സൂറിച്ച്: തൊഴിൽ നിയമനങ്ങളിൽ സ്വിറ്റ്‌സർലണ്ടിലെ ഉദ്യോഗാർത്ഥികളിൽ 52 ശതമാനം പേരും അസന്തുഷ്ടരാണെന്ന് ഒരു വാർഷികസർവേ ഫലം വെളിപ്പെടുത്തുന്നു. ഇവിടെ നടന്ന് വരുന്ന ഹയറിങ് പ്രക്രിയകളിലാണ് അവർ അസംതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. സ്വിറ്റ്‌സർലണ്ടിലെ ഉദ്യോർത്ഥികളിൽ 48 ശതമാനം പേർ മാത്രമെ ഇവിടുത്തെ ഹയറിംഗിൽ സംതൃപ്തി രേഖപ്പെടുത്തുന്നുള്ളൂ. ഗ്ലോബൽ ശരാശരിയായ 50 ശതമാനത്തേക്കാൾ താഴ്ന്ന നിരക്കാണിത്. എന്നാൽ ഇക്കാര്യത്തിൽ ഇറ്റലിയേക്കാൾ സ്വിറ്റ്‌സർലണ്ട് മുന്നിലാണ്. ഇവിടെ 23 ശതമാനത്തിന് മാത്രമെ ഹയറിങ് നടപടിക്രമങ്ങളിൽ താൽപര്യമുള്ളൂ.

31 രാജ്യങ്ങളിൽ നിന്നുള്ള 230,000 ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് കെല്ലി സർവീസസ് നടത്തിയ  സർവേയിൽ 4,700 സ്വിറ്റ്‌സർലണ്ടുകാരും ഭാഗഭാക്കായിരുന്നു. ജോലിക്കായി തങ്ങൾ സമർപ്പിക്കുന്ന ഓൺലൈൻ ആപ്ലിക്കേഷനുകൾക്ക് പ്രതികരണം ലഭിക്കുന്നില്ലെന്നതാണ് സ്വിറ്റ്‌സർലണ്ടിലെ ഉദ്യോഗാർത്ഥികളുടെ സ്ഥിരമായ പരാതി. നല്ല രീതിയിലുള്ള ജോബ്ഡിസ്‌ക്രിപ്ഷനും ഹയറിങ് പ്രക്രിയകളെക്കുറിച്ചുള്ള വ്യക്തവും സ്ഥിരവുമായ ആശയവിനിമയവും വേണമെന്നാണ് സർവേയിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടിരിക്കുന്നത്.

യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ മേഖല എന്നിവിടങ്ങളിലെ 32 ശതമാനം ഉദ്യോഗാർത്ഥികൾ മാത്രമെ ഇന്റർവ്യൂവിന് ശേഷമുള്ള തൊഴിലുടമയുടെ ആശയവിനിമയ പ്രക്രിയകളിൽ സംതൃപ്തി രേഖപ്പെടുത്തുന്നുള്ളൂവെന്ന് കെല്ലി സർവീസസ് വെളിപ്പെടുത്തുന്നു. സാലറി റേഞ്ചിനെക്കുറിച്ചുള്ള അറിവിൽ 21 ശതമാനം പേർ മാത്രമെ തൃപ്തി രേഖപ്പെടുത്തിയിട്ടുള്ളൂ. സ്വിറ്റ്‌സർലണ്ടിലും നിരവധി കോണ്ടിനന്റൽ യൂറോപ്യൻ രാജ്യങ്ങളിലും ജോലിക്കുള്ള ശമ്പളം പരസ്യപ്പെടുത്തുന്ന പതിവ് കുറവാണ്. എന്നാൽ യുകെയിലും യുഎസിലും സ്ഥിതി വ്യത്യസ്തമാണ്.