കൊച്ചി: ജീവിച്ചിരുന്നപ്പോൾ നോക്കാൻ ആരും ഉണ്ടായില്ല. മകൾ മരിച്ച് സാമ്പത്തികം കിട്ടിയപ്പോഴും ആരും അച്ഛനെ ഓർത്തില്ല. ഇപ്പോഴിതാ തർക്കവും. ഭർത്താവ് പാപ്പുവിന്റെ പേരിൽ ബാങ്കിലുള്ള 4 ലക്ഷത്തിൽപ്പരം രൂപയുടെ അവകാശത്തെച്ചൊല്ലി കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും തമ്മിൽ തർക്കം മൂർച്ഛിച്ചു. ഭർത്താവിന്റെ മരണ സർട്ടിഫിക്ക് കരസ്ഥമാക്കിയ മകളുടെ നടപടിയ്‌ക്കെതിരെ രാജേശ്വരി പൊലീസിനെ സമീപിച്ചു.

ഓടയ്ക്കാലി എസ് ബി ഐ ബാങ്കിൽ അന്തരിച്ച പാപ്പുവിന്റെ പേരിൽ 4,32, 000 രൂപയുടെ നിക്ഷേപമുണ്ടെന്ന് കുറുപ്പംപടി പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.2017 നവമ്പറിൽ പാപ്പു മരണമടഞ്ഞതിനെത്തുടർന്ന് പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്. ഈ തുകയുടെ അവകാശത്തെ തുടർന്നാണ് തർക്കം. രാജേശ്വരിയാണ് ഭാര്യ. ഭർത്താവിന്റെ സ്വത്തിൽ അവകാശമുള്ളയാൾ. മകൾക്കും അധികാരവും അവകാശവും ഉണ്ട്. നേരത്തെ ദീപയ്‌ക്കൊപ്പം താമസിച്ചിരുന്ന രാജേശ്വരി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. ജിഷയുടെ മരണ ശേഷം സർക്കാർ വച്ച് നൽകിയ വീട്ടിൽ നിന്ന് മൂത്തമകളോട് പിണങ്ങിയായിരുന്നു രാജേശ്വരി പുറത്തിറങ്ങിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാപ്പുവിന്റെ കാശിന് വേണ്ടി തർക്കം.

തുക തനിക്ക് നൽകണമെന്നാവശ്യപ്പെട്ട് സഹോദരി ദീപ നേരത്തെ ബാങ്കിൽ കത്ത് നൽകിയിരുന്നു.പിതാവിന്റെ മരണ സർട്ടിഫിക്കറ്റും ഇവർ ബാങ്കിൽ ഹാജരാക്കിയിരുന്നു.എന്നാൽ ബാങ്ക് അധികൃതർ തുക നൽകിയില്ല.മകളുടെ ഈ നീക്കത്തിനെതിരെ രാജേശ്വരി ഇന്നലെ പെരുമ്പാവൂർ പൊലീസിലെത്തി പരാതി നൽകി. ദീപ കരസ്ഥമാക്കിയ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് തനിക്ക് ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. പെരുമ്പാവൂർ ഡി വൈ എസ് പി യെ സന്ദർശിച്ചാണ് രാജേശ്വരി പരാതി ബോധിപ്പിച്ചത്.പരാതി സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനായി കോടനാട് പൊലീസിന് കൈമാറിയതായും ഡി വൈ എസ് പി ജി വേണു അറിയിച്ചു.

കോടനാട് സ്‌റ്റേഷൻ പരിധിയിലെ മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കേപ്പാറയിൽ സർക്കാർ നിർമ്മിച്ചു നൽകിയ വീട്ടിലാണ് രാജേശ്വരിയും ദീപയും ഇവരുടെ മകനും താമസിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തോളമായി രാജേശ്വരി വിട്ടിലെത്തിയിട്ടില്ലന്നാണ് ദീപ പുറത്തുവിട്ട വിവരം. പലവഴിക്കുള്ള സാമ്പത്തിക സഹായമെത്തിയിട്ടും ഉടുതുണിക്ക് മറുതുണിയില്ലാതെ അവശതകളുമായി കഴിഞ്ഞിരുന്ന പാപ്പുവിനെ മരണം വരെ ദീപയും മതാവും തിരിഞ്ഞ് നോക്കിയിരുന്നില്ല എന്നുള്ള ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മരണശേഷം പാപ്പുവിന്റെ അക്കൗണ്ടിൽ അവശേഷിക്കുന്ന തുക സ്വന്തമാക്കാൻ ഇവർ രംഗത്തിറങ്ങിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

നിക്ഷേപകർ മരണപ്പെട്ടാൽ അക്കൗണ്ടിൽ അവശേഷിക്കുന്ന തുക നോമിനിക്ക് കൈമാറുക എന്നതാണ് ബാങ്കിന്റെ രീതിയെന്നും ഇതിന് തങ്ങൾ തയ്യാറാണെന്നും ബാങ്ക് അധികൃതർ നേരത്തെ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.പാപ്പുവിന്റെ തറവാട് വീടിനടുത്ത് താമസിച്ചുവരുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയെയാണ് പാപ്പു ബാങ്കിൽ തന്റെ അനന്തരാവകാശിയായി പരിചയപ്പെടുത്തി,രേഖകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പാപ്പു സ്വന്തം ഇഷ്ടപ്രകാരമാണ് ഇത് ചെയ്‌യതതെന്നും ബാങ്കിൽ അക്കൗണ്ട് എടുത്ത് രേഖകൾ എല്ലാം പൂരിപ്പിച്ച് നൽകി,ആഴ്ചകൾക്ക് ശേഷം പാപ്പുതന്നെ തന്നോട് വിവരം വെളിപ്പെടുത്തുകയായിരുന്നെന്നും ഇങ്ങിനെ ചെയ്തത് എന്തിനാണെന്ന് താൻ ചോദിച്ചപ്പോൾ മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാണെന്നായിരുന്നു പാപ്പുവിന്റെ മറുപിടിയെന്നും സരോജിനിയമ്മ പാപ്പു മരണപ്പെട്ടതിന് പിന്നാലെ വെളിപ്പെടുത്തിയിരുന്നു.

ബാങ്ക് നിയമങ്ങൾക്കനുസരിച്ചും ഇതര നിയമവശങ്ങൾ പഠിച്ചും തുക ആർക്ക് കൈമാറണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഈ തുകയിൽ നയാപൈസ തനിക്കുവേണ്ടന്നും സരോജിനിയമ്മ ഈയവസരത്തിൽ വ്യക്തമാക്കിയിരുന്നു. പാപ്പുവും സഹോദരങ്ങളുമൊക്കെ കൃഷിപ്പണികൾക്കും മറ്റുമായി വർഷങ്ങൾക്ക് മുമ്പ് മുതൽ സരോജിനിയമ്മയുടെ വീട്ടിലെത്തിയിരുന്നു.

പണ്ട് മുതൽ പാപ്പുവിന്റെ വീട്ടുകാരും ഈ കുടുമ്പവും തമ്മിൽ അടുപ്പത്തിലുമായിരുന്നു. ഇതു മൂലമാവാം പാപ്പു സരോജിനിയമ്മയെ നോമിനിയാക്കിയതെന്നാണ് നാട്ടുകാരുടെ അനുമാനം. 2017 നവംമ്പർ 9-ന് ഉച്ചയോടെ വീടിനടുത്ത് വെസ്റ്റേൺ ഡയറി ഫാമിന് സമീപം റോഡിൽ് കുഴഞ്ഞ് വീണാണ് പാപ്പു മരണപ്പെട്ടത്.വൈകുന്നേരം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതോടെയാണ് പാപ്പുവിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകൾ വ്യക്തമായത്.

ധരിച്ചിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ മൂവായിരത്തിൽപ്പരം രൂപ പൊലീസ് കണ്ടെത്തി.പാസ് ബുക്ക് പ്രകാരം കഴിഞ്ഞ സെപ്റ്റംമ്പർ 17-ന് 452000 രൂപ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമായി.തുടർന്ന് പാപ്പുവിന്റെ സാമ്പത്തീക സ്രോതസ് പൊലീസ് വിശദമായി പരിശോധിച്ചത്. കഴിഞ്ഞ മാർച്ചിൽ അംബേദ്കർ ഫൗണ്ടേൻ എന്ന സംഘടന പാപ്പുവിന് ബാങ്ക് അക്കൗണ്ട് വഴി 5 ലക്ഷം രൂപ കൈ മാറിയിരുന്നെന്നും ഇതിൽ 432000 രൂപ നിലവിൽ അവശേഷിക്കുന്നുണ്ടെന്നും ഇതോടെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.