കേസിലെ പ്രതികളെ അറസ്റ്റു ചെയ്ത ശേഷം മുഖ്യമന്ത്രി ഈ വീട്ടിൽ വന്നാൽ മതി എന്നുള്ള ജിഷ്ണുവിന്റെ അമ്മയുടെ മറുപടി വളരെ സൗമ്യവും പക്വവും കാര്യമാത്ര പ്രസക്തവുമാണ്. എന്നാൽ ആ മറുപടിയുടെ ആഘാത ശക്തി എത്ര വലുതാണ്.

നിർഭാഗ്യവശാൽ ആ മറുപടി മാദ്ധ്യമങ്ങളോ പ്രശസ്തരോ ഒന്നും അത്ര ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. അതിന്റെ പ്രധാന കാരണം നമ്മുടെ ജനതയുടെ സമൂഹത്തിന്റെ ധാർമ്മികമായ ഭീരുത്വവും മനുഷ്യത്വത്തിന്റെ കമ്മിയുമാണ്.

മറ്റൊരു കാരണം, സമൂഹത്തിന്റെ നാവ് ആകേണ്ട നമ്മുടെ ബുദ്ധി ജീവികളുടെ മൗനമാണ്. നിങ്ങൾ കേൾക്കുന്നില്ലേ ബുദ്ധി ജീവികളുടെ പരിഹാസ്യമായ മൗനത്തിന്റെ മുഴക്കം. വാചാലവും ക്രൂവുമായ അവരുടെ മൗനത്തിന്റെ ജുഗുപ്സ നമ്മുടെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നത് നിങ്ങൾക്ക് അനുഭവിക്കപ്പെടുന്നില്ലേ?

എഴുത്തുകാരും സാംസ്‌കാരിക നായകനുമടങ്ങുന്ന കൂട്ടത്തെയാണല്ലോ ബുദ്ധിജീവികൾ എന്ന് പരമ്പരാഗതമായി വിളിച്ചു വരുന്നത്. ആരെയും വാനോളം ഉയർത്താനും തറയോളം താഴ്‌ത്തിക്കെട്ടാനും കഴിയുന്ന വാചാലമായ നാവാണ് അവർക്കുള്ളത്. പ്രസംഗിച്ചും മുദ്രാവാക്യം വിളിച്ചും ഫോട്ടോയ്ക്ക് പോസു ചെയ്തും ഒക്കെ ഓടി നടക്കുന്ന ചില പ്രമുഖ എഴുത്തുകാരെ ഈ കഴിഞ്ഞയാഴ്ച വരെ നിങ്ങളും ഞാനും കണ്ടതാണ്. എന്നിട്ടിപ്പോൾ അവരെല്ലാം എവിടെപ്പോയി, അവർക്കെല്ലാം എന്തു സംഭവിച്ചു എന്ന് നിങ്ങളാരെങ്കിലും അന്വേഷിച്ചോ? പരുന്തുപോയി കഴിയുമ്പോൾ കരിയിലക്കീഴിൽ നിന്ന് പുറത്തു വരുന്ന കോഴിക്കുഞ്ഞുങ്ങളെപ്പോലെ രംഗം ശാന്തമായെന്നു സിഗ്‌നൽ കിട്ടുമ്പോൾ അവരെല്ലാം പൂർവ്വാധികം വാചാലതയോടെ രംഗത്തു വരുമെന്നാണോ നിങ്ങൾ കരുതുന്നത്? മുൻകാലങ്ങളിൽ അങ്ങനെയായിരുന്നല്ലോ അനുഭവം.

എന്നാൽ നമ്മുടെ ബുദ്ധിജീവികൾ എല്ലാം കൂടി കൂട്ടായാത്മഹത്യ ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്. സുഹൃത്തുക്കളേ അക്ഷരാർത്ഥത്തിൽ ആത്മഹത്യയാണോ എന്നു ചോദിച്ചാൽ അല്ല. പക്ഷേ അക്ടിവിസ്റ്റായി സമൂഹ മദ്ധ്യത്തിൽ ജ്വലിച്ചു നിൽക്കുന്ന ഒരു സ്ത്രീ സുപ്രഭാതത്തിൽ മിണ്ടാഠത്തിൽ ചേർന്നു എന്നു സങ്കൽപ്പിക്കുക അതിനെ ആത്മഹ്യ എന്ന് ആലങ്കാരികമായ പറയാറുണ്ടല്ലോ. അതുപോലെ സാമൂഹ്യ പ്രതിരോധങ്ങളുമായി സജീവ സാന്നിദ്ധ്യമായി നിൽക്കുന്ന ഒരു പുരുഷൻ അവിടെ നിന്നുമുങ്ങി തപസിരിക്കാൻ പോയാൽ അതും ഒരു ആത്മഹത്യ തന്നെയാണല്ലോ.

എന്തായാലും നിർണ്ണായകാമായ സാഹചര്യങ്ങളിൽ സ്വയം പ്രതികരിക്കുകയും മാദ്ധ്യമങ്ങൾക്ക് പ്രതികരിക്കാൻ ധൈര്യം പകർന്നു കൊടുക്കുകയും ചെയ്യേണ്ട ബുദ്ധിജീവികൾ മാദ്ധ്യമങ്ങൾ പ്രതികരിക്കുന്നില്ല എന്ന് വിലപിക്കുന്നത് എത്രയോ ദയനീയമായ അവസ്ഥയാണ്. അവരെയോർത്തു കരയണമോ ചിരിക്കണമോ എന്ന് സംശയിക്കുകയാണ് ആളുകൾ. മുന്നിലിരിക്കുന്ന മൈക്ക് തനിയെ പ്രസംഗിക്കുന്നില്ല എന്നു കുറ്റപ്പെടുത്തുന്നത് പോലെയാണത്. പ്രതികരണശേഷിയുള്ളവരുടെ ശബ്ദം സമൂഹത്തിൽ മുഴക്കി കേൾപ്പിക്കുകയാണ് മാദ്ധ്യമ ധർമ്മം. ചിന്തിക്കുന്നവരുടെയും പ്രതികരിക്കുന്നവരുടെയും ലൗഡ്സ്പീക്കറാണ് മാദ്ധ്യമങ്ങൾ. അവർക്ക് ഗവൺമെന്റിനെയും പരസ്യം തരുന്ന കമ്പനികളെയും പേടിക്കണം. എന്നാൽ ബുദ്ധി ജീവികൾക്ക് ആരെയാണ് പേടിക്കേണ്ടത്.

ബുദ്ധിജീവികൾക്കു നാവുള്ള ഒരു സമൂഹത്തിൽ മകൻ നഷ്ടമായ ഒരമ്മയോട് ഒരു ഭരണാധികാരി ഇത്രയും അഹങ്കാരത്തോടെ സംസാരിക്കാൻ ധൈര്യപ്പെടില്ല. ഇത്ര നിർദ്ദയമായി പരിഹാസച്ചിരിയോടെ ആവർത്തിച്ചാവർത്തിച്ച് ആ അമ്മയുടെ ദുഃഖത്തെയിട്ടു തട്ടിക്കളിക്കുമായിരുന്നില്ല ആ അമ്മയുടെ ദുഃഖത്തെ സമൂഹം ഏറ്റെടുത്തതാണെന്നു കൂടിയോർക്കണം.

മറ്റു രാഷ്ട്രീ പാർട്ടികൾ ഇതിനെക്കുറിച്ചു പറയുമ്പോൾ അതു പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ താൽപ്പര്യം കൊണ്ടാണെന്ന് പറഞ്ഞൊഴിയുകയാണ് മുഖ്യമന്ത്രി. ഇവിടെയായിരുന്നു, ബുദ്ധിജീവികൾക്കു മിണ്ടാൻ കഴിയുമായിരുന്നെങ്കിൽ ഒരു പാർട്ടിയുടെയും വാലല്ലാത്ത ആരെങ്കിലുമുണ്ടെങ്കിൽ സംസാരിക്കേണ്ടിയിരുന്നത്. എങ്കിൽ അതു സമൂഹം ഏറ്റെടുക്കുമായിരുന്നു. മുഖ്യ മന്ത്രിക്ക് പറഞ്ഞൊഴിയാൻ പ്രയാസം നേരിട്ടുമായിരുന്നു. ജിഷ്ണുവിന്റെ അമ്മ, അവൻ മാക്സിസ്റ്റു പാർട്ടിയുടെ ബന്ധുവായിരുന്നിട്ടു കൂടി ഇങ്ങനെ ഒറ്റപ്പെടുകയായിരുന്നില്ല. ഒരു ബുദ്ധിജീവിയും നാവനക്കിയില്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയിലെ ബുദ്ധി ജീവി മൗനമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

ഏവർക്കും അറിവുള്ള കാര്യമാണെങ്കിലും വ്യക്തമായി പറയട്ടെ പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥി ആയിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം നടന്നിട്ട് ഒന്നര മാസം പിന്നിട്ടു മരണം കഴിഞ്ഞ് അധികം വൈകാതെ തന്നെ വി എസ് അച്യുതാനന്ദൻ ജിഷ്ണുവിന്റെ വിടു സന്ദർശിച്ച് ജിഷ്ണുവിന്റെ അമ്മയെയും മറ്റു കുടുംബങ്ങളെയും ആശ്വസിപ്പിച്ചു. മറ്റൊന്നും ചെയ്യാനുള്ള അധികാരമില്ലാത്തതു കൊണ്ടാണ് വി എസ് അങ്ങനെ ചെയ്തത്. കുറേ കഴിഞ്ഞാണെങ്കിലും എം. എ. ബേബിയും ആ വീട്ടിൽ ചെന്നു. മറ്റൊന്നും ചെയ്യാൻ ബേബിക്കും അധികാരം കൈയിലില്ലല്ലോ.

എന്നാൽ പൊലീസ് കൂടിയായ മുഖ്യ മന്ത്രിയുടെ കാര്യം അങ്ങനെയല്ലല്ലോ. അദ്ദേഹം വീട്ടിൽ പോകണമെന്നു പോലുമില്ല. പക്ഷേ കേസു നടത്തിക്കേണ്ട ഉത്തരവാദിത്വമുണ്ട്. ഒന്നരമാസിമായിട്ടും പ്രതികളുമായിട്ടുള്ളവരെ അറസ്റ്റു ചെയ്യുക പോലും ചെയ്തില്ല. ഫലത്തിൽ അവരെ സംരക്ഷിക്കുകയാണ്. വിഎസും ബേബിയും ജിഷ്ണുവിന്റെ വീട്ടിൽ പോയതിന്റെ ചൊരുക്കു കൂടി വച്ചുകൊണ്ടാണ് മുഖ്യമന്ത്രി നേരം കിട്ടിയാൽ പോകും, നേരം കിട്ടുമ്പോൾ പോകും എന്നൊക്കെപ്പറഞ്ഞ് തലക്കനം കാട്ടുന്നത്. അങ്ങാടിയിൽ തോൽക്കുന്നതിന് അമ്മയോട് എന്നാണല്ലോ. പിണറായി വിജയന് വേറെയും ഉണ്ടായിട്ടുണ്ട് തോൽവികൾ. വിവരാവകാശ നിയമക്കാര്യത്തിലും ആതിരപ്പള്ളി പദ്ധതിക്കാര്യത്തിലും സിപിഐ വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തെ എതിർത്തു കൊണ്ടിരിക്കുന്നു. ഈ തോൽവികളെല്ലാം കൂടിയാണ് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ അഹങ്കാരത്തെയും ദുരഭാമാനത്തെയും പെരുപ്പിച്ച് മേൽപ്പറഞ്ഞതരത്തിൽ ജിഷ്ണുവിന്റെ വീട്ടിൽ സമയം കിട്ടുമ്പോൾ പോകും. ഇപ്പോൾ ഏതായാലും നേരമില്ല എന്നൊക്കെ അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചത്.

ഈ പശ്ചാത്തലത്തിലാണ് ഏറ്റവും സൗമ്യമായ ഒരു വാക്യത്തിലുള്ള മറുപടി ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനു കൊടുത്തത്. പിണറായി വിജയനു നല്ലതു പോലെ മനസ്സിലാകുന്ന ഒരുപാടു ധ്വനികളുണ്ട് ആ വാക്യത്തിൽ. പ്രതികളെ അറസ്റ്റു ചെയ്ത ശേഷമാണെങ്കിൽ കൂടി വീട്ടിലേക്കു വരണമെന്നു അവർ പറുന്നില്ല. വരേണ്ടതില്ല എന്നു പറുന്നില്ല എന്നു മാത്രം.

അല്ലെങ്കിൽ തന്നെ ഒന്നര മാസം കഴിഞ്ഞ് ഇനിയെന്തിനാണ് ആ വീട്ടിൽ പോകുന്നത്. തന്റെ മുഖശ്രീ കാണിക്കാനോ? അല്ലെങ്കിൽ മുഖ്യമന്ത്രിപദവിയുടെ പ്രൗഢി അവരെ കാണിക്കാനോ? അതുമല്ലെങ്കിൽ ഒരു പക്ഷേ ആ വീട്ടിൽ വച്ച് നല്ലൊരു തുക നഷ്ടപരിഹാരം പ്രഖ്യാപിക്കാനോ?

്നഷ്ടപരിഹാരം എത്രയാണെങ്കിലും അതു മുഖ്യമന്ത്രിയുടെ കീശയിൽ നിന്ന് അല്ലാത്തിടത്തോളം അതു വീട്ടിൽ ചെന്നു പ്രഖ്യാപിച്ച് രാഷ്ട്രീയ മൈലേജു കൂട്ടേണ്ടതില്ല. ഒരു പ്രഖ്യാപനം പോലും വേണ്ട. മന്ത്രി സഭ കൂടി തീരുമിനിച്ചിട്ട് ഒരു ഗവൺമെന്റ് പത്രക്കുറിപ്പ് ഇറക്കിയാൽ മതി. ഇത്ര വലിയ ദുരന്തങ്ങളുണ്ടാകുമ്പോൾ, മുട്ടയിട്ടു കോഴിപ്പിട കൊക്കും പോലെ പൊതു ധനം കൊണ്ടുള്ള നഷ്ടപരിഹാരം ഉറക്കെ പ്രഖ്യാപിക്കേണ്ടതില്ലല്ലോ.

ഏറ്റവും വലയ നഷ്ടം നേരിടുന്ന ദുഃഖിതയായ ആ സ്ത്രീ. ജിഷ്ണുവിന്റെ അമ്മ ആ മറുപടി പറഞ്ഞില്ലായിരുന്നെങ്കിൽ കേരളത്തിലെ ജനങ്ങളുടെ പിണറിയായിയുടെ പ്രജകളുടെ മനുഷ്യാസ്തിത്വം അർത്ഥ രഹിതമാക്കുമായിരുന്നുയ അവരുടെ ആത്മാഭിമാനം പാതാളത്തോളം താഴ്ന്നു പോകുമായിരുന്നു. മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ മാത്രമല്ല, എല്ലാ അമ്മമാരുടെയും മാത്രമല്ല, ആണും പെണ്ണുമായുള്ള എല്ലാ കേരളീയരുടെയും ആത്മാഭിമാനത്തെയും അന്തസിനെയും രക്ഷപ്പെടുത്തിയ ഒരു വാക്യമാണ് അത്. മുഖമടച്ചുള്ള ഒരാട്ടിനു തുല്ല്യമാണ് സുജന മര്യാദയും സഭ്യതുയം പാലിച്ചുകൊണ്ടുള്ള ആ മറുപടി. എന്നു മാമ്രല്ല അതു മനസ്സിലേക്കേണ്ടയാൾക്കു മനസ്സിലായിട്ടുണ്ടെന്നും നമുക്കറിയാം. അദ്ദേഹമത് അറിഞ്ഞില്ലെന്നു നടിക്കുന്നതാണ്. ഏറെകാലത്തിനിടയിൽ ആഹ്ലാദിപ്പിക്കുന്ന അഭിമാനപ്പെടുത്തുന്ന ഒരു രാഷ്ട്രീയ സംഗതി കൂടിയാണിത്. അതേ, ചരിത്ര പ്രധാന്യമുള്ള ഒരു വാക്യമാണ് ജിഷ്ണുവിന്റെ അമ്മ പറഞ്ഞത്. അതിന്റെ പ്രാധാന്യം കാലം തെളിയിക്കുകയും ചെയ്യും.