- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് സീറോ മലബാർ സഭയുടെ ആശുപത്രിയിൽ; സ്ഥാനാർത്ഥിയാകാൻ അനുവദിച്ചെന്ന് പറഞ്ഞ ഫാ പോൾ കരേടൻ; ഇടപെടൽ നടത്തിയില്ലെന്ന് ആലഞ്ചേരി അനുകൂലികളും; സിപിഎം വില കൊടുക്കേണ്ടി വരുമെന്ന് തേലേക്കാടനും; തൃക്കാക്കരയിൽ ഡോ ജോ ജോസഫിൽ ചർച്ച തുടരുമ്പോൾ
കാക്കനാട്: തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഇടതുപക്ഷസ്ഥാനാർത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ പുതിയ തലത്തിൽ. സഭയ്ക്കു യാതൊരു പങ്കുമില്ലെന്നു സീറോ മലബാർ മീഡിയ കമ്മീഷൻ അറിയിച്ചു. മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. എന്നാൽ സഭയുടെ ആശുപത്രിയിലായിരുന്നു ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. ഇത് സഭയേയും വെട്ടിലാക്കുന്നുണ്ട്.
അതിനിടെ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ എതിർക്കുന്നവർ അതിശക്തമായി രംഗത്തു വന്നിട്ടുണ്ട്. ലിസി ആശുപത്രിയിൽ പത്ര സമ്മേളനം നടത്തിയതിന് സിപിഎം വില നൽകേണ്ടി വരുമെന്ന് സീറോ മലബാർ സഭയിലെ മുൻ വക്താവ് ഫാദർ പോൾ തേലേക്കാട് പറഞ്ഞു. ആലഞ്ചേരിയെ എതിർക്കുന്ന വിഭാഗത്തിലെ പ്രധാനിയാണ് ഫാദർ. സഭയിലെ ഭിന്നതയും ഈ വിഷയത്തെ ആളിക്കത്തിക്കും. കോൺഗ്രസിലെ ഒരു വിഭാഗവും പരസ്യമായി തന്നെ ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് ആരോപിച്ചിട്ടുണ്ട്. ആരോപണം സിപിഎം തള്ളുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ലിസി ആശുപത്രിയിലെ പത്രസമ്മേളനം ചർച്ചയാക്കുന്നത്.
ചില സ്ഥാപിത താത്പര്യക്കാർ ബോധപൂർവം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നാണ് സഭാ നേതൃത്വത്തിന്റെ വിശദീകരണം. മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായാണ്. ഈ പ്രക്രിയയിൽ സഭാനേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാർ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയിൽ സമിപിക്കുമെന്നുറപ്പാണെന്നും സീറോമലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്‌സ് ഓണംപള്ളി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഡോക്ടറെ വിട്ടുനൽകുന്നുവെന്ന ലിസി ആശുപത്രി ഡയറക്ടറുടെ പ്രസ്താവനയും ചർച്ചയാകുന്നുണ്ട്. മികച്ച കഴിവുകളുള്ള ഡോക്ടർ; സാമൂഹ്യപ്രവർത്തനത്തിൽ തൽപ്പരൻ. അങ്ങനെയുള്ള ഡോ. ജോ ജോസഫ് സ്ഥാനാർത്ഥിയാകുന്നത് സമൂഹത്തിന് അത്ര ഗുണമുള്ളതുകൊണ്ടാണ് ആശുപത്രിയിൽനിന്ന് വിട്ടുകൊടുക്കുന്നതെന്ന് ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ പറഞ്ഞു. മികച്ച ഡോക്ടർമാത്രമല്ല; സാമൂഹ്യകാര്യങ്ങളിൽ പ്രതികരിക്കുന്നതിലും ഡോക്ടർ എന്നും മുന്നിലാണ്. ആശുപത്രിയെക്കാൾ വലുത് നാടായതുകൊണ്ടാണ് ഡോക്ടറെ സ്ഥാനാർത്ഥിയാകാൻ സന്തോഷത്തോടെ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം സഭയുടെ ഇടപെടലിന് തെളിവായി ചൂണ്ടിക്കാട്ടുന്നു.
എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗചികിത്സകനാണ് ജോ ജോസഫ്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം 10 വർഷമായി രണ്ടുഡസനിലേറെ ഹൃദയമാറ്റ ശസ്ത്രക്രിയകളിലെ മുൻനിരപ്പങ്കാളി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ എൽഡിഎഫ് പ്രചാരണയോഗങ്ങളിൽ പങ്കെടുത്തിരുന്നു. പ്രളയകാലത്തും കോവിഡ് പ്രതിരോധത്തിലും സർക്കാരിനൊപ്പംനിന്ന് പ്രവർത്തിച്ചു. ഈ അംഗീകാരം അതിന്റെ തുടർച്ചയെന്നും ഡോക്ടർ പറയുന്നു. കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസ് നേടിയ ജോ ജോസഫ്, കട്ടക് എസ്സിബി മെഡിക്കൽ കോളേജിൽനിന്ന് ജനറൽ മെഡിസിനിൽ എംഡിയും ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്ന് കാർഡിയോളജിയിൽ ഡിഎമ്മും നേടി. ''എ ഹാർഡ്കോർ കാർഡിയോളജിസ്റ്റ്'' എന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ സാക്ഷ്യപ്പെടുത്തൽ.
ലിസി ആശുപത്രിയിലെ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്ന പത്ര സമ്മേളനത്തിൽ ഡോ ജോസ് ചാക്കോ പെരിയപ്പുറവും പങ്കെടുത്തിരുന്നു. ആശുപത്രിയിലെ മാനേജ്‌മെന്റ് പ്രതിനിധികളും എത്തി. എന്നാൽ സഭാ ഇടപെടലിൽ കരുതലോടെ മാത്രമേ കോൺഗ്രസ് നേതൃത്വം പരസ്യ പ്രതികരണം നടത്തൂ. എറണാകുളത്തെ സഭയിലെ തർക്കങ്ങൾ ഉമാ തോമസിന് മുതൽകൂട്ടാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ഇതിനൊപ്പം ജോ ജോസഫിന് പിസി ജോർജും പിന്തുണ അറിയിച്ചു. പിസി ജോർജ്ജുമായി ഏറെ അടുപ്പം ഡോക്ടർക്കുണ്ടെന്നതാണ് വസ്തുത.
എഴുത്തുകാരനും പ്രഭാഷകനും ജീവകാരുണ്യപ്രവർത്തകനും പ്രോഗ്രസീവ് ഡോക്ടേഴ്സ് ഫോറത്തിന്റെ സജീവപ്രവർത്തകനും ഹാർട്ട് ഫൗണ്ടേഷൻ ട്രസ്റ്റിയുമാണ് ഡോ ജോ ജോസഫ് എന്ന നാൽപ്പത്തിമൂന്നുകാരൻ. ഹൃദയപൂർവം ഡോക്ടർ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാലയിലാണ് സ്ഥിരതാമസം. പൂഞ്ഞാർ കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. ചങ്ങനാശേരിയിൽ ജനനം. കെഎസ്ഇബി ജീവനക്കാരനായിരുന്ന പരേതനായ കെ വി ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകൻ.
തൃശൂർ ഗവ. മാനസികാരോഗ്യകേന്ദ്രത്തിലെ സൈക്യാട്രിസ്റ്റ് ഡോ. ദയ പാസ്‌കലാണ് ഭാര്യ. മക്കൾ: ജൊവാൻ ലിസ് ജോ (കളമശേരി രാജഗിരി പബ്ലിക് സ്‌കൂൾ പത്താംക്ലാസ്), ജിയന്ന (ആറാംക്ലാസ്).
മറുനാടന് മലയാളി ബ്യൂറോ