ഷിംല: ബോളിവുഡ് നടൻ ജിതേന്ദ്രക്കെതിരെ പീഡനാരോപണവുമായി ബന്ധു രംഗത്ത്. 47 വർഷങ്ങൾക്ക് മുൻപ് ജിതേന്ദ്ര തന്നെ പീഡിച്ചുവെന്ന പരാതിയുമായി വന്നത് ജിതേന്ദ്രയുടെ അമ്മാവന്റെ മകളാണ്. മീ ടൂ ക്യാമ്പയിന്റെ ഭാഗമായാണ് അവരുടെ വെളിപ്പെടുത്തൽ. ഇവർ ബുധനാഴ്ച ജിതേന്ദ്രയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. രവി കപൂറിനെതിരെ (ജിതേന്ദ്ര) ഹിമാചൽ പ്രദേശ് പൊലീസ് മേധാവിക്ക് അമ്മയുടെ ബന്ധുവാണ് പരാതിനൽകിയിരിക്കുന്നത്.

1971 ജനുവരിയിലാണ് പീഡനം നടന്നതെന്ന് സ്ത്രീ ആരോപിക്കുന്നത്. സംഭവ സമയത്ത് ഇവർക്ക് 18 വയസും ജിതേന്ദ്രക്ക് 28 വയസുമായിരുന്നു പ്രായം. ഡൽഹിയിൽനിന്നും ഷിംലയിലേക്ക് ജിതേന്ദ്ര തന്നെ കൊണ്ടുവരികയും ഇവിടെ ഒരു ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. രാത്രിയിൽ മുറിയിലെത്തിയ നടൻ തന്നെ പീഡിപ്പിച്ചതായും സ്ത്രീ പരാതിയിൽ പറയുന്നു.

'എനിക്ക് അന്ന് 18 വയസ്സായിരുന്നു. അയാൾക്ക് 28 വയസ്സും. ഹോട്ടൽ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് അയാൾ എന്നെ ബലാത്സംഗം ചെയ്തത്. പണവും സ്വാധീനവും ഒരുപാടുള്ള അയാൾക്കെതിരെ അന്ന് ഞാൻ ഒന്നും ചെയ്തില്ല.

പ്രധാനകാരണം മറ്റൊന്നായിരുന്നു. ജിതേന്ദ്ര എന്നെ ഉപദ്രവിച്ച വിവരം എന്റെ മാതാപിതാക്കൾ അറിഞ്ഞിരുന്നുവെങ്കിൽ അവർ ഹൃദയം തകർന്ന് മരിച്ചേനെ. അതുകൊണ്ടാണ് ഞാൻ ഇത്രയും കാലം കാത്തിരുന്നത്. കാരണം ആ സംഭവം എന്റെ മനസ്സിൽ ഏൽപിച്ച ആഘാതം ഇതുവരെ വിട്ടുപോയിട്ടില്ല'- അവർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.