- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നഗര പിതാവ് എന്ന സൂപ്പർ ഹിറ്റ് നാടകത്തിന് ശേഷം സല്യൂട്ട് തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന അടുത്ത നാടകം ഒരു ഗസ്റ്റഡ് യക്ഷി...; കാസർകോട്ടെ ബഹുമാന വിവാദം പൊലീസ് ഗ്രൂപ്പുകളിൽ നിറയ്ക്കുന്നത് 'ഹെൽമറ്റ് വച്ച് സയന്റിഫിക്ക് മാഡത്തെ'! പൊലീസുകാർ ബഹുമാനിക്കുന്നില്ലെന്ന കരാർ ജീവനക്കാരിയുടെ പരാതി പറച്ചിൽ ചർച്ചയാകുമ്പോൾ
കാഞ്ഞങ്ങാട്: പൊലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂർ മേയറുടെ പരാതി കേരളമാകെ ചർച്ച ചെയ്തതാണ്. മേയർക്കെതിരെയാണ് പൊതു വികാരം ഉയർന്നതും. ഈ വിവാദം സോഷ്യൽ മീഡിയയിൽ ട്രോളുകളും സല്യൂട്ടുകളുമായി. ഈ വിവാദം കെട്ടടങ്ങും മുമ്പേ പുതിയ ബഹുമാന വിവാദം എത്തുകയാണ്. കാസർകോടാണ് പ്രഭവ കേന്ദ്രം. ഇതും സോഷ്യൽ മീഡിയയിൽ ട്രോളുകളിലേക്ക് ചർച്ചകളെ എത്തിക്കുന്നു.
സല്യൂട്ട് എന്നത് ഹൃദയത്തിന്റെ ഭാഷണയാണ് മാഡം എന്ന പരിഹാസമാണ് പൊലീസിലെ ട്രോൾ ഗ്രൂപ്പുകളിൽ ഉയരുന്നത്. പൊലീസുകാരുടെ സല്യൂട്ടിനായി കാത്തിരുന്ന് തളർന്ന് വീഴുന്ന മാഡവും ട്രോളുകളിൽ എത്തുന്നു. പൊലീസ് സ്റ്റേഷനിൽ സല്യൂട്ടിനായി കാത്തു നിൽക്കുന്ന മേയറും മാഷും ഡോക്ടറും.. പിന്നിൽ ഹെൽമറ്റ് വച്ച് സയന്റിഫിക്ക് മാഡവും. നഗര പിതാവ് എന്ന സൂപ്പർ ഹിറ്റ് നാടകത്തിന് ശേഷം സല്യൂട്ട് തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന അടുത്ത നാടകം ഒരു ഗസ്റ്റഡ് യക്ഷി... ഇതാണ് മറ്റൊരു ട്രോൾ
കാസർകോട്ടെ പൊലീസുകാർ ബഹുമാനിക്കുന്നില്ലെന്ന ഉദ്യോഗസ്ഥയുടെ ഫോൺ സംഭാഷണമാണ് ചർച്ചയ്ക്ക് കാരണം. പൊലീസ് ഡ്രൈവറുമായുള്ള ഫോൺ സംഭാഷണമാണ് ചർച്ചകൾക്ക് അടിസ്ഥാനം. പൊലീസിന്റെ ഫോറൻസിക് വിഭാഗത്തിലെ താൽകാലിക ജീവനക്കാരിയാണ് ആക്ഷേപത്തിന് പിന്നിൽ. പൊലീസുകാരിൽ നിന്ന് ബഹുമാനം കിട്ടുന്നില്ലെന്നതാണ് പരാതി. ഇതോടെ സല്യൂട്ട് വിവാദത്തെ പോലെ ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. കരാർ നിയമനത്തിലൂടെ സയന്റിഫിക് ഓഫീസറായ ജിത്തിയ എന്ന ജീവനക്കാരിയ്ക്കെതിരെയാണ് വിമർശനം ഉയരുന്നത്.
ബഹുമാനം കാണിക്കാൻ തയ്യാറാകാത്ത പൊലീസുകാരെ വിമർശിക്കുന്നതാണ് ഫോൺ സംഭാഷണം. താൻ ഗസറ്റഡ് റാങ്കിലെ ഉദ്യോഗസ്ഥയാണെന്നും പറയുന്നു. പ്രീഡിഗ്രി പഠിച്ച് കൊച്ചിലേ പൊലീസായവർക്ക് തന്റെ യോഗ്യതകളെ കുറിച്ച് എന്തറിയാമെന്ന പരിഹാസമാണ്
ഉയർത്തുന്നത്. താൻ ഗസറ്റഡ് ആണെന്നും സിഐ അടക്കമുള്ളവർ ബഹുമാനിക്കണമെന്നുമാണ് ആവശ്യം. ഇത് എല്ലാവരേയും അറിയിക്കാനാണ് ഫോൺ സംഭാഷണത്തിലൂടെ ആവശ്യപ്പെടുന്നത്. പൊലീസുകാരുടെ പേരു പോലും പറഞ്ഞാണ് പരാതി പറയുന്നത്. എല്ലാം പൊലീസുകാരൻ കേൾക്കുന്നതേ ഉള്ളൂ.
താൻ ഓഫീസിൽ വരുമ്പോൾ എഴുന്നേറ്റ് നിൽക്കണമെന്നാണ് ആവശ്യം. സല്യൂട്ട് ചെയ്യണമെന്ന് പറയുന്നുമില്ല. എന്നാൽ സല്യൂട്ട് ചെയ്യണമെന്ന പരോക്ഷ ആവശ്യമാണ് ഇതിന് പിന്നിലുള്ളതെന്നാണ് ട്രോളുകളിലെ വികാരം. താനൊരു ഗസറ്റഡ് ഓഫീസറാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണമെന്നാണ് ആവശ്യം. ഗൗനിക്കാത്ത പൊലീസുകാരെയാണ് കളിക്കുന്നത്. സിപിഒമാരുടെ വിദ്യാഭ്യാസ യോഗ്യതയേയും കളിയാക്കുന്നു. പൊലീസുകാർ കോളേജിന്റെ വരാന്ത കണ്ടിട്ടില്ലാത്തവരാണെന്ന പരിഹാസവും ഉണ്ട്.
ഫോറൻസിക് വിഭാഗത്തിലെ താൽകാലിക ജീവനക്കാരിയാണ് ഈ ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്നതാണ് സൂചന. പൊലീസുകാർ വ്യാപക പ്രതിഷേധത്തിലാണ്. ദിവസ വേതനക്കാരിയേക്കാൾ വിദ്യാഭ്യാസ യോഗ്യത പല പൊലീസുകാർക്കും ഉണ്ടെന്നതാണ് വസ്തുത. ഇതാണ് പൊലീസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉയരുന്ന പൊതു ചിത്രം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് ഇവരെ നിയമിച്ചിരിക്കുന്നത്. അങ്ങനെ നിയമിക്കപ്പെട്ട ചിലർ ഇപ്പോൾ ദിവസ വേതനക്കാരിയാണ്. അവർക്കെതിരെയാണ് വാട്സാപ്പ് ഗ്രൂപ്പുകളിലെ പ്രതിഷേധം.
മറുനാടന് മലയാളി ബ്യൂറോ