കോഴിക്കോട്: ഹോം ഗ്രൗണ്ടിൽ ഹാട്രിക് ട്രിപ്പ്ൾ ഗോൾഡ്് ഗേളായി ചരിത്രമെഴുതി ജിസ്‌ന. പങ്കെടുത്ത മൂന്ന് വ്യക്തിഗത ഇനങ്ങളിലും സ്വർണം; അതും ദേശീയ ദേശീയ റെക്കോർഡ് നേട്ടത്തോടെ. വ്യക്തിഗത നേട്ടങ്ങൾക്കൊപ്പം റിലേയിലും സുവർണക്കുതിപ്പ്. ദേശീയ റെക്കോർഡുകൾ പലകുറി തിരുത്തി ട്രാക്കിൽ നിന്നു സ്വർണം വാരുന്നതു ശീലമാക്കിയ കോഴിക്കോട് പൂവമ്പായി എ എം എച്ച് എസിലെ ജിസ്‌ന മാത്യുവിനിപ്പോൾ മത്സരം തന്നോടു തന്നെയാണ്.

അതേ, സംസ്ഥാന സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ തുടർച്ചയായി മൂന്നു തവണയും ഹാട്രിക് ട്രിപ്പ്ൾ സ്വർണം നേടിയ അപൂർവ ബഹുമതിയും ഈ കൗമരരക്കാരിക്കു സ്വന്തം. ഒരുപക്ഷേ, ദേശീയ ചരിത്രത്തിലും ഇതാദ്യം. വ്യക്തിഗതയിനത്തിലെ മൂന്നു സ്വർണമടക്കം നാലു സ്വർണവും റിലേയിൽ ഒരു വെള്ളിയും ഓടിയെടുത്ത ജിസ്‌ന മത്സരിച്ച ഇനങ്ങളിലെല്ലാം രണ്ടാംസ്ഥാനക്കാർ ബഹുദൂരം പിറകിലായിരുന്നു. സീനിയർ പെൺകുട്ടികളുടെ 100, 200, 400 മീറ്റർ ഓട്ടത്തിൽ റെക്കോർഡോടെ സ്വർണം നേടിയാണ് ജിസ്‌ന കോഴിക്കോട്ട് ചരിത്രമെഴുതിയത്. കഴിഞ്ഞ രണ്ട് ദേശീയ സ്‌കൂൾ കായികമേളയിലും 100, 200, 400 മീറ്റർ ഓട്ടത്തിൽ സ്വർണം ജിസ്‌നയ്ക്കായിരുന്നു.

വളരെ കുറഞ്ഞ കാലത്തിനുള്ളിൽ നിരവധി റെക്കോർഡുകളാണ് ഒളിംപ്യൻ പി ടി ഉഷയുടെ ശിഷ്യയായ ജിസ്‌ന തകർത്തത്. ഈയിടെ റാഞ്ചിയിൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ 400 മീറ്ററിൽ പശ്ചിമബംഗാളിലെ പിങ്കി പ്രമാണിക്കിന്റെ 12 വർഷം മുമ്പുള്ള റെക്കോഡ് ജിസ്‌ന ഭേദിക്കുകയുണ്ടായി. 400 മീറ്റർ 53.85 സെക്കന്റിൽ ഫിനിഷ് ചെയ്താണ് ജിസ്‌ന റെക്കോഡ് പുസ്തകത്തിൽ പേര് എഴുതിച്ചേർത്തത്. 59-ാം സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആദ്യദിനം തന്നെ 400 മീറ്ററിൽ റെക്കോർഡോടെയാണ് ജിസ്‌ന തന്റെ വരവറിയിച്ചത്. രണ്ടാം ദിവസവും അവൾ വെറുതെയിരുന്നില്ല, 100 മീറ്ററിൽ റെക്കോർഡോടെ സ്വർണം നേടി മേളയിലെ വേഗമേറിയ പെൺകുട്ടിയായി. 2007-ൽ ശിൽപ്പ 12.10 സെക്കൻഡിൽ സ്ഥാപിച്ച റെക്കോർഡാണ് 12.08 സെക്കൻഡിൽ ജിസ്‌ന തകർത്തത്.

400 മീറ്ററിൽ 2008-ൽ സി എസ് സിന്ധ്യ മോൾ 56.21 സെക്കന്റിൽ സ്ഥാപിച്ച റെക്കോഡാണ് 53.87 സൈക്കൻഡ് സമയത്തിൽ ദേശീയ മീറ്റ് റെക്കോഡും മറികടന്നുള്ള പ്രകടനം ജിസ്‌ന കാഴ്ചവച്ചത്. സമോവയിൽ നടന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ 400 മീറ്റർ 53.14 സെക്കൻഡിൽ ഓടിയെത്തിയ ദേശീയ റെക്കോർഡും ജിസ്‌നക്കൊപ്പമാണ്. ഇന്നലെ നടന്ന 200 മീറ്ററിൽ 24.76 സെക്കൻഡിലാണ് ജിസ്‌ന ദേശീയ റെക്കോർഡ് പഴങ്കഥയാക്കിയത്. 4-100 മീറ്റർ റിലേയിൽ വെള്ളിയും 4-400 മീറ്റർ റിലേയിൽ സ്വർണവും ജിസ്‌ന ബാറ്റണേന്തിയ കോഴിക്കോട് ടീമിനാണ്.

100, 400 മീറ്റർ മത്സരങ്ങളിലേതുപോലെ 200 മീറ്ററുകളിലും കാര്യമായ വെല്ലുവിളിയില്ലാതെയാണ് ജിസ്‌ന വേഗരാജ്ഞിയായത്. മൂന്നിനങ്ങളിലും ജിസ്‌നയ്ക്ക് തൊട്ടുപിറകിൽ ഒരേ സ്‌കൂളിലെയും ഒരേ സ്പോർട്സ് അക്കാദമിയിലെയും കൂട്ടുകാരിയായ ഷഹർബാന സിദ്ദിഖ് ആയിരുവെന്നതും കൗതുകമായി. ഇതേ ഷഹർബാനയുടെ കൂടെ ഓടിയാണ് റിലേ മത്സരങ്ങളിൽ ജിസ്‌ന ഒരു സ്വർണ്ണവും ഒരു വെള്ളിയും നേടിയതെന്നതും മറ്റൊരു അപൂർവ്വത.

കണ്ണൂർ വയാട്ടുപുറമ്പിലെ കർഷകനായ മാത്യുവിന്റെയും ജെസിയുടെയും മകളായ ജിസ്‌ന 2011-ലാണ് ഉഷാ സ്‌കൂളിലെത്തിയത്. ഈവർഷം ദോഹയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്‌സിലും ചൈനയിൽ നടന്ന ഏഷ്യൻ യൂത്ത് മീറ്റിലും 400 മീറ്ററിൽ വെള്ളിമെഡൽ നേടിയ ജിസ്‌ന ബീജിങിൽ നടന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 4400 റിലേയിൽ മാറ്റുരച്ചിരുന്നു.

ഈ വർഷത്തെ ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിലെ നേട്ടത്തിന് പുറമെ ഗോവയിൽ നടന്ന നാഷണൽ യൂത്ത് മീറ്റിലും 200, 400 മീറ്ററിൽ ജിസ്‌ന സ്വർണം കരസ്ഥമാക്കി. 4400 റിലേയിലും ജിസ്‌ന ഉൾപ്പെട്ട ടീമിനായിരുന്നു സ്വർണം. ചെന്നൈയിൽ നടന്ന ഇന്റർ സ്റ്റേറ്റ് സീനിയർ മീറ്റിൽ 400 മീറ്ററിൽ വെള്ളിയും, 4-400 റിലേയിൽ സ്വർണവും കരസ്ഥമാക്കി.

ഇത്തവണ മത്സരങ്ങളിൽ വലിയ കോമ്പറ്റീഷൻ പ്രതീക്ഷിച്ചില്ലെന്നും സ്വന്തം നില മെച്ചപ്പെടുത്താനാണ് ട്രാക്കിലെത്തിയതെന്നും ഏറെ ആത്മവിശ്വാസത്തോടെ രാജ്യത്തിന്റെ അത്‌ലറ്റിക്‌സ് ട്രാക്കിലെ മികച്ച പ്രതീക്ഷയായ ജിസ്‌ന മറുനാടൻ മലയാളിയോട് പറഞ്ഞു നിർത്തിയപ്പോൾ, പരിശീലക ഉഷയ്ക്കു പറയാനുണ്ടായിരുന്നത് ഇത്രമാത്രം! സൂപ്പർ...വണ്ടർഫുൾ.