ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിനൊച്ചൊല്ലി വാക്‌പോര്. ജിതിൻ പ്രസാദ കോൺഗ്രസിനെ വഞ്ചിച്ചുവെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. അതേസമയം കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് ജിതിൻ പ്രസാദയോട് ഛത്തീസ്‌ഗഡ് കോൺഗ്രസ് നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു നന്ദി പ്രകടനം.

'ജിതിൻ പ്രസാദ ഞങ്ങളോടൊപ്പമുണ്ടായിരുന്നപ്പോൾ പാർട്ടി അദ്ദേഹത്തിന് സുപ്രധാന സ്ഥാനങ്ങൾ നൽകി. ഓരോ തവണയും ഞങ്ങൾ അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുന്നില്ലെങ്കിൽ പാർട്ടി എങ്ങനെ കുറ്റക്കാരാകും '- അജയ് കുമാർ ലല്ലു പറഞ്ഞു.

പാർട്ടി നിങ്ങൾക്ക് വളരെയധികം തന്നിട്ടുണ്ടെങ്കിൽ പാർട്ടിയോട് വിശ്വസ്തത പുലർത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും അജയ് ലാലു കൂട്ടിച്ചേർത്തു. സംസ്ഥാനം തിരിച്ചുപിടിക്കാൻ ജനപ്രിയ നേതാക്കളെ തിരിച്ചറിയുകയും കൂടെ നിർത്തുകയും വേണമെന്ന് കോൺഗ്രസ് എംഎൽഎ കുൽദീപ് ബിഷണോയും പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ ബുധനാഴ്ച ഉച്ചയോടെയാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെയും ബിജെപി വക്താവ് അനിൽ ബലൂനിയുടെയും സാന്നിധ്യത്തിലാണ് ജിതിൻ പ്രസാദ ബിജെപി അംഗത്വം സ്വീകരിച്ചത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അടുത്ത വിശ്വസ്തൻ കൂടിയായിരുന്നു അദ്ദേഹം. 2004, 2009 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഷാജഹാൻപൂർ, ധൗറ മണ്ഡലങ്ങളിൽ നിന്നാണ് പ്രസാദ ലോക്‌സഭയിലേക്കെത്തിയത്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടെയും പി.വി നരസിംഹറാവുവിന്റെയും രാഷ്ട്രീയ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിരുന്ന കോൺഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദയുടെ മകനാണ് പ്രസാദ.

രാജ്യത്ത് ഇന്ന് ഒരു ദേശീയ പാർട്ടിയുണ്ടെങ്കിൽ അത് ബിജെപിയാണെന്നും മറ്റുള്ളവയെല്ലാം ചില വ്യക്തികളിലോ പ്രദേശങ്ങളിലോ മാത്രം ഒതുങ്ങുകയാണെന്നും ജിതിൻ പ്രസാദ പ്രതികരിച്ചു. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ സഹായിക്കാൻ കഴിയില്ലെന്നും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ലെന്നും മനസിലാക്കിയതിലാണ് കോൺഗ്രസ് വിട്ടത്. ഇനിമുതൽ ഒരു സമർപ്പിത ബിജെപി പ്രവർത്തകനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസുമായി കുടുംബത്തിന് മൂന്ന് തലമുറ ബന്ധം ഉണ്ടായിരുന്നിട്ടും പാർട്ടി വിടാനുള്ള തീരുമാനം നന്നായി ചിന്തിച്ച ഒന്നായിരുന്നുവെന്ന് ജിതിൻ പ്രസാദ പറഞ്ഞു. കഴിഞ്ഞ എട്ട്, പത്ത് വർഷങ്ങളിൽ എനിക്ക് തോന്നിയത് യഥാർത്ഥത്തിൽ ഒരു ദേശീയ പാർട്ടി ഉണ്ടെങ്കിൽ അത് ബിജെപിയാണ്. മറ്റ് പാർട്ടികൾ പ്രാദേശികമാണെങ്കിൽ ഇത് ദേശീയ പാർട്ടിയാണ്. ബാക്കിയുള്ളവ വ്യക്തികളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പ്രസാദ പറഞ്ഞു.

' ഞാൻ ഉണ്ടായിരുന്ന പാർട്ടി ആളുകളെ സഹായിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ലെന്ന് എനിക്ക് തോന്നി. കോൺഗ്രസ് പാർട്ടിയിൽ നിന്ന് ആളുകൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി. ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനോ അവർക്ക് വേണ്ടി പ്രവർത്തിക്കാനോ കഴിയുന്നില്ലെങ്കിൽ ഒരു പാർട്ടിയിൽ തുടരുന്നതിന്റെ പ്രസക്തി എന്താണ്.'- പ്രസാദ ചോദിച്ചു.