വാഷിങ്ടൻ: അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും (78) 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 127 വർഷം പഴക്കമുള്ള കുടുംബ ബൈബിളിൽ തൊട്ടാണ് ബിഡൻ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു (ഇന്ത്യൻ സമയം രാത്രി 10.30) ചടങ്ങുകൾ. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് ബൈഡൻ. വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഇന്ത്യൻ വംശജരിൽ നിന്ന് ഒരാൾ യുഎസ് വൈസ് പ്രസിഡന്റാകുന്നതും ആദ്യം. തമിഴ്‌നാട്ടിൽ കുടുംബവേരുകളുള്ള വനിതയാണ് കമല.

യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബിഡൻ ബുധനാഴ്ച രാവിലെ വാഷിങ്ടൺ ഡിസിയിലെ സെന്റ് മാത്യു കത്തീഡ്രലിൽ എത്തി കുർബാനയിൽ പങ്കെടുത്തു. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ നേതാക്കളും ചടങ്ങിൽ പങ്കെടുത്തത് രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി. അമേരിക്കൻ ഐക്യനാടുകളുടെ ഭാവി 46-ാമത് പ്രസിഡന്റിനൊപ്പം ഭാര്യ ജിൽ ബിഡൻ, ഡെമോക്രാറ്റിക് സ്പീക്കർ നാൻസി പെലോസി, സെനറ്റ് പ്രതിപക്ഷ നേതാവ് ചക് ഷുമേർ, റിപ്പബ്ലിക്കൻ സെനറ്റ് നേതാവ് മിച്ച് മക്കോണെൽ, കെവിൻ മക്കാർത്തി എന്നിവരും ഉണ്ടായിരുന്നു.

പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ യുഎസിൽ ആഘോഷമായി നടക്കുകയാണ് പതിവ്. ഇത്തവണ വെറും 1000 പേർ മാത്രം പങ്കെടുക്കുന്നതായിരുന്നു ചടങ്ങ്. അക്രമങ്ങൾ നടക്കുമെന്ന ഭീഷണിയുള്ളതിനാൽ മുൻപെങ്ങുമില്ലാത്ത സുരക്ഷയിലാണു തലസ്ഥാനം. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അധികാരക്കൈമാറ്റത്തിന് എത്തിയില്ല എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്.
അമേരിക്കൻ തലസ്ഥാനത്ത് വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 25,000 ത്തിലധികം ദേശീയ ഗാർഡുകളുടെ അഭൂതപൂർവമായ സുരക്ഷയിലാണ് ചരിത്രപരമായ ചടങ്ങുകൾ നടന്നത്.

അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡൻ. 78 വയസ്സാണ് ബൈഡന്റെ പ്രായം. സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിട്ടുനിന്നെങ്കിലും വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെൻസ് സാന്നിധ്യമറിയിച്ചു. അമേരിക്കൻ ചരിത്രത്തിലെ വനിതാ വൈസ് പ്രസിഡന്റായിട്ടാണ് കമല ഹാരിസ് അധികാരമേറ്റത്. വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്‌നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ്. ഇന്ത്യൻ വംശജരിൽ നിന്ന് ഒരാൾ യുഎസ് വൈസ് പ്രസിഡന്റാകുന്നതും ആദ്യം.

മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ് ബുഷ് എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തി. എന്നാൽ, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അധികാരക്കൈമാറ്റത്തിന് എത്തിയില്ല എന്നത് ഈ വർഷത്തെ പ്രത്യേകതയാണ്. എന്നാൽ വിടവാങ്ങൽ പ്രസംഗത്തിൽ പുതിയ ഭരണത്തിന് എല്ലാ ആശംസകളും ഡോണൾഡ് ട്രംപ് നേർന്നു. ബൈഡന്റെ പേര് പരാമർശിക്കാതെ നടത്തിയ പ്രസംഗത്തിൽ പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയാണെന്നും പുതിയ യുദ്ധങ്ങൾ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതിൽ അഭിമാനിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. പുതിയ പ്രസിഡന്റിനെ കാണാൻ തയാറായില്ലെങ്കിലും ബൈഡനുള്ള കത്ത് വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ ഏൽപിച്ചാണ് ട്രംപ് യാത്രയായത്.

എയർ ഫോഴ്സ് വൺ വിമാനത്തിൽ ഫ്ളോറിഡയിലേക്കാണ് അദ്ദേഹം പോകുന്നത്. ബൈഡന്റെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ഫ്ളോറിഡയിലെ തന്റെ മാർ ലാഗോ റിസോർട്ടിലായിരുന്നു ട്രംപ്.തിരികെ വരുമെന്ന പ്രതീക്ഷ പങ്കുവച്ചായിരുന്നു ട്രംപിന്റെ മടക്കം.

ഇക്കഴിഞ്ഞത് അവിശ്വസനീയമായ നാലു വർഷങ്ങളായിരുന്നു. നാം ഒരുമിച്ച് നിരവധി കാര്യങ്ങൾ പൂർത്തിയാക്കി. നിങ്ങൾക്കു വേണ്ടി ഞാൻ എന്നും പോരാടും- മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത തന്റെ ജീവനക്കാരോടും അനുയായികളോടുമായി ട്രംപ് പറഞ്ഞു. ട്രംപിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

പുതിയ ഭരണകർത്താവിന് വലിയ ഭാഗ്യവും വലിയ വിജയവും നേരുന്നതായും ബൈഡന്റെ പേര് പരാമർശിക്കാതെ ട്രംപ് പറഞ്ഞു. 150-ൽ അധികം വർഷത്തിനിടെ പിൻഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റും ട്രംപ് ആണ്