ന്യൂഡൽഹി: ജിഷ്ണു കേസ് സിബിഐ ഏറ്റെടുക്കും. അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ സുപ്രീംകോടതിയ അറിയിച്ചു. ജിഷ്ണുവിന്റെ മാതാവാണ് കേസ് കോടതി ഏറ്റെടുക്കാൻ തയ്യാറാണെന്ന ആവശ്യം ഉന്നയിച്ചത്. ഈ ഹർജി പരിഗണിച്ചാണ് കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് അവർ അറിയിച്ചത്.

നേരത്തെ ജോലിഭാരമുള്ളതിനാൽ ജിഷ്ണുക്കേസ് ഏറ്റെടുക്കാനാവില്ലെന്നായിരുന്നു സിബിഐ. അറിയിച്ചിരുന്നത്. സിബിഐയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ കാലതാമസം ഉണ്ടായെന്ന് കുറ്റപ്പെടുത്തിയ കോടതി കാലതാമസം തെളിവുകൾ നശിപ്പിച്ചേക്കുമെന്നും അഭിപ്രായപ്പെട്ടു. ജിഷ്ണുക്കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ. നേരത്തെ സംസ്ഥാന സർക്കാരിനെയും അറിയിച്ചിരുന്നു. ഏറ്റെടുക്കാനുള്ള പ്രാധാന്യം കേസിനില്ലെന്നും സിബിഐയ്ക്ക് ഇപ്പോൾത്തന്നെ കേസുകളുടെ ബാഹുല്യമാണെന്നുമായിരുന്നു സിബിഐയുടെ വിശദീകരണം.

ജൂൺ 15-നാണ് അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ നിലപാടറിയിക്കാൻ കേന്ദ്രവും സിബിഐ.യും വൈകിച്ചാൽ തങ്ങൾക്ക് ഉത്തരവിറക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സിബിഐ അന്വേഷണത്തിൽ സന്തോഷമെന്ന് അച്ഛൻ അശോകൻ അറിയിച്ചു. നീതിപീഠത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന അമ്മ മഹിജയും പ്രതികരിച്ചു.

കേരളത്തിലെ ബിജെപി നേതാക്കളുടെ ഇടപെടൽ കൊണ്ടാണ് കേസിൽ സിബിഐ തീരുമാനം പുനപ്പരിശോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ജിഷ്ണു പ്രണോയിയുടെ മരണവും ഷഹീർ ഷൗക്കത്തലിയെന്ന വിദ്യാർത്ഥിക്കു മർദനമേറ്റ വിഷയവും കോടതിയുടെ പരിഗണനയിലിരിക്കയാണ്. 2016 ജനുവരി ആറിനു വൈകിട്ടാണു ജിഷ്ണു പ്രണോയിയെ കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

കോപ്പിയടിച്ചെന്ന ആരോപണം കെട്ടിച്ചമച്ചു ചെയർമാനും കോളജ് അദ്ധ്യാപകരും ചേർന്നു പീഡിപ്പിച്ചെന്നും പിആർഒ: സഞ്ജിത്തിന്റെ മുറിയിൽ നിന്നിറങ്ങി വരുമ്പോൾ ചുണ്ടിൽ ചോര പൊടിയുന്നുണ്ടായിരുന്നെന്നും വ്യക്തമാക്കി ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വ്യക്തമായ പരാതിയുണ്ടായിട്ടും അഞ്ചുപേരെ പ്രതിയാക്കി കേസെടുത്തതു 41ാം ദിവസം ഫെബ്രുവരി 15ന് ആണ്. നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ്, വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേൽ, അസി. പ്രഫ. സി.പി.പ്രവീൺ, പിആർഒ: സഞ്ജിത് വിശ്വനാഥൻ, അസി. പ്രഫ. ദിപിൻ എന്നിവരെ പ്രതികളാക്കിയായിരുന്നു കേസ്.