ദോഹ: ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായി പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഖത്വർ പെട്രോളിയം കഴിഞ്ഞ എട്ടു മാസത്തിനിടെ 3000 ത്തോളം വിദേശ ജീവനക്കാരെയാണ് പിരിച്ചുവിട്ടതിന് പിന്നാലെ ഖത്തറിൽ മലയാളികൾ ഉൾപ്പെടെ ജോലി ചെയ്യുന്ന ആരോഗ്യ വകുപ്പ് രംഗത്തെ ജീവനക്കാർക്കും തൊഴിൽ നഷ്ട ഭീഷണി. ആരോഗ്യ വകുപ്പ് പ്രൈമറി ഹെൽത്ത് സെന്റർ ജീവനക്കാരാക്കാണ് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതോടെ തൊഴിൽ ഭീഷണി നേരിടുന്നത്.

നഴ്‌സ്, എയ്ഡ് ബോയ് തസ്തികകളിൽ പ്രവർത്തിക്കുന്നവർക്കാണ് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. എണ്ണവിലയിടിവിനെത്തുടർന്ന് രാജ്യം പുലർത്തുന്ന സാമ്പത്തിക ജാഗ്രതയുടെ ഭാഗമായുള്ള നടപടികളെത്തുടർന്നാണ് പിരിച്ചു വിടലെന്നാണ് സൂചന. മറ്റു വകുപ്പുകളിലെയും താഴ്ന്ന തസ്തികകളിൽ പിരിച്ചുവിടൽ നടക്കുന്നുണ്ട്.

മലയാളികൾ ധാരാളം പ്രവർത്തിക്കുന്ന തസ്തികകളാണിത്. സ്ഥാപനത്തിൽ പുനക്രമീകരണം നടത്തുന്നതിന്റെ ഭാഗമായാണ് ഒഴിവാക്കുന്നതെന്നും ഉത്തരവാദിത്തം കൈമാറണമെന്നും അറിയിച്ചാണ് ജീവനക്കാർക്ക് നോട്ടീസ് ലഭിച്ചത്. ഹെൽത്ത് സെന്ററുകളിൽ മറ്റു വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. സർക്കാർ വകുപ്പുകളിലേക്കുള്ള പുതിയ നിയമന, ഫിനിഷിങ് ലിസ്റ്റുകൾ അടുത്തയാഴ്ച മുതൽ ബന്ധപ്പെട്ട വകുപ്പുകൾ ഭരണ വികസനകാര്യ മന്ത്രാലയത്തിലേക്കു അയച്ചുതുടങ്ങുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു.

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും പിരിച്ചുവിടൽ ഭീഷണിയുള്ളതായി നേരത്തേ റിപോർട്ടുകൾ പുറത്തുവന്നിരുന്നു. ഇനിയും പ്രവർത്തനമാരംഭിച്ചിട്ടില്ലാത്ത സിദ്‌റ മെഡിക്കൽ ആൻഡ് റിസർച്ച് സെന്റർ റിക്രൂട്ട് ചെയ്ത തൊഴിലാളികളിൽ 200ഓളം പേരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി വാർത്ത വന്നു. ഹമദ് മെഡിക്കൽ കോർപറേഷനിലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചതായി അറിയുന്നു. മലയാളികളുൾ പ്പെടെയുള്ള പ്രവാസി സമൂഹം ജോലി നഷ്ടപ്പെടുമെന്ന ഭയത്തിലാണ് ഇപ്പോൾ ദിനങ്ങൾ തള്ളിനീക്കുന്നത്.