മസ്‌കത്ത്: ഒമാൻ തൊഴിൽ വിസ ഫീസ് നിരക്കുകൾ വർധിപ്പിച്ചു. നിലവിലെ നിരക്കിൽനിന്ന് അമ്പതു ശതമാനത്തിന്റെ വർധനയാണ് വരുത്തിയത്. പുതുക്കിയ നിരക്കുകൾ ഉടൻ നിലവിൽവരും. ഗസറ്റിൽ പബ്‌ളിഷ് ചെയ്യുന്നതോടെയാകും നിരക്ക് വർധന പ്രാബല്യത്തിൽ വരുക.

സ്വകാര്യമേഖലയിൽ പുതിയ തൊഴിൽ വിസക്കും നിലവിലുള്ളവ പുതുക്കുന്നതിനും 201 റിയാലാണ് നിലവിൽ തൊഴിലുടമ നൽകേണ്ടത്. ഇത് 301 റിയാലായാണ് ഉയരുക. പ്രത്യേക മേഖലയിലുള്ള തൊഴിലാളികളുടെ ഗണത്തിലുള്ള വീട്ടുജോലിക്കാർ, ഒട്ടകങ്ങളെ മെയ്‌ക്കുന്നവർ, കാർഷികമേഖലയിലെ തൊഴിലാളികൾ എന്നിവരുടെ
വിസാ നിരക്കുകളിലും വർധനവുണ്ട്.

മുന്നു വീട്ടുജോലിക്കാരെ വരെ റിക്രൂട്ട് ചെയ്യുന്നതിന് 141 റിയാൽ വീതമാണ് അടക്കേണ്ടത്. നാലാമത്തെയാളെ റിക്രൂട്ട് ചെയ്യുന്ന പക്ഷം 241 റിയാൽ നൽകണം. നാലു വീട്ടു ജോലിക്കാരെയും നിലനിർത്തുകയും രണ്ടിലധികം വർഷം വിസ പുതുക്കുകയും ചെയ്താൽ ഓരോരുത്തർക്കും 241 റിയാൽ വീതം ടക്കണം. കർഷക തൊഴിലാളികളെയും ഒട്ടകങ്ങളെ മേക്കുന്നവരെയും റിക്രൂട്ട് ചെയ്യുന്നവർ ഒരു തൊഴിലാളിക്ക് 201 റിയാൽ എന്ന കണക്കിന് അടക്കണം. നാലാമത്തെ റിക്രൂട്ട്‌മെന്റിന് 301 റിയാലാണ് നിരക്ക്.

നാലുപേരെയും നിലനിർത്തുകയും രണ്ടിലധികം വർഷം വിസ പുതുക്കുകയും
ചെയ്താൽ ഓരോരുത്തർക്കും 301 റിയാൽ വീതം അടക്കണം. സ്‌പോൺസർമാരെ മാറ്റുക, വർക്കർ സ്റ്റാറ്റസിനെ കുറിച്ച വിവരങ്ങൾ അറിയുക എന്നീ സേവനങ്ങൾക്ക് അഞ്ചു റിയാൽ വീതവും ഫീസ് ഈടാക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വക്താവ് അറിയിച്ചു. നിരക്ക് വർധന സംബന്ധിച്ച് ഉടൻ ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു. എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിസാ ഫീസ് നിരക്കുകൾ വർധിപ്പിക്കുമെന്ന് സർക്കാർ നേരത്തേ അറിയിച്ചിരുന്നു.