തിരുവനന്തപുരം: പ്രണവ് മോഹൻലാൽ അരങ്ങേറ്റ ചിത്രം ആദി തിയേറ്ററുകളിൽ സൂപ്പർ ഹിറ്റാണ്. അതിനിടെ കഥ മോഷ്ടിച്ചെന്നാണ് എന്ന ആരോപണം എത്തി. തിരുവനന്തപുരം സ്വദേശിയായ ഒരു കഥാകൃത്താണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇത് നിഷേധിക്കുകയാണ് ജീത്തു ജോസഫ്.

''എന്റെ സ്വന്തം കഥയാണ് ആദി. ഞാൻ ആലോചിച്ചെടുത്ത കഥയാണ്. ഇപ്പോഴുള്ള ആരോപണമൊന്നും എനിക്കറിയില്ല. കോളേജിൽ പഠിക്കുന്ന കാലത്താണ് ആദി എന്ന കഥ മനസ്സിലേക്ക് വരുന്നത്. അന്ന് പാർക്കൗർ അല്ലായിരുന്നു പകരം ഒരു സ്റ്റാമിനയുള്ള ക്രോസ് കണ്ട്രി അത്‌ലറ്റിക് ആയിരുന്നു മനസ്സിലുണ്ടായിരുന്നത്. അത്തരത്തിലുള്ള ഒരു ചെറുപ്പക്കാരൻ വേറെ നഗരത്തിൽ എത്തുന്നതും പിന്നീട് ഒരു പ്രശ്‌നത്തിൽ പെടുന്നു. അവൻ വലിയ ഓട്ടക്കാരനായതുകൊണ്ട് തന്നെ അവനെ ആർക്കും പിടിക്കാൻ കഴിയുന്നില്ല, അങ്ങനെയൊരു കഥ വികസിപ്പിച്ചെടുത്തതാണ് ആദി. പക്ഷെ ആ സിനിമയ്ക്ക് അത്തരത്തിൽ ബോഡിയുള്ള ഒരു പയ്യൻ ആവശ്യമായിരുന്നു. അന്നൊന്നും ആ കഥ നടന്നില്ല, പിന്നീടാണ് പ്രണവിലേക്ക് എത്തുന്നത്.

എന്നാൽ ആദിയുടെ കഥയുമായി വന്നത് ആരാണെന്നോ അവരുടെ ഉദ്ദേശമെന്താണെന്നോ എനിക്കറിയില്ല. എന്റെ മുൻപത്തെ ചിത്രം ദൃശ്യം പ്രദർശനത്തിന് എത്തിയ സമയത്തും ഇതുപോലെ ഒരു സംഭവമുണ്ടായി. തിരുവനന്തപുരം സ്വദേശിയാണ് ആ കേസുമായി മുന്നോട്ട് വന്നത്. ഒരു ചെറുകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ചെയ്ത സിനിമയാണ് ദൃശ്യം എന്നാണ് അവരുടെ വാദം. എന്നാൽ അന്ന് ഞങ്ങൾ ചെറുകഥ അന്വേഷിച്ചപ്പോൾ ഒരു ബുക്ക്‌സ്റ്റോളിൽ പോലും ആ ചെറുകഥ കിട്ടാനില്ലായിരുന്നു.

ഒരു ചിത്രം ഹിറ്റായാലോ നല്ലൊരു സിനിമയുടെ പ്രദർശന സമയത്തോ കോപ്പിയടി വിവാദവുമായി വരുന്നവരുണ്ടെന്ന് പാപനാശം ചെയ്യുന്ന സമയത്ത് കമൽഹാസൻ സാർ പറഞ്ഞിരുന്നു. അത് ചെറിയ തരത്തിലായാലും എന്തെങ്കിലും സെറ്റിൽമെന്റിന് വേണ്ടി വരുന്നവരുണ്ട്. അത് നമ്മൾ വിട്ടുകൊടുക്കരുത്, നമ്മൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അതിനെതിരെ നിൽക്കണമെന്ന് സാർ പറഞ്ഞിരുന്നു. പിന്നീട് ചർച്ചയ്ക്ക് എത്തിയ അവരോട് ഒരു സെന്റിൽമെന്റും ചെയ്യില്ലെന്ന് ഞാൻ അറിയിച്ചു. കേസ് കോടതിയിൽ എത്തട്ടെ അങ്ങനെയാണെങ്കിൽ തരാം, ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് വിശ്വാസമുണ്ട്-ജിത്തു ജോസഫ് പറയുന്നു.