- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലേക്കില്ലെന്ന് പറഞ്ഞ മകളെ തിരിച്ചെത്തിച്ചത് കോടതി ഉത്തരവോടെ; വീണ്ടും ഓടിപ്പോകുമെന്ന ഭയത്തിൽ വീട്ടിൽ കെട്ടിയിടൽ; വീട്ടുകാരുടെ പ്രവൃത്തി വഴിവെച്ചത് കൂടുതൽ ഒറ്റപ്പെട്ടുവെന്ന ധാരണയിലേക്ക്; സഹോദരിയുടെ കൊലയിലേക്ക് നയിച്ചത് വീട്ടിലെ ഒറ്റപ്പെടലെന്ന് ജിത്തു; കുത്തിവീഴ്ത്തി മണ്ണെണ്ണ ഒഴിച്ച് പന്തം എറിഞ്ഞ് കത്തിച്ചു; വിസ്മയയുടെ കൊലപാതകത്തിൽ ജിത്തുവിന്റെ മൊഴി ഇങ്ങനെ
തിരുവനന്തപുരം: വീട്ടിൽ താൻ ഒറ്റപ്പെട്ടുവെന്ന തോന്നലാണ് സഹോദരിയെ വകവരുത്തുന്നതിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്യലിൽ ജിത്തു പൊലീസിനോട് പറഞ്ഞു. അച്ഛനും അമ്മയ്ക്കും വിസ്മയയോടാണ് കൂടുതൽ സ്നേഹമുള്ളതെന്ന തോന്നലായിരുന്നു ജിത്തുവിന്. തോന്നലിന് ആക്കം കൂട്ടി വീട്ടുകാരുടെ ചില ഇടപെടലുകൾ കൂടി ആയതോടെ പക വർധിക്കുകയും അതുകൊലയിലേക്ക് എത്തുകയുമായിരുന്നു.
വീട്ടുകാരിൽ നിന്നു ലഭിച്ച വിവരങ്ങൾ പ്രകാരം ജിത്തുവിന് ഉണ്ടായിരുന്ന പ്രണയം ചേച്ചി എതിർത്തതാണു കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് ആദ്യം കരുതിയത്. എന്നാൽ, വിശദമായ ചോദ്യം ചെയ്യലിൽ,വീട്ടിൽ ഒറ്റപ്പെട്ടു എന്ന തോന്നലാണു കൊലയ്ക്കു കാരണമെന്നു ജിത്തു വ്യക്തമാക്കുകയായിരുന്നു.
സമാന തോന്നൽ കാരണം രണ്ട് തവണ ജിത്തു വീട് വിട്ട് ഇറങ്ങിയിരുന്നു.പിന്നീട് കണ്ടെത്തിയപ്പോൾ താൻ ഇനി വീട്ടിലേക്ക് പോകില്ലെന്ന് വാശിപിടിച്ചിരുന്നു.തീരുമാനത്തിൽ ഉറച്ചുനിന്നതോടെ പൊലീസ് അന്ന് യുവതിയെ എറണാകുളത്തെ ഒരു സ്ഥാപനത്തിലാക്കുകയായിരുന്നു.പിന്നീട്, അമ്മ ജിജി കോടതി ഉത്തരിവിലൂടെയാണ് മകളെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അതിനുശേഷം ജിത്തുവിനെ മാതാപിതാക്കൾ പുറത്തുപോകുമ്പോൾ വീട്ടിൽ കെട്ടിയിടുക പതിവായിരുന്നു.ഇത് ജിത്തുവിൽ കൂടുതൽ വിദ്വേഷത്തിന് കാരണമായി.
സഹോദരി വിസ്മയയെ കുത്തിവീഴ്ത്തിയ ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും വടിയിൽ തുണിചുറ്റി പന്തമുണ്ടാക്കി കത്തിച്ച് എറിയുകയുമാണ് ചെയ്തതെന്നും സഹോദരി ജിത്തു പൊലീസിന് മൊഴിനൽകി.ജിത്തുവിനെ പൊലീസ് വെള്ളിയാഴ്ച സംഭവംനടന്ന പെരുവാരം പനോരമ നഗറിലെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ശിവാനന്ദന്റെയും ജിജിയുടെയും മൂത്തമകളാണ് കൊല്ലപ്പെട്ട വിസ്മയ. ചേച്ചിയെ കുത്താൻ ഉപയോഗിച്ച കത്തി, കൊലനടത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രം എന്നിവ കണ്ടെടുത്തു.
പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെയും ജിജിയുടെയും മക്കളാണ് ഇരുവരും. വിസ്മയയെ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്നു കാണാതായ ജിത്തുവിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണു മരണം കൊലപാതകമാണെന്നു വ്യക്തമായത്.
മാനസികാസ്വാസ്ഥ്യമുള്ള ജിത്തുവിനെ മുറിയിൽ കെട്ടിയിട്ടിട്ടാണ് മാതാപിതാക്കൾ പുറത്തുപോയത്. ടോയ്ലെറ്റിൽ പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിസ്മയ അനുജത്തിയെ കെട്ടഴിച്ച് സ്വതന്ത്രയാക്കി. പുറത്തിറങ്ങിയ ശേഷം സഹോദരിമാർ തമ്മിൽ വഴക്കുണ്ടായി. വിസ്മയയെ കത്തി എടുത്ത് കുത്തി. നിലത്തുവീണപ്പോൾ സെറ്റിയുടെ ഇളകിയ കൈപ്പിടി ഉപയോഗിച്ച് അടിച്ചു. പിന്നീടാണ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതെന്നും ജിത്തു പറഞ്ഞു.കൃത്യത്തിനു ശേഷം വീടിന്റെ മതിൽചാടിയാണ് പുറത്തെത്തിയത്.
ജിത്തുവിനെ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് കാക്കനാട് സബ് ജയിലിൽ റിമാൻഡ് ചെയ്തു.ആലുവ എസ്പി. കെ. കാർത്തിക്, ഡിവൈ.എസ്പി. എസ്. ബിനു, എസ്.എച്ച്.ഒ.മാരായ ഷോജോ വർഗീസ്, യേശുദാസ്, എസ്ഐ.മാരായ പ്രശാന്ത് പി. നായർ, അരുൺദേവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ
മറുനാടന് മലയാളി ബ്യൂറോ