കൊച്ചി: പാമ്പാടി നെഹ്രു കോേേളജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേസിൽ സംസ്ഥാന സർക്കാറിന് വീണ്ടും തിരിച്ചടി. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി വീണ്ടും നീട്ടിയതാണ് സർക്കാറിന് തിരിച്ചടിയായത്. രണ്ടുദിവസത്തേക്കാണ് കോടതി ജാമ്യം നീട്ടിയത്. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. വ്യാജവിവരങ്ങൾ നൽകിയാണ് കൃഷ്ണദാസ് ഇടക്കാല ജാമ്യം നേടിയതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കാത്തത് സർക്കാരിന് ഇന്ന് തിരിച്ചടിയായിട്ടുണ്ട്.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കൃഷ്ണദാസിന് മേൽ അന്വേഷണസംഘം ചുമത്തിയ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമോ എന്നും കോടതി ചോദിച്ചു. നെഹ്റു കോളെജ് പ്രിൻസിപ്പലിന്റെ രഹസ്യമൊഴിയും കേസ് ഡയറിയും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. കൂടാതെ ജിഷ്ണു സർവകലാശാലയ്ക്ക് അയച്ച കത്തിന്റെ പകർപ്പ് ഹാജരാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ജില്ലാ കളക്ടർ വിളിച്ചിരിക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ജാമ്യം നൽകണമെന്നാണ് കൃഷ്ണദാസ് നേരത്തെ കോടതിയെ അറിയിച്ചത്. ഇതുപ്രകാരം ഇടക്കാല ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ് തന്നെ കളക്ടർ വിളിച്ച യോഗം നടന്നിരുന്നു. സർക്കാർ അഭിഭാഷകനും ഇക്കാര്യം കോടതിയെ അറിയിച്ചില്ല. മാത്രമല്ല യോഗത്തിൽ പങ്കെടുക്കുന്നതിന് പ്രിൻസിപ്പലിനെ മാത്രമാണ് ജില്ലാകളക്ടർ വിളിച്ചിരുന്നത്. ഇത്തരത്തിൽ വ്യാജവിവരങ്ങൾ നൽകി കബളിപ്പിച്ചാണ് കൃഷ്ണദാസ് ജാമ്യം നേടിയതെന്നാണ് സർക്കാർ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിച്ചത്.

നേരത്തെ മുൻകൂർ ജാമ്യത്തിനായി കോടതിയിൽ കൃഷ്ണദാസ് തെറ്റായ കാര്യങ്ങൾ ചൂണ്ടികാണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ മൗനം പാലിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കൃഷ്ണദാസിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കളും ആരോപിച്ചിരുന്നു.