തൃശൂർ: പുതുക്കാട് ചെങ്ങാലൂർ കുണ്ടുകടവിൽ കുടുംബശ്രീ പ്രവർത്തകർ നോക്കിനിൽക്കേ യുവതിയെ പെട്രോളൊഴിച്ചു കത്തിച്ച സംഭവത്തിൽ കുടുംബശ്രീക്കാർക്കും പങ്കെന്ന് സൂചന. ജീതു സ്ഥലത്ത് എത്തുന്നുവെന്ന് ബിരാജിനെ അറിയിച്ചത് കുടുംബശ്രീ പ്രവർത്തകരാണ്. ബിരാജുമായി ഗൂഢാലോചന നടത്തിയാണ് കുടുംബശ്രീക്കാർ പ്രവർത്തിച്ചത്. എന്നാൽ സിപിഎം വാർഡ് മെമ്പർ അടക്കമുള്ളവർക്ക് കൊലപാതകത്തെ കുറിച്ച് അറിയില്ലായിരുന്നു. ബിരാജിന് മുൻ ഭാര്യയെ അപമാനിക്കാൻ അവസരമൊരുക്കാനായിരുന്നു ഇത്തരത്തിൽ കുടുംബശ്രീക്കാർ ഒത്താശ ചെയ്തത്. ഇതും ക്രിമിനൽ കുറ്റമാണ്. എന്നാൽ പ്രാദേശിക സിപിഎം നേതാക്കളെ കേസിൽ എങ്ങനെ പ്രതിചേർക്കുമെന്ന ആശങ്കയിലാണ് പൊലീസ്.

ജീതുവിന്റെ അച്ഛൻ ജനാർദനന്റെ പരാതിയിലാണ് ബിരാജിന്റെ പേരിൽ പുതുക്കാട് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. ബിരാജിനെ തടയാനോ പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കാനോ ജനക്കൂട്ടം തയാറായില്ലെന്ന് ജീതുവിന്റെ അച്ഛൻ ജനാർദനൻ പറഞ്ഞു. സംഭവത്തിനു ശേഷം ബിരാജ് മറ്റൊരാളുടെ െബെക്കിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇയാൾ സിപിഎമ്മുകാരനാണ്. അങ്ങനെ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ നിരവധി പേർക്ക് പങ്കുണ്ടെന്നാണ് ജീത്തുവിന്റെ ബന്ധുക്കളുടെ ആരോപണം. എന്നാൽ അന്വേഷണം സിപിഎം വാർഡ് മെമ്പറിലേക്ക് എത്താതിരിക്കാനാണ് പൊലീസിന്റെ ശ്രമം. സംഭവത്തിൽ ബിരാജ് മാത്രമേ പ്രതിയാകാൻ സാധ്യതയുള്ളൂവെന്നാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കുടുംബം ഉന്നയിച്ചേക്കും.

ജീതുവിന്റെ കൊലയ്ക്ക് കാരണമായി മാറിയ കുടുംബശ്രീക്കാരെ നാട്ടുകാരായി മാറ്റാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഇതിനെതിരെ സേനയിൽ പ്രതിഷേധം പുകയുകയാണ്. ജീതുവിനെ വധിക്കാൻ ആലോചിച്ചുറപ്പിച്ചാണ് ബിരാജ് എത്തിയതെന്നു പൊലീസ് പറയുന്നു. പെട്രോളുമായി കുറച്ചുസമയം കാത്തിരുന്നു. ജീതു എത്തിയതോടെ കുറച്ചുനേരം അവരോടു സുഖവിവരങ്ങൾ തിരക്കി കൂടെ നടന്നു. ജീതു ചെങ്ങാലൂരിലെ വസതിയിൽ എത്തുമെന്നുറപ്പിച്ച ശേഷമാണ് ബിരാജ് എത്തിയത്. സംഭവം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച ബാഗിൽനിന്നു ലഭിച്ച വിരാജിന്റെ കുറിപ്പിൽ ജീതു ചതിച്ചെന്നും ജീവിക്കാൻ അർഹതയില്ലെന്നും എഴുതിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കുടുംബശ്രീയിലെ ചിലരും ബിരാജും ചേർന്നായിരുന്നു ജീതുവിനേയും അച്ഛനേയും അവിടേക്ക് എത്തിച്ചതെന്നും പരാതിയുണ്ട്. ഒരു മാസം മുമ്പ് ദമ്പതികൾ പൊലീസ് സ്റ്റേഷനിലെത്തി പിരിയാമെന്ന തീരുമാനമെടുത്തിരുന്നു.

ജീതു മൂലം വൻ സാമ്പത്തികബാധ്യത വന്നുവെന്നും ലോകം വിടുകയാണെന്നും കുറിപ്പിലുണ്ട്. ആത്മഹത്യാക്കുറിപ്പോടെ കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തിരുന്നെന്നും വ്യക്തമായി. സിപിഎം അനുഭാവിയായ ബിരാജിന് കുടുംബശ്രീയുമായി അടുത്ത ബന്ധമുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്ന ജീതുവിനെ കുടുംബശ്രീ ഭാരവാഹികളാണ് ഞായറാഴ്ച കുണ്ടുകടവിലേക്ക് വിളിച്ചുവരുത്തിയത്. ഭർത്താവിനോടൊപ്പം താമസിക്കുന്നതിനിടെ കുടുംബശ്രീ മുഖേന ജീതു വായ്പ എടുത്തിരുന്നു. ഈ വായ്പയുടെ കുടിശിക മുടങ്ങിയതുമായി ബന്ധപ്പെട്ട തർക്കം ഒത്തുതീർപ്പാക്കാനായിരുന്നു വിളിച്ചുവരുത്തിയത്. ഇതാണ് കൊലപാതകത്തിന് അവസരം ഒരുക്കിയത്.

സംഭവശേഷം ഒളിവിൽപ്പോയ ബിരാജിനെ മഹാരാഷ്ട്രയിൽ നിന്നാണു പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്്. തൃശൂർ പുതുക്കാടിനു സമീപം ചെങ്ങാലൂരിൽ ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ജീതു ചൊവ്വാഴ്ച പുലർച്ചെയാണു മരിച്ചത്. കുടുംബശ്രീ സംഘത്തിൽനിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനായി ഞായറാഴ്ച ഉച്ചയ്ക്ക് അച്ഛനൊപ്പം കുണ്ടുകടവിലെത്തിയപ്പോഴാണ് ജീതു ആക്രമിക്കപ്പെട്ടത്. കുടുംബശ്രീ യോഗം ചേർന്ന വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ റോഡിന് സമീപം ഒളിച്ചിരുന്ന ബിരാജ്, ജീതുവിന്റെ അടുത്തേക്കെത്തി. അൽപ്പനേരം സംസാരിച്ചശേഷം ജീതിവിന്റെ തലയിലേക്കു പെട്രോൾ ഒഴിക്കുകയായിരുന്നു. അച്ഛന്റെ അടുത്തേക്ക് ഓടിയ ജീതുവിനെ പിന്തുടർന്നു ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തി.

പെട്ടെന്നു പെട്രോൾ ദേഹത്തേക്കു പടരാനായി പെട്രോൾ കൊണ്ടുവന്നിരുന്ന കുപ്പിയുടെ അടിഭാഗം വെട്ടിക്കളഞ്ഞിരുന്നു. തീ ആളിപ്പടർന്ന് റോഡിൽ വീണ ജീതുവിന് അച്ഛനും ഇവർ വന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറും കൂടി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മുളങ്കുന്നത്തുകാവ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ജീതു മരിച്ചു. മജിസ്ട്രേറ്റു മുമ്പാകെ അവർ മൊഴി നൽകിയിരുന്നു. ബിരാജും ജീതുവും ആറുവർഷം മുമ്പാണ് വിവാഹിതരായത്. കുടുംബവഴക്കിനെ തുടർന്ന് കുറച്ചുനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. വിവാഹമോചനക്കേസ് നടക്കുന്നതിനിടെയാണ് സംഭവം.

മുംബൈയിലെ ബന്ധുവീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് മുംബൈ ബാന്ദ്ര ഈസ്റ്റ് കോടതിയിൽ ഹാജരാക്കി. പിന്നീട് കോടതിയിൽനിന്ന് നാട്ടിലെത്തിക്കുന്നതിന് സമയം അനുവദിച്ചുകൊണ്ടുള്ള വാറന്റ് വാങ്ങിയശേഷം വ്യാഴാഴ്ച രാത്രി പ്രതിയെയും കൊണ്ട് അന്വേഷണ സംഘം നാട്ടിലേക്ക് തിരിച്ചു. ശനിയാഴ്ച സംഘം നാട്ടിലെത്തും. കൊലയ്ക്ക് ശേഷം ബിരാജു മുംബൈയിലെ ബന്ധുവീട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇയാളുടെ നാട്ടിലെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് മുംബൈയിലേക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസിന് സൂചന കിട്ടിയത്.