കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നഷ്ടഭീഷണിയെന്ന് റിപ്പോർട്ട്. മന്ത്രാലയത്തിന് കീഴിൽ 34 വർഷം സേവനമനുഷ്ടിച്ചവർക്കാണ് പിരിച്ചുവിടൽ നോട്ടീസ് ലഭിക്കുക. വിദേശി സ്വദേശി വ്യത്യാസമില്ലാതെ ഇവരോട് സെപ്റ്റംബറിൽ വിരമിക്കാൻ ആവശ്യപ്പെടും.

നിശ്ചിത കാലയളവ് സർവ്വീസ് പൂർത്തിയാക്കിയവരുടെ പട്ടിക തയ്യാറാക്കി വരുകയാണ്. തൊഴിൽ കാത്തിരിക്കുന്ന കൂടുതൽ സ്വദേശികൾക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.വിദ്യാഭ്യാസ മന്ത്രാലയത്തിലും 34 വർഷം സർവിസുള്ളവരെ പിരിച്ചുവിടാൻ നിർദ്ദേശമുണ്ടെങ്കിലും യോഗ്യരായ അദ്ധ്യാപകരെ വേണ്ടത്ര ലഭ്യമല്ലാത്തതിനാൽ നിർദ്ദേശം നടപ്പാക്കുന്നതിന് തടസ്സം നേരിട്ടിരുന്നു.

60 വയസ്സു കഴിഞ്ഞ വിദേശികളെ സർക്കാർ സർവീസുകളിൽനിന്ന് പിരിച്ചുവിടുന്ന പദ്ധതി ഉടൻ നടപ്പാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്. തുടക്കത്തിൽ അസിസ്റ്റന്റ് തസ്തികയിലുള്ള വരെയായിരിക്കും പിരിച്ചുവിടുക.