ന്യൂഡൽഹി: ഒരുകാലത്ത് സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്‌ഐയുടെ ഉരുക്കു കോട്ടയായിരുന്നു ജവഹർലാൽ നെഹ്‌റു സർവകലാശാല. എന്നാൽ, പിൽക്കാലത്ത് ഈ ഉരുക്കുകോട്ടയിൽ വിള്ളൽ വീഴ്‌ത്തിയാണ് തീവ്ര നിലപാടുള്ള ഇടതു സംഘടകൾ വിജയിച്ചു കയറിയത്. ഇപ്പോഴും ഇടതുപക്ഷത്തോട് അനുഭവമുള്ള ജെഎൻയുവിൽ പക്ഷേ എസ്എഫ്‌ഐ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കയാണ്.

ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ഐ.എസ്.എഫിന് അട്ടിമറി വിജയം നേടിയതോടെയാണ് എസ്എഫ്‌ഐക്ക് തിരിച്ചടിയായത്. എസ്.എഫ്.ഐ പിന്തുണയില്ലാതെ മത്സരിച്ച എ.ഐ.എസ്.എഫിന്റെ കനയ്യ കുമാർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം ഭരണത്തിലുണ്ടായിരുന്ന തീവ്ര ഇടതുസംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന് (ഐസ) കനത്ത തിരിച്ചടിയാണ് ഇക്കുറി നേരിടേണ്ടി വന്നത്. രണ്ട് ജനറൽ സീറ്റുകൾ മാത്രമെ ഐസയ്ക്ക് നേടാനായുള്ളു. കഴിഞ്ഞ അഞ്ചുവർഷത്തോളമായി ഐസയുടെ നേതൃത്വത്തിലാണ് ജെ.എൻ.യു. വിദ്യാർത്ഥി യൂണിയൻ.

ജനറൽ സെക്രട്ടറി സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവുമാണ് ഐസ നിലനിർത്തിയത്. ജോ.സെക്രട്ടറി സ്ഥാനവും എട്ട് കൗൺസിലർ സീറ്റുകളും എ.ബി.വി.പി നേടിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. എസ്.എഫ്.ഐ നാല് കൗൺസിൽ സീറ്റുകൾ നേടി.

ഡൽഹി സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ബി.വി.പി വൻ വിജയം നേടിയിരുന്നു. പ്രധാനപ്പെട്ട നാലു സീറ്റിലേക്കും എ.ബി.വി.പി സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു ആണ് രണ്ടാംസ്ഥാനത്ത്. ആം ആദ്മി പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഛാത്ര യുവ സംഘർഷ് സമിതി(സി.വൈ.എസ്.എസ്.)ക്ക് സർവകലാശാലയിൽ അക്കൗണ്ട് തുറക്കാനായില്ല.

4,500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ.ബി.വി.പി സ്ഥാനാർത്ഥികൾ വിജയിച്ചത്. സതീന്ദർ ആവാനയെ പ്രസിഡന്റായും സണ്ണി ദേദയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. അഞ്ജലി റാണ, ഛത്തർപാൽ യാദവ് എന്നിവരെ യഥാക്രമം സെക്രട്ടറി, ജോയന്റ് സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷവും എ.ബി.വി.പി. തന്നെയാണ് സർവകലാശാലയിൽ വിജയിച്ചത്.