- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്ലീല വീഡിയോയുടെ നിർമ്മാതാവിനെ കണ്ടെത്താൻ എന്തുകൊണ്ട് പൊലീസ് മടിക്കുന്നു; അപ് ലോഡ് ചെയ്തവരെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യ അറിയാമായിട്ടും സൈബർ പൊലീസ് അനങ്ങുന്നില്ല; വടക്കാഞ്ചേരിയിലെ നീതു ജോൺസനെ സൃഷ്ടിച്ചവർ ഇപ്പോഴും കാണാമറയത്ത്
തിരുവനന്തപുരം: തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തെന്ന് കരുതപ്പെടുന്നവർ കാണാമറയത്ത് തുടരുമ്പോൾ വീഡിയോ പ്രചരിപ്പിച്ച ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപതെരെഞ്ഞെടുപ്പിൽ വിധിയെഴുതാൻ ഏതാനും മണിക്കൂറുകൾ മാത്രമുള്ളപ്പോഴും എവിടെ നിന്ന് ആരാണ് ആദ്യമായി ഇത്തരത്തിലുള്ള വീഡിയോ നിർമ്മിച്ചതെന്നും ആദ്യമായി പ്രചരിപ്പിച്ചതെന്നും കണ്ടെത്താൻ പൊലീസ് തയ്യാറാകത്തത് ദുരൂഹതയുണർത്തുന്നു. ഇക്കാര്യത്തിലുള്ള സർക്കാരിന്റെയും പൊലീസിന്റെയും കള്ളക്കളിയാണ് സംശയത്തിനിടയാക്കുന്നത്.
സമൂഹമാധ്യമത്തിൽ മൂന്ന് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി് വിഡിയോ പ്രചരിപ്പിച്ചവർ പിടിക്കപ്പെടാതിരിക്കാൻ ഇന്റർനെറ്റ് തിരിച്ചറിയൽ വിവരങ്ങൾ മറയ്ക്കാനുള്ള വിപിഎൻ സംവിധാനം ഉപയോഗിച്ചിരുന്നതായാണ് പൊലീസിന്റെ അവകാശവാദം. വിഡിയോ പ്രചരിപ്പിച്ചശേഷം ഇവർ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. സൈബർ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സമൂഹമാധ്യമ ഇടപെടലുകൾ കണ്ടെത്തിയാണ് ആറു പേരെയും പൊലീസ് തിരിച്ചറിഞ്ഞത്. എന്നാൽ ഇത് എവിടെ നിർമ്മിച്ചുവെന്നും ആര് പ്രചരിപ്പിച്ചുവെന്നും കണ്ടെത്താൻ ഇതേ സൈബർ വിദഗ്ധരെ എന്തുകൊണ്ട് പൊലീസ് ഉപയോഗിക്കുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. അവിടെയാണ് സർക്കാരിന്റെയും പൊലീസിന്റെയും നിഷ്പക്ഷതയിൽ സംശയങ്ങളുയരുന്നത്.
ഇത്തരമൊരു വീഡിയോ പുറത്തുവന്ന് വിവാദമായി ഇതിൽ ആറ് പേരുടെ അറസ്റ്റ് അടക്കം നടന്നിട്ടും ഇതിന്റെ പിന്നാമ്പുറ കളികൾ കണ്ടെത്താൻ മുഖ്യാധാരാ മാധ്യമങ്ങളും തയ്യാറായില്ല. ഇതിനു പകരം വീഡിയോ പുറത്തിറങ്ങിയ ശേഷം ജോ ജോസഫിന്റെ ഭാര്യയുടെയും ഉമാ തോമസിന്റെയും പ്രതികരണങ്ങൾ കൊണ്ട് തൃപ്തിപ്പെടുകയാണ് മാധ്യമങ്ങൾ ചെയ്തത്. അപ് ലോഡ് ചെയ്തവരെ കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോട് പൊലീസും സർക്കാരും മുഖംതിരിച്ചുനിൽക്കുകയാണ്. വീഡിയോ നിർമ്മിച്ചവരെ കണ്ടെത്താതെ, ദൃശ്യങ്ങൾ ഫോർവേർഡ് ചെയ്ത് പ്രചരിപ്പിച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യഥാർത്ഥ കുറ്റവാളി ഇപ്പോഴും എവിടെയോ മറഞ്ഞുനിൽക്കുകയാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷമായിരിക്കാം വീഡിയോ അപ് ലോഡ് ചെയ്ത പ്രതികളെ ഒരുപക്ഷേ പൊലീസ് കണ്ടെത്തുന്നത്.
നിലവിൽ ഇത്തരമൊരു വ്യാജ വീഡിയോ എവിടെ നിന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തതെന്ന് അറിയാൻ സാങ്കേതികവിദ്യ ഉണ്ടായിരിക്കെ ഇതിന്റെ സത്യം കണ്ടെത്താൻ ആരോപണമുന്നയിക്കുന്നവർ തയ്യാറാകുന്നില്ല. കഴിഞ്ഞ തെരെഞ്ഞെടുപ്പു കാലത്ത് അനിൽ അക്കര ഉന്നയിച്ച ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് വലിയ ചർച്ചയായതോടെ 'പാവപ്പെട്ടവർക്കു വീടു കിട്ടാനുള്ള അവസരം എംഎൽഎ നഷ്ടമാക്കി' എന്ന ആരോപണവുമായി നീതു ജോൺസൺ എന്ന പെൺകുട്ടിയെ എതിരാളികൾ രംഗത്തിറക്കിയത്.
വടക്കാഞ്ചേരി മണ്ഡലത്തിലുള്ള മങ്കരയിലെ പുറമ്പോക്കിൽ ഒറ്റമുറിയിൽ താമസിക്കുന്ന നീതു ജോൺസൺ, അനിൽ അക്കരയ്ക്ക് എഴുതിയ കത്തിൽ 'ലൈഫ് മിഷൻ ഫ്‌ളാറ്റ് അനുവദിച്ചിട്ടുണ്ടെന്നും അതില്ലാതാക്കരുതെന്നും' അഭ്യർത്ഥിച്ചിരുന്നു. എംഎൽഎയ്ക്കും കോൺഗ്രസിനും എതിരായ പ്രചാരണോപാധിയായി ഈ കത്ത് സിപിഎം അനുകൂലികൾ പ്രചരിപ്പിച്ചതോടെ നീതുവോ അവരെ അറിയുന്നവരോ ബന്ധപ്പെടണമെന്നാവശ്യപ്പെട്ട് അനിൽ മറുപടി പോസ്റ്റിട്ടു. എന്നാൽ ആരും ബന്ധപ്പെട്ടില്ല.
നീതുവിനെ തേടി മങ്കരയിൽ റോഡുവക്കത്തു 2020 സെപ്റ്റംബർ 30-ന് മൂന്ന് മണിക്കൂർ കാത്തിരിക്കുമെന്നും നീതുവോ അറിയാവുന്നവരോ വരണമെന്നും എംഎൽഎ പ്രഖ്യാപിച്ചു. അങ്ങനെ, അതേ ദിവസം രാവിലെ ഒമ്പത് മണി മുതൽ അനിലും, രമ്യ ഹരിദാസ് എംപിയും, സൈറാ ബാനുവും നീതുവിനെ കാത്തിരുന്നു. പെൺകുട്ടി വന്നാൽ വീടുവയ്ക്കാനുള്ള ഭൂമിയും വീടും നൽകാമെന്നുറപ്പു പറയുകയും ചെയ്തു. ആരും വന്നില്ല.
കത്തു തന്ത്രം പാളിയെന്നു വ്യക്തമായതോടെ സിപിഎം അനുകൂല സൈബർ സംഘത്തിൽ മിക്കവരും നേരത്തെ ഷെയർ ചെയ്ത കത്തു ഡിലീറ്റ് ചെയ്തു. പകരം, നീതു ജോൺസനെ കോൺഗ്രസുകാർ തന്നെ സൃഷ്ടിച്ചതാണെന്ന പുതിയ ആരോപണവുമായി രംഗത്തെത്തി. പൊലീസിന് പോലും നീതു ജോൺസനെ കണ്ടെത്താൻ കഴിഞ്ഞില്ല. സിപിഎമ്മിന്റെയോ അല്ലെങ്കിൽ അവരോട് അനുഭാവമുള്ള സൈബർ പോരാളികളോ മറ്റോ ആണ് നീതു ജോൺസനെ സൃഷ്ടിച്ചതിന് പിന്നിലെന്ന് വ്യക്തമായി. സമാനമായ സ്ഥിതിയാണ് ജോ ജോസഫിനെതിരെ പ്രചരിച്ച അശ്ലീല വീഡിയോയുടെയും അവസ്ഥ.
തെരെഞ്ഞെടുപ്പിൽ വികസനം ചർച്ചയാക്കും എന്ന് പറഞ്ഞ് സിപിഎം തുടങ്ങിയ പ്രചാരണപ്രവർത്തനങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്നത് അശ്ലീല വീഡിയോയിലാണ്. അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തവരെ കണ്ടെത്താത്തതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിവെയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്.
അശ്ലീല വീഡിയോയെക്കുറിച്ചുള്ള തിരക്കഥ പാളിപോയതുകൊണ്ടാവാം പിടികൂടിയ പ്രതികളുടെ രാഷ്ട്രീയം ചികഞ്ഞ് അധികം മുന്നോട്ട് പോകാൻ സിപിഎം ശ്രമിക്കാത്തതെന്ന് കരുതുന്നു. എന്തുകൊണ്ടാണ് യഥാർത്ഥ പ്രതിയെ പിടികൂടാത്തതെന്ന ചോദ്യത്തിന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോ, പൊലീസ് മേധാവിയോ ഒരക്ഷരം പോലും മറുപടി പറയുന്നില്ല. അശ്ലീല വീഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ച നിർമ്മാതാക്കളെയും അതിനൊപ്പമുള്ള ഉത്സാഹകമ്മിറ്റിക്കാരെയും കണ്ടെത്താൻ മാധ്യമങ്ങൾ പോലും ശ്രമിക്കാത്തതിന്റെ പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്ന് തന്നെയാണ് കരുതുന്നത്.