കൊച്ചി: പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രം മലയാള സിനിമ ഇന്നേവരെ കണ്ട ഏറ്റവും വലിയ ഹിറ്റായി മാറുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. നൂറ് കോടി ലക്ഷ്യമാക്കി മോഹൻലാൽ ചിത്രം കുതിക്കുമ്പോൾ നിരാശ പടരുന്നത് മമ്മൂട്ടി ഫാൻസുകാർക്കാണ്. അത്രയ്ക്കുണ്ട് സൈബർലോകത്തും മറ്റുമുള്ള താര ആരാധകർ തമ്മിലുള്ള യുദ്ധം. ഒരു മമ്മൂട്ടി ചിത്രവും 30 കോടി കടന്നിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് മോഹൻലാൽ ചിത്രം 100 കോടി ലക്ഷ്യമാക്കി കുതിക്കുന്നത്.

ഇതിനോടകം 60 കോടി പിന്നിട്ടിട്ടുണ്ട് ചിത്രം. ഇങ്ങനെ 100 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന മോഹൻലാൽ ചിത്രത്തിനെതിരെ മമ്മൂട്ടി ഫാൻസുകാർ സൈബർ ലോകത്ത് പ്രചരണം നടത്തുന്നുണ്ടെന്നത് ഒരു വാസ്തവമാണ്. സിനിമ പലസിനിമകളിൽ നിന്നുള്ള കോപ്പിയാണെന്നാണ് പ്രധാന ആക്ഷേപം. പുലിമുരുകന് വേണ്ടി ഗോപിസുന്ദർ ഈണമിട്ട തീം സോംഗും കോപ്പിയടിയാണെന്ന ആരോപണം ശക്തമാണ്. ഈ വിവാദത്തിന് ഗോപിസുന്ദർ തന്നെ മറുപടി നൽകുകയും ചെയ്തു. എന്നാൽ, പുലിമുരുകൻ സിനിമയെ കളിയാക്കി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് മമ്മൂട്ടിയുടെ വിശ്വസ്തൻ കൂടിയായ നിർമ്മാതാവാണ്. ഇതോടെ താരപോരാട്ടം പുതിയ തലത്തിലേക്ക് കടക്കുന്നു എന്നതിന്റെ തെളിവായി മാറി ഈ സംഭവം.

മോഹൻലാൽ സിനിമകളെയും കളിയാക്കിയ ഒരു വീഡോയോ പോസ്റ്റ് ഷെയർ ചെയ്താണ് യുകെ വ്യവസായിയും മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ജോബി ജോർജ്ജ് രംഗത്തെത്തിയത്. കുറേ തള്ളും അതിലേറെ കോപ്പിയടിയും ചേർന്നാൽ ഒരു ലാൽ മൂവീ ആയി എന്ന അടിക്കുറിപ്പുള്ള ട്രോൾ വീഡിയോ ആണ് ഗുഡ് വിൽ എന്റർടെയിന്മെന്റ് എന്ന നിർമ്മാണകമ്പനിയുടെ ഉടമ ജോബി ജോർജ്ജ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.

ജോ ആൻഡ് ദി ബോയ്, ആൻ മരിയാ കലിപ്പിലാണ് എന്നീ സിനിമകളുടെ നിർമ്മാതാവ് കൂടിയാണ് ജോബി ജോർജ്ജ്. പുലിമുരുകൻ എന്ന സിനിയിലെ മുരുകാ മുരുകാ പുലിമുരുകാ എന്ന തീം സോംഗ് ഉഡുരാജമുഖി എന്ന തുടങ്ങുന്ന ചോറ്റാനിക്കര ഭക്തിഗാനത്തിന്റെ കോപ്പിയടിയാണെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നിരുന്നു. റോക്ക് ആൻ റോൾ എന്ന ചിത്രത്തിൽ ഹിറ്റ് ഗാനം കോപ്പിയടിച്ച് പാട്ടുണ്ടാക്കുന്ന രംഗം ഉപയോഗിച്ച് സൃഷ്ടിച്ച ട്രോൾ വീഡിയോയാണ് ജോബി ഷെയർ ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുമായി വളരെ അടുപ്പം പുലർത്തുന്ന നിർമ്മാതാവ് ഇത്തരമൊരു വീഡിയോ ഷെയർ ചെയ്തത് താരയുദ്ധത്തിന്റെ ഭാഗമാണെന്ന ആരോപണം ശക്തമാണ്. എന്നാൽ ഒരു തമാശയെന്ന വിധത്തിലാണ് അദ്ദേഹം ഷെയർ ചെയ്തത്.

നേരത്തെ സംവിധായകൻ സോഹൻ സീനുലാൽ പുലിമുരുകനും തോപ്പിൽ ജോപ്പനുമായുള്ള മത്സരത്തിൽ ടോപ്പിൽ ജോപ്പനാണെന്ന് പോസ്റ്റ് ചെയ്തത് മമ്മൂട്ടി-മോഹൻലാൽ ആരാധകരുടെ സോഷ്യൽ മീഡിയാ തർക്കത്തിന് കാരണമാക്കിയിരുന്നു. സോഹൻ സീനുലാൽ തോപ്പിൽ ജോപ്പനിലെ അഭിനേതാവ് കൂടിയാണ്. മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പനും, മോഹൻലാൽ ചിത്രമായ പുലിമുരുകനും ഒരേ ദിവസമാണ് തിയറ്ററുകളിലെത്തിയത്. വർഷങ്ങൾക്ക് ശേഷമുള്ള ഈ താരപോരാട്ടത്തിൽ വിജയം പുലിമുരുകന് ഒപ്പം തന്നെയായിരുന്നു.