തൃശൂർ: പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പികെ കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, അദ്ധ്യാപകൻ പ്രവീൺ,വിപിൻ പിആർഒ സജിത്ത് എന്നിവരാണ് മറ്റു പ്രതികൾ. പ്രതികൾക്ക് നേരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, മർദ്ധനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കു നേരെ ചുമത്തിയിരിക്കുന്നത്. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ പ്രതികളായ അദ്ധ്യാപകർ ഒളിവിലാണ്. അദ്ധ്യാപകരുടെയും, ഉദ്യഗസ്ഥരുടെയും അടുത്ത ബന്ധുക്കളുടെയും വീടുകളിൽ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചില്ല. വൈസ് പ്രിൻസിപ്പാൽ ശക്തിവേലിനെ തേടി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. കുറ്റപ്ത്രം സമർപ്പിച്ചതോടെ ഇനി കൃഷ്ണദാസ് അടക്കമുള്ളവരെ അറസ്റ്റു ചെയ്യാനുള്ള സാധ്യത കുറവാണ്. പ്രതികൾ കോടതിയെ സമീപിച്ച് ജാമ്യം നേടാനുള്ള വഴികളും ഇതോടെ തെളിയും.

അതിനിടെ ജിഷ്ണുവിന്റെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ വധഭീഷണി മുഴക്കിയ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പികെ കൃഷ്ണദാസിനെതിരെ രക്ഷിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. മക്കളെ മോർച്ചറിയിൽ കാണേണ്ടി വരുമെന്ന് ചെയർമാൻ ഭീഷണിപെടുത്തിയതായാണ് പരാതി.

നെഹ്റു കോളേജിനു മുന്നിൽ വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. ജിഷ്ണുവിന്റെ മരണത്തിൽ പ്രതികളായ അദ്ധ്യാപകർക്കെതിരെ കൊലക്കുറ്റം ചുമത്തുക, വിദ്യാർത്ഥികൾക്കുനേരെ വധഭീഷണി മുഴക്കിയ ചെയർമാൻ പികെ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യം.