ഹുമാനപെട്ട എം ബി രാജേഷ്, താങ്കൾ ഇന്ന് മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്കയച്ച ഒരു തുറന്ന കത്ത് വായിക്കാനിടയായി. ആ കത്തിന് മറുപടിയോ, കമന്റ്ഓ ഇടണമെന്ന് കരുതിയതല്ല. പക്ഷെ താങ്കളുടെ പോസ്റ്റിനു താഴെ വന്ന ഒരു കംമെന്റിൽ താങ്കൾ മറുപടി ഇട്ട രീതി കണ്ടപ്പോൾ താങ്കൾക്ക് മറുപടി അയക്കുന്നതിൽ തെറ്റില്ല എന്ന് തോന്നി. താങ്കളുടെ പോസ്റ്റിനു താഴെ ഒരു താങ്കളുടെ അഭ്യുദയകാംഷി കമന്റ് ആയി ഇട്ടിരിക്കുന്നത് കണ്ടു ' അർണാബ് ഗോസ്വാമിക്കുള്ള താങ്കളുടെ കത്ത് മലയാളത്തിലാക്കിയിരുന്നെകിൽ സംഘികൾക്ക് എളുപ്പമായിരുന്നേനെ എന്ന്'. മറുപടിയായി ആ അഭ്യുദയകാംഷിയെ താങ്കൾ അനുമോദിക്കുന്നുമുണ്ട്. അപ്പോൾ നാടൻ ഭാഷയിൽ തന്നെ താങ്കളും അതിനുള്ള മറുപടി അർഹിക്കുന്നു. സംഘികൾക്ക് ഇംഗ്ലീഷ് അറിയില്ല, ശരി സമ്മതിച്ചു. താങ്കൾക്ക് ബ്രിട്ടീഷ് ഇംഗ്ലീഷ് അറിയാവുന്നതു കൊണ്ടായിരിക്കും അല്ലെ താങ്കൾ സംഘികൾ ഉൾപ്പെടെയുള്ള പാനലിനു മുമ്പിൽ ഇരുന്നു വാ പൊളിക്കാനാകാതെ വിയർത്തത്?

 

എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കും ബ്രിട്ടീഷ് ഇംഗ്ലീഷ് ഇംഗ്ലീഷ് അല്ലെങ്കിൽ ശശി തരൂർ സംസാരിക്കുന്നതുപോലത്തെ ഫ്‌ളോവിൽ ഇംഗ്ലീഷ് പറയണമെന്ന് ആരും ആവശ്യപ്പെടില്ല. ഇംഗ്ലീഷ് സംസാരിക്കുന്നതു കൊണ്ട് ഒരാൾ വലിയ മഹാൻ ആകുന്നുമില്ല. സാക്ഷൽ വാജ്‌പേയി UN പൊതുസഭയിൽ വരെ ഹിന്ദിയിലാണ് സംസാരിച്ചിരുന്നത്. നരേന്ദ്ര മോദിയും ഇംഗ്ലീഷിൽ വല്യ പാണ്ഡിത്യം ഉള്ള ആളല്ല. ഇംഗ്ലീഷിൽ താങ്കളുടെ നിലവാരം ആദ്യം സ്വയം മനസിലാക്കണം. എന്നിട്ടു സംഘികളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ പോകണം. രാജേഷ് ചിന്തിച്ചിട്ടുണ്ടോ, ദേശീയ ചാനൽ ചർച്ചകളിൽ എന്തുകൊണ്ടാണ് ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചു സാധാരണ ഗതിയിൽ ആരും പങ്ക്‌കെടുക്കാത്തതു എന്ന്? അതിനു 3 സാധ്യതകളാണുള്ളത്.

1. ഇന്ത്യൻ രാഷ്ട്രീയത്തിൽ അപ്രസക്തമായ ഇടതുപക്ഷത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്ത് കാര്യം എന്ന തോന്നൽ.
2. താങ്കൾ ഇംഗ്ലീഷ് അറിയില്ല എന്ന് പറയുന്ന സംഘികളോടും പിന്നെ കോൺഗ്രെസ്സുകാരോടും ഏറ്റുമുട്ടാനുള്ള കഴിവില്ലായ്മ.
3. അർണാബ് ചോദിച്ചതുപോലെയുള്ള ചോദ്യങ്ങൾക്കു ഉത്തരമില്ലാത്ത അവസ്ഥ.
താങ്കൾ താങ്കളുടെ തുറന്ന കത്തിൽ എടുത്തു പറയുന്നു താങ്കൾക്ക് അർണാബ് ഗോസ്വാമി ആ ചർച്ചയിൽ സമയം നൽകിയില്ല എന്ന്. രാജേഷ് ഒരു കാര്യം ഓർക്കണം ഇന്ത്യ 5G യിലേക്ക് കുതിക്കുന്ന ഒരു രാജ്യമാണ്. ഒറ്റ ക്ലിക്കിൽ എല്ലാം ലഭിക്കും.

സഖാവ് കോടിയേരിയുടെ ഇന്ത്യൻ അർമയെകുറിച്ചുള്ള പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോൾ താങ്കൾ അര്ണാബിനോട് പറഞ്ഞ മറുപടി ' നിങ്ങൾ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നു' എന്നായിരുന്നു. കോടിയേരി പിന്നെ അവിടെ സംസാരിച്ചത് എന്താണ് എന്ന ചോദ്യത്തിനും താങ്കൾക്ക് ഉത്തരമുണ്ടായില്ല. വീണ്ടും അതെ ചോദ്യത്തെ ആവർത്തിച്ചപ്പോൾ താങ്കൾ AFSPA യെ കയറി പിടിച്ചു. AFSPA യും ഇതുമായി എന്ത് ബന്ധം എന്ന ചോദ്യം ഉയർന്നപ്പോൾ പതിവ് ശൈലിയിൽ വിഷയം മാറ്റി സവർക്കർ കയറി പിടിച്ചു. അതോടെ എല്ലാം ചീറ്റിപ്പോയി. താങ്കൾക്ക് എന്താണ് പറ്റിയതെന്നറിയാമോ രാജേഷ്, താങ്കൾ കയറി ചെന്നത് ഒരു സിങ്കത്തിന്റെ മടയിലേക്കാണെന്ന കാര്യം മറന്നു പോയി. അല്ലെങ്കിൽ അമിത ആത്മവിശ്വാസം, അതുമല്ലെങ്കിൽ കേരളത്തിലെ ഇടതു വാർത്ത അവതാരകരെ കാണുന്നതുപോലെ അര്ണാബിനെ കണ്ടു. മുനകൊള്ളുന്ന ചോദ്യങ്ങൾ താങ്കൾ ഇതിനു മുമ്പ് നേരിട്ടിട്ടില്ല.

അർണാഭ ഭയങ്കര ബഹളം ഉണ്ടാക്കുന്നു എന്ന് പറയുന്ന താങ്കൾ, താങ്കളോടൊപ്പം ഇന്ത്യൻ ആർമിക്കെതിരെ സംസാരിച്ച കാശ്മീരിൽ നിന്നുള്ള വ്യക്തി സംസാരിച്ച രീതി ശ്രദ്ധിച്ചു നോക്കൂ. അദ്ദേഹത്തിന് അദ്ദേഹത്തിനെ വാദങ്ങളെ കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞു, താങ്കൾക്ക് കഴിഞ്ഞില്ല. ചോദ്യങ്ങൾക്കു ഉഹത്തരമില്ലാതെ വരുമ്പോഴുള്ള സാധാരണ സഖാക്കളുടെ അസഹിഷ്ണുത താങ്കൾ ആ ചർച്ചയിൽ കാണിച്ചില്ല എന്നതിൽ താങ്കളെ അഭിന്ദിക്കുകയും ചെയ്യുന്നു.

പിന്നെ അർണാബ് ഗോസ്വാമിയുടെ എത്തിക്‌സിനെ കുറിച്ച് താങ്കൾ താങ്കളുടെ കുറിമാനത്തിൽ വാചാലനാകുന്നത് കണ്ടു. താങ്കൾ കണ്ട ഏറ്റവും എത്തിക്‌സ് ഉള്ള മാധ്യമ പ്രവർത്തകൻ ബ്രിട്ടാസ് ആയിരിക്കും അല്ലെ? കുറച്ചു നാൾ ബ്രിട്ടാസ് ഏഷ്യാനെറ്റിൽ പോയത് മാധ്യമപ്രവർത്തനത്താകുറിച്ചു ഗവേഷണം നടത്താനൊന്നുമായിരുന്നില്ലല്ലോ. അതും പോട്ടെ കേരളത്തിലെ ഇടതു മാധ്യമപ്രവർത്തകരുടെ എത്തിക്‌സ് എന്താണ്? വലിയ കമ്മ്യൂണിസം പ്രസംഗിക്കുന്ന ലല്ലു പിള്ളയും, സനീഷും അംബാനിക്ക് വേണ്ടി പണിയെടുക്കുന്നു. ഹർഷൻ ഒരു സുടാപ്പി ചാനലിന് വേണ്ടി പണി എടുക്കുന്നു. നാളെ അദാനി ഒരു പുതിയ ചാനൽ തുടങ്ങിയിട്ട് ഒരു 100 രൂപ കൂടുതൽ തരാമെന്നു പറഞ്ഞാൽ ഈ പിള്ളയും സനീഷുമെല്ലാം അദാനിക്ക് ജയ് വിളിച്ചു അദാനിക്ക് വേണ്ടി പണിയെടുക്കും. അത്രേ ഉള്ളൂ നിങ്ങൾ ഒക്കെ കൊട്ടി ഘോഷിക്കുന്ന ഇടതു മാധ്യമ പ്രവർത്തകരുടെ എത്തിക്‌സ്.

വിജയ് മലയുടെ കമ്പനി പാലക്കാടു വെള്ളമൂറ്റിയപ്പോൾ നടപടി എടുക്കേണ്ടിയിരുന്നത് സംസ്ഥാന സർക്കാരാണ്. അത് ചെയ്യാതെ പാവപെട്ട ഗ്രാമവാസികളെയും കൊണ്ട് മല്ല്യയുടെ കമ്പനിപ്പടിക്കൽ സമരം ചെയ്തതുപോലുള്ള ഊഡായിപ്പു പരിപാടികളൊന്നും എല്ലായിടത്തും ചെലവാകില്ല രാജേഷ്. അട്ടപ്പാടിയിൽ ഈവർഷം തന്നെ 8 ആദിവാസി കുട്ടികളാണ് പോഷകാഹാരക്കുറവുമൂലവും മറ്റും മരിച്ചത്. അതും മോദിയുടെ കുറ്റമായിരിക്കും അല്ലെ. കല്ബുര്ഗിയെന്നും, പന്‌സാരെന്നും എല്ലാ ചർച്ചകളിൽ പറയുന്ന രാജേഷ് സ്വന്തം പാർലമെന്റ് മണ്ഡലത്തിന് തൊട്ടടുത്തു കിടക്കുന്ന കോയമ്പത്തൂരിൽ മതമൗലികവാദികളാൽ കൊല്ലപ്പെട്ട ഫാറൂഖ് എന്ന ചെറുപ്പക്കാരനെ കുറിച്ച് മിണ്ടുന്നില്ല. സി.പി.എം നെ നിശിതമായി വിമർശിച്ചിരുന്നു രോഹിത് വിമുലയെന്ന ചെറുപ്പക്കാരനെ മരണത്തെ മുതലെടുത്തു രോഹിതിന്റെ അമ്മയെ കേരളത്തിൽ വരെ എത്തിച്ച നിങ്ങൾ ജിഷ്ണു പ്രണോയ് എന്ന SFI ക്കാരന്റെ അമ്മയെ മറന്നുപോയി.

സ്വാശ്രയ മുതലാളിമാർക്ക് 115% ഫീസ് വർധിപ്പിച്ചു കൊടുത്തിട്ടും 100% സ്വാശ്രയ സീറ്റുകളിലും സർക്കാർ കോട്ടയിൽ സർക്കാർ ഫീസിൽ കുട്ടികളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ടു സമരം ചെയ്ത പഴയ വിദ്യാർത്ഥി നേതാവിന് കുലുക്കമൊന്നുമില്ല എന്ന് കാണുന്നതിൽ അത്ഭുതമൊന്നുമില്ല. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല രാജേഷ്. നിങ്ങളുടെ അര്ണാബിനുള്ള തുറന്ന കത്ത് എന്ന പോസ്റ്റിനു 10 ലക്ഷം ലൈക് കിട്ടിയാലും, അർണാബ് ആ ചർച്ചയിൽ ചോദിച്ച ചോദ്യങ്ങൾ ഇപ്പോഴും ചോദ്യമായി തന്നെ കിടക്കുന്നു എന്നോർക്കണം.അതിനു മറുപടി ഇല്ലാതെ ഇത്തരം പൈങ്കിളി കുറിമാനം എഴുതിയാൽ സഖാക്കൾക്ക് ആവേശം ഉണ്ടാകുമായിരിക്കും പക്ഷെ ആ ചോദ്യങ്ങൾ ചോദ്യങ്ങളായി തന്നെ അവശേഷിക്കും.

(ജിതിൻ ജേക്കബ് ഫേസ്‌ബുക്കിൽ എഴുതിയതാണ് ഈ കുറിപ്പ്)