ടൊറന്റോ: ഈ വർഷം പാർലമെന്റിലേക്ക് നടക്കുന്ന മത്സരത്തിൽ മലയാളിയും. മാർക്കം തോൺഹിൽ മണ്ഡലത്തിലാണ് മലയാളിയായ ജോബ്‌സൺ ഈശോ മത്സരിക്കാൻ ഒരുങ്ങുന്നത്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ ലേബലിലാണ് കോഴഞ്ചേരി മാരാമൺസ്വദേശിയായ ജോബ്‌സൺ മത്സരിക്കുന്നത്.

പാർട്ടി ദേശീയ നിർവാഹക സമിതി ജോബ്‌സന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചിട്ടുണ്ട്. ഒക്ടോബറിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മാരാമൺ ആറങ്ങാട്ട് മടോലിൽ കുടുംബാംഗമായ ജോബ്‌സൺ 1993-ലാണ് കുടുംബസമേതം കാനഡയിലേക്ക് കുടിയേറുന്നത്. കാനഡയിൽ എത്തിയതു മുതൽ ജോബ്‌സൺ മാർഖം സിറ്റിയിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

മാർഖം റേസ് റിലേഷൻസ് കമ്മിറ്റി ചെയർമാൻ, ബോക്‌സ് ഗ്രോവ് കമ്മൂണിറ്റി അസോസിയേഷൻ ബോർഡ് ഡയറക്ടർ, മാർഖം മ്യൂസിക്ക് ഫെസ്റ്റിവൽ ബോർഡ് ഡയറക്ടർ, ദ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ടൊറന്റോ, ബിൽഡിങ് എ ക്രിയേറ്റീവ് മാർഖം കമ്മിറ്റി അഡൈ്വസർ തുടങ്ങിയ സ്ഥാനമാനങ്ങൾ വഹിക്കുന്നയാളാണ് ജോബ്‌സൺ. കാനഡയിലെ കമ്യൂണിറ്റി സർവീസ് സേവനങ്ങൾക്ക് 2012-ൽ ക്യൂൻസ് ഡയമണ്ട് ജൂബിലി മെഡലും  മാർഖം സിറ്റിയിലെ പ്രവർത്തനങ്ങൾക്ക് മേയറുടെ അവാർഡും ജോബ്‌സണു ലഭിച്ചിട്ടുണ്ട്.