ദുബായ്: തൊഴിൽ ദാതാക്കളെയും തൊഴിലന്വേഷകരെയും ബന്ധിപ്പിച്ച് ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച ജോബ് ഫെസ്റ്റ്-2016 ചരിത്രമായി. ദുബായ് കെഎംസിസിയുടെ പ്രവർത്തന വീഥിയിൽ പുതിയൊരു അധ്യായമാണ് ഇതുവഴി തുന്നിചേർക്കപ്പെട്ടത്. 25 കമ്പനികളുടെയും സ്ഥാപനങ്ങളുടെ പ്രതിനിധികൾ നേരിട്ട് എത്തി ഖിസൈസ് ഗൾഫ് മോഡൽ സ്‌കൂളിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് വച്ചാണ് ആയിരത്തോളം വരുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്തത്. 725 തസ്തികളിലേക്ക് നടന്ന ഇന്റർവ്യൂ വഴി 300 പരം ആളുകൾക്കാണ് തൊഴിൽ അവസരം ലഭിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതൽ രാത്രി 10 മണി വരെ നീണ്ടു നിന്ന ജോബ് ഫെസ്റ്റ് ദുബായ് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് അഥോറിറ്റിയുടെ ലൈസൻസ് വിഭാഗം തലവൻ പളനി ബാബു ഉദ്ഘാടനം ചെയ്തു. ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ച പരിപാടിയിൽ യഹയ തളങ്കര, അനീസ് ആദം, ഹുസൈനാർ ഹാജി എടച്ചാക്കൈ, എ.സി ഇസ്മായിൽ, ഒ.കെ ഇബ്രാഹിം, അഡ്വ:സാജിദ് അബൂബക്കർ എന്നിവർ സംസാരിച്ചു.

ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും മൈ ജോബ് വിഭാഗം കൺവീനർ സിയാദ് നന്ദിയും പറഞ്ഞു. നേരത്തെ ട്രെയിനർമാരായ ബഷീർ അഹമ്മദ് (ഇന്റർവ്യൂവിന്റെ സമീപനനങ്ങൾ), സി.എ റസാഖ്( മൈന്റ് ട്യൂൺ), സി.മുനീർ (ഡിജിറ്റൽ വേർഡ്) എന്നിവർ ക്ലാസെടുത്തു. പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവും സാമൂഹ്യ പ്രവർത്തകനുമായ അഷ്‌റഫ് താമരശ്ശേരി ഉദ്യോഗാർത്ഥികൾക്ക് ആശംസ അർപ്പിച്ചു. ദുബായ് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ മുസ്തഫ തിരൂർ,മുഹമ്മദ് പട്ടാമ്പി, എൻ.കെ ഇബ്രാഹിം സെക്രട്ടറിമാരായ ഇസ്മായിൽ ഏറാമല,അബ്ദുൾഖാദർ അറിപ്പാബ്ര, ആർ.ശുക്കൂർ, ഹനീഫ് കൽമട്ട, അഷ്റഫ് കൊടുങ്ങല്ലൂർ, ഇസ്മായിൽ അരീകുറ്റി എന്നിവർ സംബന്ധിച്ചു. ഹംസ പയ്യോളി, മുസ്തഫ വേങ്ങര, ഷിബു കാസിം, മുനീർ ചെർക്കള, ഇബ്രാഹിം ഇരിട്ടി, മുഹമ്മദ് വള്ളിക്കുന്ന് എന്നിവരുടെ നേതൃത്വത്തിൽ വളണ്ടിയർ വിഭാഗം പരിപാടി നിയന്ത്രിച്ചു.