- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെടുപ്പ് സമയം കഴിയുമ്പോൾ തികഞ്ഞ ശുഭപ്രതീക്ഷയാണ് എനിക്കുള്ളത്; ദയയും മക്കളും എനിക്കൊപ്പം നിന്നില്ലായിരുന്നെങ്കിൽ ഇത്രയും മികച്ച പോരാട്ടം കാഴ്ച വെക്കാനാകില്ലായിരുന്നു; തൃക്കാക്കരയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ജോ ജോസഫ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്നാണ് ജോ ജോസഫ് പറഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ അകമഴിഞ്ഞ സ്നേഹവും പിന്തുണയുമാണ് തൃക്കാക്കരയിലെ ജനങ്ങൾ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയം പൂർത്തിയായതിന് പിന്നാലെ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു ജോ ജോസഫ്.
കനത്ത മഴയത്തും നട്ടുച്ചവെയിലിലും രാത്രി ഏറെ വൈകിയുമുള്ള സ്വീകരണങ്ങളിൽപോലും തടിച്ചുകൂടിയ ജനങ്ങൾ എനിക്കും മുന്നണിക്കും നൽകിയ ഊർജം വളരെ വലുതാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ഘട്ടത്തിൽ മുന്നോട്ടുതന്നെ പോകാൻ മാർഗനിർദ്ദേശം നൽകിയ ഗുരുതുല്യനായ പത്മശ്രീ. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനോടും കൂടെനിന്ന വൈദ്യശാസ്ത്രലോകത്തെ മറ്റ് സുഹൃത്തുക്കളോടും നന്ദി രേഖപ്പെടുത്തുന്നു.
എല്ലാ പ്രതിസന്ധികളിലും എനിക്കൊപ്പം നിന്ന് പിന്തുണയും ധൈര്യവും ഊർജവും നൽകിയ ജീവിതപങ്കാളി ദയയോട് എങ്ങനെ നന്ദി പറയുമെന്ന് എനിക്കറിയില്ല. ദയയും മക്കളും എനിക്കൊപ്പം ശക്തമായി നിലകൊണ്ടിരുന്നില്ലായിരുന്നെങ്കിൽ ഇത്രയും മികച്ച പോരാട്ടം കാഴ്ച വെക്കാൻ സാധിക്കുമായിരുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ആ സ്നേഹത്തിനും പിന്തുണക്കും ഞാൻ എന്നും കടപ്പെട്ടിരിക്കുമെന്നും ജോ ജോസഫ് പറഞ്ഞു.
തൃക്കാക്കര പോലൊരു മണ്ഡലത്തിൽ ഇത്രയും നിശ്ചയദാർഢ്യത്തോടെ, വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ കഴിഞ്ഞ ഒരു മാസത്തോളം വിശ്രമമില്ലാതെ പ്രവർത്തിച്ച മുഴുവൻ ഇടതുമുന്നണി പ്രവർത്തകരോടും പലതരത്തിലുള്ള ആക്രമണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഉണ്ടായപ്പോഴെല്ലാം എനിക്കൊപ്പം നിന്ന് അതിനെയെല്ലാം ക്ഷണനേരം കൊണ്ട് തകർത്തെറിഞ്ഞ സമൂഹമാധ്യമങ്ങളിലെ ലോകമെമ്പാടുമുള്ള സഖാക്കളോടുമുള്ള സ്നേഹവും കടപ്പാടും പ്രകടിപ്പിക്കാനും ഈ സന്ദർഭം ഞാൻ ഉപയോഗിക്കുന്നു.
വികസനം ചർച്ചാവിഷയമാക്കുമ്പോഴെല്ലാം വിവാദങ്ങൾ സൃഷ്ടിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം. വ്യക്തിപരമായ അധിക്ഷേപങ്ങളും നേരിടേണ്ടിവന്നു. എങ്കിലും മണ്ഡലത്തിലെ വെള്ളക്കെട്ടും കുടിവെള്ളക്ഷാമവും പാർപ്പിടപ്രശ്നവും ടെക്കികളുടെ വിഷയങ്ങളുമെല്ലാം ചർച്ചയാക്കാൻ സാധിച്ചുവെന്ന് വിശ്വസിക്കുന്നു. ഇടതുപക്ഷത്തിന്റെ വികസന സ്വപ്നങ്ങൾ ജനങ്ങളോട് സംസാരിക്കാനുള്ള ഒരു വേദി കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. അത് ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'വോട്ടെടുപ്പ് സമയം കഴിയുമ്പോൾ തികഞ്ഞ ശുഭപ്രതീക്ഷയാണ് എനിക്കുള്ളത്. ഒരിക്കൽക്കൂടി തൃക്കാക്കരയിലെ മുഴുവൻ ജനങ്ങളോടൊഒപ്പം നിന്ന എല്ലാവരോടും കൃതജ്ഞത രേഖപ്പെടുത്തുന്നു. ഉറപ്പാണ് നമുക്ക് തൃക്കാക്കര സ്നേഹത്തോടെ,' ജോ ജോസഫ് കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ