രാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹൻലാൽ നായകനാകുന്ന ആദി. സൂപ്പർതാരത്തിന്റെ മകൻ ആയതുകൊണ്ട് തന്നെ പ്രണവിന്റെ അരങ്ങേറ്റചിത്രത്തിന് ഏറെ പ്രത്യേകതകളാണ് ഉള്ളത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് നിരവധി വാർത്തകളാണ് ദിനം പ്രതി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും ഇതിനോടകം വൻ വരവേൽപ്പാണ് ലഭിച്ചത്. പാർക്കൗർ അഭ്യാസിയായിട്ടാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളും പ്രണവിനെക്കുറിച്ചും ജിത്തു ജോസഫ് മനോരമയ്ക്ക് നല്കിയ അഭിമുഖത്തിൽ മനസ് തുറന്നു.

എന്നെ സംബന്ധിച്ച് വലിയൊരു ഉത്തരവാദിത്തമായിരുന്നു ഈ ചിത്രം. ലാലേട്ടൻ അപ്പുവിനെ എന്നെ ഏൽപിക്കുകയായിരുന്നു. അതിന്റെ ചെറിയ ടെൻഷൻ നിക്കുണ്ടായിരുന്നുവെന്നും ജിത്തു പറയുന്നു.നിരവധി ആക്ഷൻ സ്വീക്വൻസുകൾ ഉള്ള ചിത്രത്തിൽ അപകടം പിടിച്ച നിരവധി രംഗങ്ങൾ ഡ്യൂപ്പിനെ വെക്കാതെയാണ് ചിത്രീകരിച്ചതെന്നും ഡ്യൂപ്പിനെ വെച്ച് ചെയ്യണമെന്ന് ലാൽ പറഞ്ഞെങ്കിലും അപ്പു അതിന് സമ്മതിച്ചില്ലെന്നും ജീത്തു പറയുന്നു.

ഫ്രാൻസിൽ നിന്നുള്ള സംഘത്തിനൊപ്പം ഒരു ഡ്യൂപ്പുമുണ്ടായിരുന്നു. പക്ഷേ ഒരൊറ്റ രംഗത്തിലൊഴികെ ബാക്കി എല്ലാ രംഗങ്ങളിലും അപ്പു ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്.വലിയ രണ്ടു ചാട്ടങ്ങൾ അപ്പു വളരെ തന്മയത്വത്തോടെ ചെയ്തു. ഡ്യൂപ്പിനെ ഉപയോഗിച്ചതു പോലും താരതമ്യേന എളുപ്പമുള്ള രംഗത്തിലായിരുന്നു. അപകടം പിടിച്ച രംഗങ്ങൾ അപ്പു അനായാസം കൈകാര്യം ചെയ്തുവെന്നും സംവിധായകൻ പറയുന്നു.

ചിത്രത്തിനിടെ ഷൂട്ടിങ്ങിനിടെ പ്രണവിന് പറ്റിയ അപകടത്തെ കുറിച്ചും ജീത്തു മനസുതുറന്നു. 'സത്യത്തിൽ അതോർക്കുമ്പോൾ എനിക്ക് ഇപ്പോഴും ഞെട്ടലാണ്. അപ്പുവിന് അപകടം പറ്റി എന്നറിഞ്ഞപ്പോൾ ഞാനാകെ വല്ലാതായി. ഒരു ഗ്ലാസ് പൊട്ടിക്കുന്ന സീൻ എടുത്തപ്പോഴാണ് സംഭവം. ഷോട്ട് എടുത്തതിനു ശേഷം ഗ്ലൗസ് ഊരി നോക്കിയപ്പോൾ കൈ നന്നായി മുറിഞ്ഞിരിക്കുന്നു.ഞാൻ ആശുപത്രിയിൽ പോയി വരാമെന്നു പറഞ്ഞ് അപ്പു പോയി. പക്ഷേ ഞാൻ അപ്പോഴും ലാലേട്ടനോട് എന്തു പറയുമെന്ന ആശങ്കയിലായിരുന്നു. പിന്നീട് കുറച്ചു കഴിഞ്ഞാണ് നേരെ ചിന്തിക്കാനും പ്രവർത്തിക്കാനും പോലും സാധിച്ചതെന്ന് ജിത്തുഓർക്കുന്നു.

സുചിച്ചേച്ചി എന്നെ ഇടയ്ക്ക് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച് എനിക്ക് ധൈര്യം തന്നിരുന്നു. ഒപ്പം ലാലേട്ടനും സിനിമയെക്കുറിച്ചും അപ്പുവിനെക്കുറിച്ചും ഏറെ ആകാംക്ഷയോടെ ചോദിക്കുമായിരുന്നു.' ജീത്തു പറയുന്നു.പാർക്കൗർ എന്ന ആക്ഷൻ രീതിയാണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ അതു മാത്രമല്ല ഈ സിനിമ. ഹോളിവുഡ് സിനിമകളിലൊക്കെ ഉപയോഗിച്ചിരിക്കുന്ന ഈ ആക്ഷൻ രീതി ആദിയിലും ഉണ്ട്. ഫ്രാൻസിൽ നിന്നുള്ള പ്രത്യേക സംഘമാണ് ഇത് അപ്പുവിനെ പരീശീലിപ്പിച്ചത്. മികച്ച രീതിയിൽ അപ്പു ഇത് അവതരിപ്പിക്കുകയും ചെയ്തു'.- ജീത്തു പറയുന്നു.

ഒരു തുടക്കക്കാരന്റെ ചില്ലറ പ്രശ്നങ്ങളൊഴിച്ചാൽ പ്രണവ് നന്നായി അഭിനയിക്കുന്നുണ്ട്. റോഡിലിറങ്ങി വണ്ടിയോടിക്കുമ്പോഴാണല്ലോ ഡ്രൈവിങ്ങിൽ കൂടുതൽ തെളിയുന്നത്. അതുപോലെ പ്രണവും വരും കാലങ്ങളിൽ കൂടുതൽ മെച്ചപ്പെടുമെന്നും ജിത്തു അഭിമുഖത്തിൽ വ്യക്തമാക്കി.

ബാലതാരമായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ പ്രണവ് വർഷങ്ങൾക്ക് ശേഷം നായകനായി അരങ്ങേറുകയാണ്്.. ജിത്തു ജോസഫിന്റെ തന്നെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷമാണ് പ്രണവ് നായകനായി എത്തുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിൽ ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.