സൂറിച്ച്: സ്വിറ്റ്‌സർലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് തുടർച്ചയായ നാലം മാസവും മുകളിലോട്ട് തന്നെ. ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 3.7 ശതമാനം ആയിരുന്നത് ജനുവരിയിൽ 3.8 ശതമാനമായാണ് വർധിച്ചിരിക്കുന്നത്. അഞ്ചു വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

വിദേശികൾക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് 7.3 ശതമാനത്തിൽ നിന്ന് 7.6 ശതമാനമായാണ് വർധിച്ചിരിക്കുന്നത്. അതേസമയം സ്വദേശികൾക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് 2.5 ശതമാനത്തിൽ നിന്ന് 2.6 ശതമാനമായാണ് വർധിച്ചിട്ടുള്ളത്. ജനുവരി മാസാവസാനത്തെ കണക്ക് പ്രകാരം തൊഴിലില്ലാത്ത 163,644 പേരാണ് ഒരു റീജണൽ ജോബ് സെന്ററിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുൻ മാസത്തെക്കാൾ 5,015 കൂടുതലാണിത്.

2015  ജനുവരി മാസത്തെ അപേക്ഷിച്ച് തൊഴിലില്ലാത്തവരുടെ എണ്ണം 12,698 കൂടി (8.4 ശതമാനം) വർധിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്യപ്പെട്ട തൊഴിൽ രഹിതരിൽ പകുതിയോളം പേർ വിദേശികളാണെന്നാണ് കണക്ക്.

സ്വിറ്റ്‌സർലണ്ടിൽ തന്നെ ന്യൂഷെട്ടൽ കാന്റണിൽ ആണ് ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ളത്. ഇവിടെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണ് അതേസമയം ഏറ്റവും കുറവുള്ളത് ഒബ്വാൽഡൻ കാന്റണിലും. ഇവിടെ 1.1 ശതമാനമാണ് നിരക്ക്. മുൻ മാസത്തെ അതേ നിരക്കു തന്നെ. സ്വിറ്റ്‌സർലണ്ടിലെ ഏറ്റവും വലിയ ജോബ് മാർക്കറ്റായ സൂറിച്ചിൽ നാലു ശതമാനവും ജനീവയിൽ 5.8 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്.