- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധ നിയമനമെന്നു സർക്കാർ വകുപ്പുകൾ തന്നെ ഫയലിൽ രേഖപ്പെടുത്തിയ കേസുകളിൽ; നിയമ-ധന വകുപ്പുകളുടെ എതിർപ്പ് മറികടന്ന് സ്ഥിരപ്പെടുത്തിയത് 456 പേരെ; സേഫ് സോണിൽ നിന്ന് ഉദ്യോഗസ്ഥർ; സ്ഥിരപ്പെടുത്തൽ മാമാങ്കത്തിന് പുതിയ ഐഡിയയുമായി സാമൂഹിക സുരക്ഷാ മിഷനും
തിരുവനന്തപുരം: കഴിഞ്ഞ മൂന്നര മാസത്തിനിടെ നിയമ, ധന വകുപ്പുകളുടെ എതിർപ്പു മറികടന്ന് മന്ത്രിസഭ സ്ഥിരപ്പെടുത്തിയത് 456 താൽക്കാലിക ജീവനക്കാരെ. നിയമവിരുദ്ധ നിയമനമെന്നു സർക്കാർ വകുപ്പുകൾ തന്നെ ഫയലിൽ രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ഈ സ്ഥിരപ്പെടുത്തലുകൾ കോടതിയിൽ ചോദ്യം ചെയ്താൽ ഉത്തരവുകൾ എല്ലാം അപ്രസക്തമാകും.
പല നിയമനങ്ങളേയും കർണാടക സർക്കാരും ഉമാദേവിയും തമ്മിലെ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയാണു ധനവകുപ്പും നിയമവകുപ്പും എതിർത്തത്. മന്ത്രിസഭ അതൊന്നും കണക്കിലെടുക്കാതെ എല്ലാവരേയും സ്ഥിരപ്പെടുത്തി. മാനുഷിക പരിഗണന നൽകിയാണ് ഇതെന്നാണ് വിശദീകരണം. ഇനിയും കൂടുതൽ പേരെ സ്ഥിരപ്പെടുത്താനാണ് സാധ്യത. യുഡിഎഫിന്റെ കാലത്തു നിയമിച്ചവരെക്കൂടി സ്ഥിരപ്പെടുത്തുന്നുണ്ടെന്ന പട്ടിക നിരത്തി ആരോപണങ്ങളെ പ്രതിരോധിക്കാനാണ് നീക്കം. ഈ വോട്ടുകളെല്ലാം സ്വന്തമാക്കുകയാണ് ലക്ഷ്യം.
പൊതുമേഖലാ സ്ഥാപനങ്ങളിലാണ് താൽക്കാലിക ജീവനക്കാരെ നിയമിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നത്. ഇവിടുത്തെ നിയമനം പിഎസ്‌സിക്കു വിട്ടിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കമുള്ളവയിലെ നിയമനം പിഎസ്‌സിക്കു വിടാൻ സർക്കാർ തയാറല്ലെന്നതാണ് വസ്തുത. അങ്ങനെ ചെയ്താൽ ആശ്രിത നിയമനങ്ങൾ തടസ്സപ്പെടും.
മന്ത്രിസഭയുടെ പരിഗണനയ്ക്കായി വിവിധ വകുപ്പുകളിൽനിന്നു സ്ഥിരപ്പെടുത്തൽ അപേക്ഷകൾ ഇപ്പോഴും എത്തുന്നുണ്ട്. ഇവയിലും എതിർപ്പു രേഖപ്പെടുത്തുകയാണു ധന, നിയമ വകുപ്പുകൾ. ഭാവിയിലെ നിയമ പ്രശ്‌നങ്ങൾ മനസ്സിലാക്കിയാണ് വകുപ്പ് മേധാവിമാരുടെ ഈ നിലപാട് എടുക്കൽ. എന്നാൽ ഇത് സർക്കാർ കാര്യമാക്കുന്നില്ല വിഷയം കോടതിയിൽ എത്തിയാൽ അപ്പോൾ കാണാമെന്നാണ് നിലപാട്.
ഇതിനിടെ സാമൂഹിക സുരക്ഷാ മിഷനിൽ 17 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നു ചൂണ്ടിക്കാട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടർ സർക്കാരിനു കത്ത് നൽകി. ശമ്പളം സുരക്ഷാമിഷൻ ഫണ്ടിൽനിന്നു നൽകാമെന്നു ചൂണ്ടിക്കാണിച്ചു നൽകിയ പട്ടികയിൽ ഓഫിസ് അറ്റൻഡന്റ് മുതൽ റീജനൽ ഡയറക്ടർ വരെയുണ്ട്. സാമൂഹിക സുരക്ഷാ മിഷൻ സ്ഥിരം സംവിധാനമാക്കുന്നതിനു വേണ്ടിയാണ് സ്ഥിരപ്പെടുത്തൽ. കോർപസ് ഫണ്ടിൽ പലിശയിനത്തിൽ ലഭിക്കുന്ന 2.25 കോടിയിൽനിന്ന് ഇവർക്കു ശമ്പളം നൽകാമെന്നും സർക്കാരിനു സാമ്പത്തിക ബാധ്യത വരില്ലെന്നുമാണ് മാനേജിങ് ഡയറക്ടർ നൽകിയിരിക്കുന്ന റിപ്പോർട്ട്.
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ 5 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലാണ്. 10 വർഷം സർവീസ് പൂർത്തിയാക്കാത്തവരും ഇടയ്ക്കു സർവീസ് മുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ഇതെല്ലാം മറച്ചുവച്ചാണ് പട്ടിക സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിച്ച് കഴിഞ്ഞ ദിവസം സർക്കാരിനു കൈമാറിയത്. സാക്ഷരതാ മിഷനിൽ 50 സാങ്കൽപിക തസ്തികകൾ ഉൾപ്പെടെ 83 പേരെ സ്ഥിരപ്പെടുത്താനുള്ള ഫയലും സർക്കാരിന്റെ പരിഗണനയിലുണ്ട്. മിഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞ ദിവസം സ്ഥിരപ്പെടുത്തൽ ശുപാർശ സർക്കാരിനു കൈമാറി.
സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ 6 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തുടങ്ങി. അക്കാദമി സെക്രട്ടറി സാംസ്‌കാരിക വകുപ്പിന് കത്തയച്ചു. ഇതും അംഗീകരിക്കാനാണ് സാധ്യത.
മറുനാടന് മലയാളി ബ്യൂറോ