ജയ്പൂർ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി പ്രസംഗവുമായി രാജസ്ഥാനിലെ ബിജെപി എംഎൽഎ രംഗത്ത്. രാഹുൽ ഗാന്ധി രാജ്യദ്രോഹിയാണെന്നും രാഹുലിനെ തൂക്കിലേറ്റിയോ വെടി വച്ചോ കൊല്ലണമെന്നും ബിജെപി എംഎൽഎ പറഞ്ഞു. രാജസ്ഥാനിലെ ബയ്ടൂ മണ്ഡലത്തിൽ നിന്നുള്ള എംഎ‍ൽഎയായ കൈലാഷ് ചൗധരിയാണ് ഒരു പൊതുപരിപാടിക്കിടെ രാഹുൽ ഗാന്്ധിക്കെതിരെ വിവാദ പരാമർശം നടത്തിയത്. ജെഎൻയു സമരക്കാർക്ക് പിന്തുണ നൽകിയതിന്റെ പേരിലാണ് രാഹുൽ ഗാന്ധിക്കെതിരെ ഇവർ സമരം ഉന്നയിച്ചത്. രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നടന്ന ഒരു കർഷക സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് കൈലൈഷ് ഈ പരാമർശം നടത്തിയത്.

രാജകുമാരൻ എന്നാണ് രാഹുലിനെ വിശേഷിപ്പിച്ചത്. രാഹുൽഗാന്ധി ജെഎൻയു വിദ്യാർത്ഥികളെ സന്ദർശിച്ചതും പ്രസംഗിച്ചതുമാണ് ബിജെപി എംഎൽഎയെ പ്രകോപിപ്പിച്ചത്. അഫ്‌സൽ ഗുരുവിനെ രക്ഷസാക്ഷിയെന്ന് വിളിച്ചും പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചും ഇന്ത്യയിൽ തുടരാമെന്ന് കോൺഗ്രസുകാരുടെ രാജകുമാരൻ കരുതേണ്ടെന്ന് കൈലാഷ് ചൗധരി പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ സംസാരിക്കുന്നവരെയെല്ലാം കൊല്ലണമെന്നും കൈലാഷ് ചൗധരി അഭിപ്രായപ്പെട്ടു.

ബിജെപിയുടെ തനിനിറം വ്യക്തമാക്കുന്നതാണ് ചൗധരിയുടെ പ്രസ്താവനയെന്ന് രാജസ്ഥാൻ പി.സി.സി അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റ് അഭിപ്രായപ്പെട്ടു. എംഎൽഎയ്‌ക്കെതിരെ നടപടി എടുക്കാൻ ബിജെപി തയ്യാറാകണമെന്നും സർക്കാർ നിയമനടപടി സ്വീകരിക്കണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു.

അതേസമയം താൻ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നതായും ഇത്തരക്കാരെ കൊല്ലുക തന്നെ വേണമെന്നും കൈലാഷ് ചൗധരി പറഞ്ഞു. താൻ ഒരു ദേശീയവാദിയാണെന്നും ഭാരതമാതാവിനെതിരെ വിരലുയർത്തുന്നവരെ വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും കൈലാഷ് ചൗധരി പറഞ്ഞു. ജെഎൻയുവിൽ എത്തിയ രാഹുൽ ഗാന്ധി കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരിനെതിരെയും അതിന് നേതൃത്വം നൽകുന്ന ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് എതിരെയും ശക്തമായ വിമർശനം നടത്തിയിരുന്നു. ഇപ്പോൾ രാഹുൽഗാന്ധിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നാണ് സംഘപരിവാർ രാഷ്ട്രീയ പ്രവർത്തകർ ആവശ്യപ്പെടുന്നത്.

അതേസമയ തന്നെ ആർക്കും രാജ്യദ്രോഹിയാക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. തന്റെ കുടുംബം രാഷ്ട്രത്തിന് വേണ്ടി ജീവൻ ഹോമിച്ചവരാണെന്നും രാഹുൽ പറഞ്ഞു.