വടകര: ''നീതികിട്ടുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നെ അമ്മ വിളിച്ചിരുന്നു. അമ്മ സമരം അവസാനിപ്പിക്കാൻ പറഞ്ഞു. അതുകൊണ്ട് ഞാൻ സമരം നിർത്തുന്നു'' -സമരം നിർത്തിയശേഷം അവിഷ്ണ വ്യക്തമാക്കി. ഈ സമരവീര്യത്തിന് മുമ്പിലാണ് സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും തോൽവി സമ്മതിക്കുന്നത്. അമ്മ സമരം നിർത്തിയതോടെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നീതിയാവശ്യപ്പെട്ട് സഹോദരി അവിഷ്ണ നാലുദിവസമായി നടത്തിവന്ന നിരാഹാരസമരം ഞായറാഴ്ച രാത്രി ഒന്പതരയോടെ അവസാനിപ്പിച്ചു. തിരുവനന്തപുരത്തു നടന്ന ചർച്ച വിജയിച്ചതിനു പിന്നാലെയാണ് അവിഷ്ണയും സമരം നിർത്തിയത്. അവിഷ്ണയുടെ നിരാഹാരം വളയത്തുകാരെ പ്രതിസന്ധിയിലാക്കിയിരുന്നു. കുട്ടിയുടെ ആരോഗ്യ നില അനുദിനം വഷളായതായിരുന്നു ഇതിന് കാരണം.

ചർച്ചയ്ക്ക് മധ്യസ്ഥംവഹിച്ച സ്റ്റേറ്റ് അറ്റോർണി സോഹനാണ് അവിഷ്ണയെ ആദ്യംവിളിച്ച് സമരം ഒത്തുതീർന്നതായി അറിയിച്ചത്. പിന്നാലെ അമ്മാവൻ ശ്രീജിത്തും അമ്മ മഹിജയും സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. വല്യച്ഛൻ കോരമ്പത്ത് നാണു അവിഷ്ണയ്ക്ക് നാരങ്ങാനീര് നൽകി. മെഡിക്കൽ സംഘം അവിഷ്ണയെ പരിശോധിച്ചശേഷം ആസ്?പത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. തുടർന്ന് വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. അമ്മ മഹിജയെയും കുടുംബാംഗങ്ങളെയും തിരുവനന്തപുരത്ത് പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കിയതിന്റെ പിറ്റേന്നാണ് അവിഷ്ണ നിരാഹാരസമരം തുടങ്ങിയത്. സമരം ഒത്തുതീരുന്ന വിവരമറിഞ്ഞ് ഒട്ടേറെപ്പേർ വളയത്തെ വീട്ടിൽ തടിച്ചുകൂടി. കുട്ടിയുടെ ആരോഗ്യനില അനുദിനം വഷളാകുന്നുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് അടിയന്തര ഒത്തുതീർപ്പിന് സിപിഎമ്മും മുഖ്യമന്ത്രിയും തയ്യാറായത്.

മഹിജയുമായി ഞായറാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. സ്റ്റേറ്റ് അറ്റോർണി കെ വി സോഹൻ, സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി പി ഉദയഭാനു എന്നിവരും മഹിജയും ബന്ധുക്കളുമായി വൈകിട്ട് ചർച്ച നടത്തിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി മഹിജയെ വിളിച്ചത്. കേസിലെ മുഴുവൻ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. അഞ്ചിന് പൊലീസ് ആസ്ഥാനത്തുണ്ടായ സംഭവത്തിൽ മഹിജ നൽകിയ പരാതി പരിശോധിക്കുമെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. മഹിജ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും അവിഷ്ണ വളയത്തെ വീട്ടിലുമാണ് നിരാഹാരം കിടന്നത്.

പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അഞ്ചിന് പൊലീസ് ആസ്ഥാനത്തേക്ക് എത്തിയ കുടുംബത്തിനിടയിലേക്ക് ഒരു സംഘം നുഴഞ്ഞുകയറിയത് സംഘർഷത്തിനിടയാക്കിയിരുന്നുവെന്നായിരുന്നു പൊലീസ് ഭാഷ്യം. തുടർന്ന് നുഴഞ്ഞുകയറിയവരെ പൊലീസ് അറസ്റ്റുചെയ്യുകയും മഹിജ ഉൾപ്പെടെയുള്ള ബന്ധുക്കളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെന്നായിരുന്നു പൊലീസ് വാദം. ആശുപത്രിയിലാണ് മഹിജ നിരാഹാരം തുടങ്ങിയത്. തുടർന്ന് മറ്റു ബന്ധുക്കളും അവിഷ്ണയും അനുഭാവ നിരാഹാരം തുടങ്ങുകയായിരുന്നു.പ്രതിപക്ഷം പിന്തുണയുമായി എത്തുകയും ചെയ്തു. ഇതോടെ സമരത്തിന് പുതിയ മുഖം വന്നു. സർക്കാർ തീർത്തും പ്രതിരോധത്തിലാവുകയും ചെയ്തു. സമരത്തിൽ കുടുംബത്തെ സഹായിക്കാനെത്തിയവരേയും പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തയായി.

സർക്കാർ അഭ്യർത്ഥന മാനിച്ചാണ് സമരം അവസാനിപ്പിച്ചതെന്ന് ജിഷ്ണുവിന്റെ കുടുംബം പറഞ്ഞു. കേരളത്തിനും മാധ്യമങ്ങൾക്കും സർക്കാരിനും നന്ദി. ഷാജിർഖാനെയും ഭാര്യയേയും മോചിപ്പിക്കുമെന്ന് ഉറപ്പുകിട്ടി. എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. പൊലീസുമാർ മർദിച്ചെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നു. അക്കാര്യം സർക്കാർ പ്രതിനിധികൾക്കും ആരോഗ്യവകുപ്പിനും മനസ്സിലായെന്നും ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത് പറഞ്ഞു. ഡിജിപിയുടെ ഓഫിസിനു മുന്നിൽ സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും പൊലീസ് മർദിക്കുകയും നിലത്തുവലിച്ചിഴയ്ക്കുകയും ചെയ്തതോടെയാണ് സമരം ശക്തമായത്. സംസ്ഥാന വ്യാപകമായി പൊലീസ് നടപടിക്കെതിരെ പ്രതിഷേധമുയരുകയും ചെയ്തു. അതേസമയം, കേസിലെ മൂന്നാം പ്രതിയായ കോളജ് വൈസ് പ്രിൻസിപ്പൽ ശക്തിവേലിനെ അറസ്റ്റു ചെയ്തു. തമിഴ്‌നാട് സ്വദേശിയായ ഇയാളെ കോയമ്പത്തൂരിലെ അന്നൂരിൽനിന്നാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യലിനായി തൃശൂരിലെത്തിച്ചു.

നേരത്തെ ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം ഒത്തുതീർക്കാൻ അനുനയനീക്കവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അദ്ദേഹം ടെലിഫോണിൽ ചർച്ച നടത്തുകയും ചെയ്തു. മഹിജയുടെ പരാതികൾക്ക് എല്ലാം പരിഹാരം കാണും. ഐജിയുടെ റിപ്പോർട്ടിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. പൊലീസ് നടപടി അനാവശ്യമാണെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ മഹിജയെ സന്ദർശിച്ചശേഷം കാനം പറഞ്ഞു. പൊലീസിന്റെ എല്ലാ റിപ്പോർട്ടുകളും സ്വയം ന്യായീകരിക്കുന്ന തരത്തിലാവും. ജുഡീഷ്യൽ അന്വേഷത്തിൽ മാത്രമാണ് വ്യത്യസ്തമായ റിപ്പോർട്ട് വന്നിട്ടുള്ളത്. അത് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഭരണകർത്താക്കളാണ്. സാമാന്യബുദ്ധി പ്രയോഗിച്ചിരുന്നുവെങ്കിൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും കാനം പറഞ്ഞു.

ഇതിന് പിന്നാലെ സി.പി.എം ജനറൽ സെക്രട്ടറിയും മഹിജയെ വിളിച്ചു. ഇതോടെ തന്നെ കമ്യൂണിസ്റ്റുകളായ ജിഷ്ണുവിന്റെ കുടുംബം നിലപാട് മയപ്പെടുത്തി. ഇതിന്റെ തുടർച്ചയായി പിണറായിയും ഫോണിൽ വിളിക്കുകയായിരുന്നു.