- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടെസ്റ്റ് വിജയങ്ങളിൽ മൈക്കൽ വോണിനെ മറികടന്നു; 53 ടെസ്റ്റുകളിൽ 27 ജയങ്ങളും 19 സമനിലയും; ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ജയം നേടുന്ന നായകനായി ജോ റൂട്ട്; മാറ്റുകൂട്ടി പരമ്പരയിൽ മൂന്ന് സെഞ്ചുറികളും
ലീഡ്സ്: ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരായ ജയത്തോടെ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടുന്ന നായകനെന്ന നേട്ടത്തിലേക്ക് ജോ റൂട്ട്. ടെസ്റ്റ് വിജയങ്ങളിൽ മുൻ നായകൻ മൈക്കൽ വോണിനെ പിന്നിലാക്കിയാണ് ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടുന്ന നായകനെന്ന റെക്കോർഡ് റൂട്ട് സ്വന്തമാക്കിയത്.
2003 മുതൽ 2008വരെ ഇംഗ്ലണ്ട് നായകനായിരുന്ന മൈക്കൽ വോണിന്റെ 26 ടെസ്റ്റ് വിജയങ്ങളെന്ന റെക്കോർഡാണ് ലീഡ്സിലെ ജയത്തിലൂടെ റൂട്ട് മറികടന്നത്. ക്യാപ്റ്റനെന്ന നിലയിൽ റൂട്ടിന്റെ 27-ാം ടെസ്റ്റ് ജയമാണ് ലീഡ്സിലേത്. ഇന്ത്യക്കെതിരായ പരമ്പരയിൽ ആസാമാന്യ ഫോമിലുള്ള റൂട്ട് മൂന്ന് ടെസ്റ്റിൽ മൂന്ന് സെഞ്ചുറി ഉൾപ്പെടെ 507 റൺസുമായി പരമ്പരയിലെ ടോപ് സ്‌കോറർ പട്ടവും ഉറപ്പിച്ചിട്ടുണ്ട്.
2017 ഫെബ്രുവരിയിൽ അലിസ്റ്റർ കുക്കിൽ നിന്ന് ഇംഗ്ലണ്ട് നായകന്റെ തൊപ്പി തലയിലണിഞ്ഞ 30കാരനായ റൂട്ട് ഇതുവരെ ഇംഗ്ലണ്ടിനെ 53 ടെസ്റ്റുകളിൽ നയിച്ചു. 27 ജയങ്ങളും 19 സമിനലയും ഏഴ് പരാജയങ്ങളുമാണ് റൂട്ടിന്റെ പേരിലുള്ളത്. ലീഡ്സ് ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 78 റൺസിൽ അവസാനിപ്പിച്ച ഇംഗ്ലണ്ട് ഇന്നിങ്സിനും 76 റൺസിനുമാണ് ജയിച്ചുകയറിയത്.
നാലാം ദിനം സമനില പ്രതീക്ഷയുമായി 215-2 എന്ന നിലയിൽ ക്രീസിലിറങ്ങിയ ഇന്ത്യയെ 16 ഓവറിൽ 54 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഇംഗ്ലീഷ് ബൗളർമാർ എറിഞ്ഞിട്ടു.പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയായപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ജയിച്ചിരുന്നു.
ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റിങ് തകർന്നടിഞ്ഞെങ്കിലും ബാറ്റിങ് ശക്തിപ്പെടുത്താൻ ഒരു ബാറ്റ്സ്മാനെക്കൂടി ടീമിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി പ്രതികരിച്ചു. 20 വിക്കറ്റും വീഴ്‌ത്താനുള്ള ബൗളർമാരുടെ എണ്ണത്തിൽ ഒത്തുതീർപ്പിന് തയാറല്ലെന്നും ലീഡ്സിലെ വമ്പൻ തോൽവിക്കുശേഷം കോലി പറഞ്ഞു.
ആറാം നമ്പറിൽ ഒരു ബാറ്റ്സ്മാനെക്കൂടെ കളിപ്പിക്കുമോ എന്ന ചോദ്യത്തിന് സ്പെഷലിസ്റ്റ് ബാറ്റ്സ്മാനെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്നായിരുന്നു കോലിയുടെ മറുചോദ്യം. ഒരു അധിക ബാറ്റ്സ്മാനെ ഉൾപ്പെടുത്തി ടീം ബാലൻസ് ശരിയാക്കുന്നതിൽ താൻ വിശ്വസിക്കുന്നില്ലെന്നും ഒന്നുകിൽ ജയിക്കാനായി കളിക്കണം അല്ലെങ്കിൽ തോൽവി ഒഴിവാക്കാനായി കളിക്കുക എന്നതാണ് തന്റെ നയമെന്നും കോലി വ്യക്തമാക്കി. സെപ്റ്റംബർ രണ്ടിന് കെൻസിങ്ടൺ ഓവലിലാണ് നാലാം ടെസ്റ്റ്.
സ്പോർട്സ് ഡെസ്ക്