മനാമ: ഇല്ലാത്ത കമ്പനിയുടെ പേരിൽ മികച്ച ജോലി ഓഫർ ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘം വീണ്ടും രംഗത്തെത്തിയതായി റിപ്പോർട്ട്. ഇത്തരം തട്ടിപ്പ് സംഘത്തിന്റെ തട്ടിപ്പ് രീതികളിൽ ഇരയാകുന്നവരുടെ എണ്ണം കൂടിവരുകയാണ്.മികച്ച വാഗ്ദാനങ്ങൾ നല്കി നിയമന കത്ത് അയക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യ പടി.ഒരുമാസത്തെ പരിശീലനത്തിനായി ഹാരജരാകാനും,  പരിശീലന സമയത്ത്  മുഴുവൻ വർക്ക് സൈറ്റുകളും കാണിക്കുമെന്നും കരാറനുസരിച്ച് മറ്റിടങ്ങളിൽ നിയമനം നൽകുമെന്നും കത്തിൽ പറയും. രണ്ട് വർഷത്തെ കരാർ കാലാവധിയിൽ 650 ദിനാറാണ് ശമ്പളം വാഗ്ദാനവും കത്തിൽ പറഞ്ഞിരിക്കും.

ഒരു മാസത്തെ പരിശീലനം കഴിഞ്ഞാൽ നിയമനം നൽകുമെന്നും ഓവർടൈം അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുമെന്നും കത്തിൽ വ്യക്തമാക്കും. താമസവും ഭക്ഷണവും കമ്പനി വക. സൗജന്യ വിമാന ടിക്കറ്റും ചികിത്സയും നൽകുന്നതോടൊപ്പം വാർഷിക അവധിക്ക് പോകുമ്പോൾ ബഹ്‌റൈൻ തൊഴിൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങളെല്ലാം നൽകുമെന്നും വാഗ്ദാനമുണ്ട്.

പാസ്‌പോർട്ട് കോപ്പിയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കോപ്പിയും ബഹ്‌റൈനിലെ സിറ്റി ന്യൂ ട്രാവൽസ് എന്ന സ്ഥാപനത്തിന് അയച്ചുകൊടുക്കണമെന്നും കത്തിൽ പറയും. ഈ ട്രാവൽസിന്റെ വ്യാജ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും അയച്ചുകൊടുത്തിട്ടുണ്ട്. വിസ നടപടികൾക്കായി എത്രയും വേഗം 150 ദിനാർ ട്രാവൽസിന്റെ പേരിൽ അയക്കണമെന്നും നിർദേശിക്കുന്നുണ്ട്.

എന്നാൽ കത്തിൽ പറഞ്ഞിരിക്കുന്ന ട്രാവൽസുമായി ഫോണിൽ ബന്ധപ്പെടുന്നവർക്ക് മറുപടി ലഭിക്കില്ലെന്നതാണ് സത്യം. ഇമെയ്ൽ നല്കിയിരിക്കുന്നതിൽ വഴിയാണ് ബാക്കി തട്ടിപ്പുകൾക്ക് ഇവർ കളമൊരുക്കുക. ഇതിലൂടെ ബന്ധപ്പെട്ടാൽ മാത്രം പണമിടപാടുകൾ സംബന്ധിച്ച് നിർദ്ദേശം നൽകുകയാണ് ഇവരുടെ രീതിയെന്ന് സംശയിക്കുന്നു.

ബ്രിട്ടീഷ് കമ്പനിയെന്ന് പരിചയപ്പെടുത്തുന്ന ഇവരുടെ കത്തിൽ വ്യവസായ മന്ത്രാലയം, വിഷൻ 2030, തംകീൻ തുടങ്ങിയ ഔദ്യോഗിക സ്ഥാപനങ്ങളുടെയും ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സിന്റെയും ലോഗോകൾ പതിച്ചിട്ടുണ്ട്.

ഇത്തരം തട്ടിപ്പ് വാർത്തകൾ ദിനംപ്രതി പുറത്തുവന്നാലും നാട്ടിലെ മാദ്ധ്യമങ്ങളിൽ പരസ്യം ചെയ്ത് ഇത്തരം തട്ടിപ്പ് സംഘങ്ങളിൽ അകപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണവും ഏറിവരുകയാണ്.  വിശ്വാസ്യത തോന്നിപ്പിക്കുന്ന ഇവരുടെ രേഖകളിൽ വീണ് മറ്റു അന്വേഷണങ്ങൾ നടത്താതെ പണം അയക്കുന്നവർ പൂർണമായ അന്വേഷണത്തിന് ശേഷം മാത്രം ഇറങ്ങിത്തിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.