തിയത്. മരണം വരെ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയത്. ജിഷയുടെ വീടിനു സമീപത്തെ വാടകക്കെട്ടിടത്തിൽ കഴിഞ്ഞിരുന്ന പ്രതി 2016 ഏപ്രിൽ 28നു കൊല നടത്തിയെന്നാണു കേസ്. കുറുപ്പംപടി വട്ടോളിപ്പടി കനാൽബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അമീർ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. ജിഷ എതിർത്തപ്പോൾ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തി.
ദേഷ്യം ശമിക്കാതെ സ്വകാര്യ ഭാഗങ്ങൾ കത്തികൊണ്ടു മുറിവേൽപ്പിച്ചു. ഡിഎൻഎ പരിശോധനാ ഫലങ്ങളുടെയും ഫൊറൻസിക് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ അമീറിനെതിരായ കുറ്റങ്ങൾ ശാസ്ത്രീയമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം, കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കയറൽ അടക്കമുള്ള കുറ്റങ്ങൾ പ്രതി ചെയ്തതായി ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. അതേസമയം പട്ടിക വർഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനിൽക്കില്ലെന്നും കോടതി അറിയിച്ചു.ശാസ്ത്രീയമായ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് കണ്ടെത്തിയിരുന്നത്. ജിഷയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ച അമിറുൾ ഇസ്ലാമിന്റെ ഉമിനീർ, കത്തിയിൽനിന്നും ലഭിച്ച രക്തം, ജിഷയുടെ വീട്ടിലെ വാതിലിലുണ്ടായിരുന്ന രക്തം, കട്ടിലിലുണ്ടായിരുന്ന രക്തം, അമിറുളിന്റെ വിരലടയാളം എന്നിവ ജിഷയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.
ഇത്തരത്തിൽ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് ശേഖരിച്ചിരുന്നത്. കേരളത്തിൽ ആദ്യമായി ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിൽ തെളിയിച്ച കേസ് കൂടിയായാണ് ജിഷ വധക്കേസ്. ആറ് മാസത്തോളം കേസിൽ രഹസ്യവിചാരണ നടന്നു. കേസിൽ അന്തിമ വാദം നവംബർ 21ന് ആരംഭിച്ചിരുന്നു. എട്ട് ദിവസമായിരുന്നു അന്തിമ വാദം നീണ്ടുനിന്നത്. കേസുമായി ബന്ധപ്പെട്ട് 36 രേഖകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. 100 സാക്ഷികളെയും പൊലീസ് വിസ്തരിച്ചിരുന്നു. 2016 സെപ്റ്റംബർ 17നാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.

