ബർമിങ്ഹാം: പെരിമ്പാവൂരിൽ കൊല ചെയ്യപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ കൊലപാതകത്തിൽ യുകെ ക്നാനായ കാത്തലിക് അസോസിയേഷൻ പ്രതിഷേധിച്ചു. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച് അതിദാരുണമായ കൊലപാതകത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾക്കെതിരെ ശക്തമായ നിയമ സംവിധാനം അത്യന്താപേക്ഷിതമാണ്. കൊലപാതകത്തിന്റെ യഥാർത്ഥ പ്രതികളെ ഉടനെത്തന്നെ പിടികൂടണമെന്നും സമ്പൂർണ സാക്ഷരതയുള്ള കേരളത്തിന് അപമാനകരമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മുൻകരുതലുകളും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കണമെന്നും യുകെകെസിഎ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ജിഷയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി യുകെയിലെ ക്നാനായ സമുദായംഗങ്ങൾ ഒന്നടങ്കം പ്രത്യേക പ്രാർത്ഥനകൾ കുടുംബങ്ങളിൽ നടത്തുവാനും സാധിക്കുമെങ്കിൽ കൂട്ടായ യോഗങ്ങൾ ചേർന്ന് പ്രാർത്ഥിക്കുവാനും തീരുമാനമായി. പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തൻപുര, ബാബു തോട്ടം, ജോസ് മുഖച്ചിറ, സഖറിയ പുത്തൻകളം, ഫിനിൽ കളത്തിൽക്കോട്ട് എന്നിവരാണ് വിവരങ്ങൾ നൽകിയത്.