ന്യൂഡൽഹി: ജെഎൻയു വിഷയത്തിൽ കേന്ദ്രസർക്കാർ നടപടിയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. വിഷയത്തിൽ സർക്കാർ നിലപാട് ശരിയാണെന്നും ഇപ്പോഴത്തെ സംഭവ വികാസങ്ങളെ വിട്ടുവീഴ്‌ച്ചയില്ലാതെ നേരിടുമെന്നും മോദി പറഞ്ഞു. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് അദ്ദേഹം സർക്കാർ നിലപാട് വ്യക്തമാക്കിയത്. വിഷയം പാർലമെന്റിൽ ഉന്നയിച്ച് സർക്കാറിനെ പ്രതിരോധത്തിലാക്കാന് ഇടതു പാർട്ടികളും കോൺഗ്രസും ശ്രമിക്കുന്നതിന് ഇടെയാണ് മോദി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ വിഷയം എളുപ്പം ശമിക്കില്ലെന്ന് വ്യക്തമാക്കി വിദ്യാർത്ഥികളുടെ ചലോ ഡൽഹി മാർച്ചും നടന്നു.

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ കേന്ദ്രമന്ത്രിമാർക്കെതിരെ നടപടി സ്വീകരിക്കണണമെന്നും ജെഎൻയു പ്രക്ഷോഭത്തിന് പിന്തുണയേകിയും ഡൽഹിയിൽ ആയിരങ്ങൾ പങ്കെടുത്ത പടുകൂറ്റൻ മാർച്ചാണ് നടന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി എന്നിവരും വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണയുമായി എത്തി. രോഹിത് വെമുലയുടെ കുടുംബവും വിദ്യാർത്ഥികളുടെ പ്രക്ഷോഭത്തിൽ പിന്തുണയുമായി അണിചേർന്നു.

നൂറുകണക്കിന് വിദ്യാർത്ഥികളും അദ്ധ്യാപകരും ബുദ്ധിജീവികളമാണ് 'ചലോ ഡൽഹി' മാർച്ചിൽ അണിചേർന്നത്. ത്രിവർണ പതാകയും നീലയും ചുവപ്പും നിറത്തിലുള്ള മറ്റ് പതാകളും ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള പ്ലക്കാർഡുകളും ഉയർത്തിയായായിരുന്നു വിദ്യാർത്ഥികളുടെ മാർച്ച്. കേന്ദ്രസർക്കാർ വിയോജിപ്പുകളെ അടിച്ചമർത്തുകയാണെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി. രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും ചോദ്യം ചെയ്യാനുള്ള അവകാശം രാജ്യത്തോ ഓരോ പൗരനുമുണ്ട്. വിദ്യാർത്ഥികളും അതുതന്നെയാണ് ചെയ്യുന്നത്. ഇത്തരം എതിർപ്പുകളോട് അസഹിഷ്ണുതയോടെ പെരുമാറുകയല്ല വേണ്ടത്. വിയോജിപ്പുകളെ അടിച്ചമർത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. രാജ്യത്തെ യുവത്വത്തെകുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രിയിൽനിന്നാണ് വിദ്യാർത്ഥികളുടെ ജനാധിപത്യാവകശങ്ങളെ ഹനിക്കുന്ന നടപടിയുണ്ടാകുന്നതെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി.

ഒരാളുടെ ആശയങ്ങൾ എല്ലാവരിലും അടിച്ചേൽപ്പിക്കുന്ന ഒരു ഇന്ത്യയെ നമുക്ക് ആവശ്യമില്ലെന്ന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞു. ഭയരഹിതമായി സ്വതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനും പ്രവർത്തിക്കാനും കഴിയുന്ന ഒരു രാജ്യമാണ് നമുക്കാവശ്യം. വിദ്യാർത്ഥികളുടെ ശബ്ദത്തെ അടിച്ചമർത്തുന്ന നിയമങ്ങളും നമുക്ക് ആവശ്യമില്ല. രാജ്യത്തിന്റെ ഭാവിയെ കുറിച്ചാണ് നമുക്ക് സംസാരിക്കേണ്ടത്. എന്നാൽ, ആർഎസ്എസ് അതിന് പോലും തയ്യാറാവുന്നില്ല. അവർ ഭൂതകാലത്തെ കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂവെന്നും രാഹുൽ പരിഹസിച്ചു.

വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ അടിച്ചമർത്തൽ നടപടിക്കൊരു കേന്ദ്രസർക്കാർ ജെഎൻയു പരിസരത്ത് അർദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ചു. കനയ്യ കുമാറിന്റെയും ഉമർഖാലിദിന്റെയും ജാമ്യാപേക്ഷകളിൽ നാളെയും കോടതി വാദം തുടരും.