- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ആലപ്പുഴ സ്വദേശി മുക്കത്ത് വാടകക്ക് താമസിച്ചിരുന്നത് സ്വകാര്യ ആശുപത്രിയിലെ നഴ്സിനോടൊപ്പം; പ്രവാസിയാണെന്നും കൂടെയുള്ളത് ഭാര്യയാണെന്നും നാട്ടുകാരെ വിശ്വസിപ്പിച്ചു; പരാതികളുമായി കൂടുതൽ പേർ; പണം തട്ടിയത് ഇരുപത്തഞ്ചോളം പേരിൽ നിന്ന്
കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ കോഴിക്കോട് മുക്കം കെഎംസിടി ആശുപത്രിക്ക് സമീപത്തെ വാടകവീട്ടിൽ നിന്നും പിടിയിലായ ആലപ്പുഴ സ്വദേശി താമസിച്ചിരുന്നത് കെഎംസിടി ആശുപത്രിയിലെ നഴ്സിനോടൊപ്പം. ആലപ്പുഴ സ്വദേശിയായ റോണിതോമസിനെയാണ് കോഴിക്കോട് മുക്കം നഗരസഭയിലെ മണാശേരി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം ഒളിവിൽ കഴിയവെ കോട്ടയം ഗാന്ധി നഗർ പൊലിസ് പിടികൂടിയത്.
കൊല്ലം സ്വദേശിനിയായ നഴ്സിനോടൊപ്പമാണ് ഇയാൾ കെഎംസിടി ആശുപത്രിക്ക് സമീപം വാടകക്ക് താമസിച്ചിരുന്നത്. താൻ പ്രവാസിയാണെന്നും കൂടെയുള്ളത് ഭാര്യയാണെന്നുമാണ് ഇയാൾ അയൽവാസികളടക്കമുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. കൊല്ലം സ്വദേശിനിയായ നഴ്സിന്റെ ആശുപത്രിയിലെ ജോലിയുടെ പേരിലാണ് വീട് വാടകക്ക് എടുത്തിരുന്നത്. എന്നാൽ നഴ്സിന് ഇയാളുടെ തട്ടിപ്പുകളിൽ പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്നത് മാത്രമാണ് കൊല്ലം സ്വദേശിനിയായ നഴ്സിന്റെ പേരിലുള്ള കുറ്റം. റോണി തോമസ് നിരവധിയാളുകളിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. കോട്ടയം ഗാന്ധിനഗർ സ്വദേശി റോയിയുടെ പരാതിയിലാണ് ഇപ്പോൾ പ്രതിയെ പിടികൂടിയത്. മകന്റെ ഭാര്യക്ക് കുവൈത്തിൽ ജോലി വാഗ്ദാനം നൽകി മൂന്നു തവണയായി 23 ലക്ഷം രൂപ ഇയാൾ കൈപ്പറ്റിയെന്നാണ് പരാതി. ഇത്തരത്തിൽ വേറെയും ആളുകളിൽ നിന്ന് ഇയാൾ പണം തട്ടിയെടുത്തതായും സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ പരാതികൾ ഉള്ളതായും പൊലീസ് പറയുന്നു.
ഇരുപത്തഞ്ചോളം ആളുകളിൽ നിന്ന് രണ്ട് കോടി രൂപയോളം ഇയാൾ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ അഡിഷണൽ എസ്ഐ അരവിന്ദ് കുമാർ, എഎസ്ഐ രാജേഷ് ഖന്ന, സിവിൽ പൊലിസ് ഓഫിസർ പ്രവീൺ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കോഴിക്കോടെത്തി പ്രതിയെ പിടികൂടിയത്.
കോട്ടയം ഗാന്ധി നഗർ സ്വദേശി റോയിയുടെ പരാതിയിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്. പരാതിക്കരനായ റോയി, മകൻ രഞജിത്, രഞ്ജിതിന്റെ ഭാര്യയും പ്രതി റോണിയും റോണിയുടെ ഭാര്യയും കുവൈത്തിൽ ഒരുമിച്ചായിരുന്നു താമസം. രഞ്ജിത്തിന്റെ ഭാര്യക്ക് കുവൈത്തിലെ പ്രമുഖ എണ്ണക്കമ്പനിയിൽ ന്ഴസായി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് റോണി പണം കൈപറ്റിയത്. കുവൈത്തിൽ വെച്ച് രഞ്ജിത്തിൽ നിന്ന് 8 ലക്ഷവും പിതാവ് റോയിയിൽ നിന്ന് നാട്ടിൽവെച്ച് 13 ലക്ഷവുമാണ് റോണി കൈപ്പറ്റിയിട്ടുള്ളത്.
പണം കൈപറ്റിയ ശേഷം റോണി നാടുവിടുകയായിരുന്നു. പിന്നീട് 8 മാസത്തോളം റോണി കേരത്തിൽ വിവിധയിടങ്ങളിൽ ഒളിച്ച് താമസിക്കുകയായിരുന്നു. എട്ട് മാസങ്ങൾക്ക് മുമ്പാണ് പണം നഷ്ടപ്പെട്ട പ്രവാസി കുടുംബം കോട്ടയം ഗാന്ധി നഗർ പൊലീസിൽ പരാതി നൽകിയത്. കോട്ടയം എസ്പിക്കും പരാതി നൽകിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് പരാതിക്കാരൻ കോട്ടയം സബ്കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ പ്രതി പിടിയിലായിരിക്കുന്നത്.
നാല് മാസത്തോളമായി പ്രതി കോഴിക്കോട് മുക്കം കെഎംസിടി ആശുപത്രിക്ക് സമീപത്തെ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു. ഇതിന് മുമ്പ് ഒറ്റപ്പാലം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും പ്രതി ഒളിവിൽ കഴിഞ്ഞിരുന്നു. പൊലീസ് അന്വേഷിച്ചെത്തുന്നതിന് തൊട്ടുമുമ്പ് ഇവിടങ്ങളിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.ആലപ്പുഴ, റാന്നി, മാന്നാർ ഭാഗങ്ങളിലും ഇയാൾ സമാനമായ രീതിയിൽ തട്ടിപ്പുകൾ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ നടത്തിയ തട്ടിപ്പുകളിൽ രണ്ട് കോടി രൂപയോളം പ്രതി തട്ടിയെടുത്തിട്ടുള്ളതായാണ് വിവരം.