മെൽബൺ : കഴിഞ്ഞ ദിവസം മരണം വിളിച്ച ജോയൽ ജിബിയുടെ വേർപാടിന്റെ ദുഃഖത്തിലാണ് മെൽബണിലെ മലയാളി സമൂഹം. മെൽബണിനടുത്തുള്ള ഷെപ്പാർട്ടണിൽ ബിനാലയിൽ താമസക്കാരനായിരുന്ന പെരുമ്പാവൂർ കോടനാട് സ്വദേശിയായ ജിബി ജോസഫിന്റെയും ജ്യോതിയുടെയും പതിനഞ്ചു വയസുള്ള മകൻ ജോയൽ ജിബി ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സൗദിയിൽ നിന്നും മെൽബണിലെ ഗ്ലെൻ റോയിയിൽ താമസം തുടങ്ങിയ ജിബിയും കുടുംബവും 2012 - ലാണ് ഷെപ്പാർട്ടണിലെ ബിനാലയിൽ താമസമാക്കിയത്.കഴിഞ്ഞ ഒന്നര വർഷമായി ബ്രെയിൻ ട്യൂമറിനെതുടർന്ന് ജോയൽ ചികിൽസയിലായിരുന്നു.തിങ്കളാഴ്ച രാവിലെ ഒരു മണിക്ക് മെൽബണിലെ റോയൽ ചിൽഡ്രൻ ഹോസ്പിറ്റലിൽ വച്ചാണ് ജോയൽ ഈ ലോകത്തോട് വിടപറഞ്ഞത്.മരണസമയത്ത് പിതാവ് ജിബി ജോസഫും മാതാവ് ജ്യോതിയും കൂടെ ഉണ്ടായിരുന്നു.

ബെനാലാ കോളേജിൽ പഠിച്ചിരുന്ന ജോയൽ ഒരു നല്ല സോക്കർ കളിക്കാരൻ കൂടിയായിരുന്നു..ജോയലിന്റെ മൃതദേഹം വ്യാഴാഴ്ച പൊതുദർശനത്തിനായി ഹെതർട്ടനിലുള്ള സെന്റ്.ജോർജ് യാക്കോബായ സിറിയൻ ഓർത്ത് ഡോക്‌സ് ചർച്ചിൽ വൈകീട്ട് 6 മണി മുതൽ 8 - മണി വരെ നടക്കും,അഡ്രസ്സ്: 419, Centre Dandenong Road, Heatherton.

വെള്ളിയാഴ്ച എംബ്ബാം ചെയ്ത മൃതദേഹം നാട്ടിലേയ്ക്ക് കയറ്റി വിടാൻ പറ്റുമെന്നാണ് ബന്ധുക്കൾ കരുതുന്നത്.ജോയലിന്റെ മാതാപിതാക്കൾ വെള്ളിയാഴ്ച തന്നെ നാട്ടിലേയ്ക്ക് തിരിക്കും. മൃതദേഹവും കൂടെ കൊണ്ടു പോകുവാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കളും സുഹൃത്തുക്കളും, ജെറോൻ ജിബി സഹോദരനാണ്.