- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണം: പ്രതി സ്ഥാനത്തുള്ള ജോസ് ബാബുവിനെ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫാക്കാൻ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് കത്ത്; ജോയലിന്റെ പിതാവിന്റെ കത്തിനെ തുടർന്ന് ഒഴിവാക്കി; ജോലി തട്ടിപ്പുകാരി ജയസൂര്യയെ കുറിച്ച് ജോയലിന് അറിയാമായിരുന്നത് ഞെട്ടിക്കുന്ന രഹസ്യങ്ങളെന്നും വെളിപ്പെടുത്തൽ
തിരുവനന്തപുരം: ഡിവൈഎഫ്ഐ അടൂർ മേഖലാ ആക്ടിങ് സെക്രട്ടറിയും സിപിഎമ്മിന്റെ സജീവ പ്രവർത്തകനും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഏരിയാ സെക്രട്ടറിയും അടക്കമുള്ളവരുടെ സന്തത സഹചാരിയുമായിരുന്ന എംജെ ജോയലിന്റെ ദുരൂഹ മരണത്തിൽ പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പ്രതിസ്ഥാനത്തുള്ള മുന്മന്ത്രി എസി മൊയ്തീന്റെ പഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ജോസ് ബാബുവിനെ ഇക്കുറിയും ഏതെങ്കിലും മന്ത്രിയുടെ സ്റ്റാഫ് ആക്കണമെന്ന് നിർദ്ദേശിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശിപാർശ കത്ത് നൽകിയിരുന്നു. ഇതിനോടകം തന്നെ ജോയലിന്റെ പിതാവ് ജോയിക്കുട്ടിയുടെ മകന്റെ മരണം കൊലപാതകം ആണെന്ന് ആരോപിച്ചുള്ള കത്ത് കിട്ടിയിരുന്നതിനാൽ ജോസ് ബാബുവിനെ ഒഴിവാക്കുകയായിരുന്നു.
കഴിഞ്ഞ വർഷം മെയ് 22 നുണ്ടായ ജോയലിന്റെ ദൂരൂഹമരണം കൊലപാതകമാണെന്ന് മാതാപിതാക്കളും ബന്ധുക്കളും പരാതി ഉയർത്തിയപ്പോൾ ജോയൽ പാർട്ടി അംഗമായിരുന്നില്ലെന്ന് സിപിഎമ്മിന്റെ നേതാക്കൾ പരസ്യ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ, ഈ വർഷം മെയ് 22 ന് ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മറ്റി ജോയൽ അനുസ്മരണ ദിനം ആചരിച്ചു. ഇതു സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഇട്ട പോസ്റ്റുകളിൽ ജോയൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതാണെന്ന് പ്രത്യേകം പ്രസ്താവിച്ചിരുന്നു. മരണത്തിൽ ദുരൂഹത ആരോപിക്കുന്നവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ പോസ്റ്റ്. പാർട്ടിക്കാരനല്ലെന്ന് സിപിഎം ജില്ലാ നേതാക്കൾ അടക്കം പറഞ്ഞ ജോയലിന്റെ ചരമദിനം ആചരിക്കാൻ ഡിവൈഎഫ്ഐ തയാറായത് ഇത്തരമൊരു അട്ടിമറിക്ക് വേണ്ടിയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ജോയലിനെ മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഉറച്ചു വിശ്വസിക്കുന്നു. ഇതിന് കാരണം കെടിഡിസി അടക്കമുള്ള സ്ഥാപനങ്ങളിൽ ജോലി തട്ടിപ്പ് നടത്തിയ ജയസൂര്യയുടെ വിശ്വസ്തനായി നടന്നതാണെന്നും അവർ പറയുന്നു. 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് ജയസൂര്യ നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. അടൂരിന് സമീപം മുണ്ടപ്പള്ളിയിൽ മൂന്നു പേരിൽ നിന്ന് മാത്രമായി ഒരു കോടിയോളം രൂപ തട്ടിയെടുത്തു.
ചിലർക്ക് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു നൽകിയിരുന്നു. അവർക്ക് മാത്രം കുറച്ച് പണം തിരികെ കൊടുത്തു. ശേഷിച്ചത് ജയസൂര്യയുടെ കൈവശമുണ്ട്. സിപിഎമ്മിന്റെ അടൂരിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ജയസൂര്യ. സിപിഎമ്മിന്റെ രണ്ടു ജില്ലാ നേതാക്കൾക്കും ഒരു ഏരിയാ നേതാവിനും ജയസൂര്യയുടെ തട്ടിപ്പിൽ പങ്കുണ്ടായിരുന്നു. ഇതിൽ ഏരിയാ നേതാവ് വച്ച വീടിന് കോടികൾ വില മതിക്കുമെന്ന് അടൂരിലെ പാർട്ടിക്കാർ തന്നെ പറയുന്നു. ഇത്രയും വലിയ വീട് വയ്ക്കുന്നതിന് ഇയാൾക്കുള്ള പണത്തിന്റെ ഉറവിടം അറിയാതെ അന്തം വിടുകയാണ് സമീപ വാസികളും പാർട്ടി പ്രവർത്തകരും.
ജയസൂര്യ തട്ടിയെടുത്ത പണത്തിൽ വലിയൊരു തുക മൂന്നു നേതാക്കൾക്കായി വീതിച്ചു നൽകിയിരുന്നുവെന്ന ആരോപണവും ശക്തമാണ്. മരിക്കുന്നതിന് മുൻപ് ജയസൂര്യയുടെ ഡ്രൈവറായിരുന്നു ജോയൽ. ഒരു ദിവസം രാത്രി ജയസൂര്യയും ജോയലുമായി വരുന്നതിനിടെ എംസി റോഡിൽ വച്ച് സമീപത്തെ പറമ്പിലേക്ക് കാർ മറിഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട കാറിൽ നിന്ന് നോട്ടുകെട്ടും വ്യാജവിസയും സർട്ടിഫിക്കറ്റുകളുമെടുത്ത് ഇരുവരും രക്ഷപ്പെട്ടു.
പിറ്റേന്ന് ക്രെയിൻ കൊണ്ടു വന്നാണ് വാഹനം ഉയർത്തിയെടുത്തത്. വ്യാജ നിയമന ഉത്തരവ് നൽകി ജോലി തട്ടിപ്പ് നടത്തിയതിന് 2018 ഓഗസ്റ്റിൽ പന്തളത്ത് വച്ച് ജയസൂര്യയും സഹായി പ്രശാന്ത് പ്ലാത്തോട്ടവും പിടിയിലാകുമ്പോഴും ജോയൽ ഒപ്പമുണ്ടായിരുന്നു. ഈ കേസിൽ നിന്ന് ജോയലിനെ ഒഴിവാക്കിയിരുന്നു. ഇതിന് ശേഷമാണ് ജോയൽ ജയസൂര്യയുമായി അകന്നത്. താൻ വെറുതേ കേസിൽ കുടുങ്ങുമെന്ന് മനസിലാക്കിയായിരുന്നു പിന്മാറ്റം. ഇതിനോടകം ജയസൂര്യയുടെ തട്ടിപ്പുകൾ മുഴുവനും അവർക്ക് സിപിഎമ്മിന്റെ നേതാക്കളുമായുള്ള ബന്ധവും ജോയൽ നന്നായി മനസിലാക്കുകയും ചെയ്തിരുന്നു. ഈ വിവരം അടുത്ത സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ജോയൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
ഇത്ര വലിയ രഹസ്യം പേറുന്ന തന്നെ കൊന്നു കളയാനും സിപിഎം നേതാക്കൾ മടിക്കില്ലെന്നും ജോയൽ പറഞ്ഞിരുന്നു. തട്ടിപ്പുകാരി ജയസൂര്യയെ പൊലീസ് അറസ്്റ്റ് ചെയ്തെങ്കിലും തനിക്ക് ഗുരുതരമായ രോഗമാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ജാമ്യം നേടുകയായിരുന്നു. അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീണ്ടതോടെ പൊലീസിനും കൂച്ചുവിലങ്ങ് വീണു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി. കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ടയിലെ സിപിഎം നേതാക്കൾ അറസ്റ്റിലാകുന്ന അവസ്ഥയുണ്ടായി. ഇതോടെ പരാതിക്കാരെ കണ്ട് കുറച്ചു വീതം പണം മടക്കി നൽകി തലയൂരുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ