ലണ്ടൻ: വീണ്ടും പരുക്കേറ്റ ഇംഗ്ലണ്ട് യുവപേസർ ജോഫ്ര ആർച്ചർക്ക് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാകും. പരുക്ക് ഭേദമായി ക്രിക്കറ്റിൽ തിരിച്ചെത്തിയ താരത്തിന് ഇനി കൈമുട്ടിന് ശസ്ത്രക്രിയ നടത്തണം.

ആർച്ചറുടെ വലത് കൈമുട്ടിനാണു പരുക്കേറ്റത്. ഇംഗ്ലണ്ടിന്റെ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽനിന്നും ആർച്ചർ നേരത്തേ പുറത്തായിരുന്നു.

ഓഗസ്റ്റ് നാലിനാണ് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. 26 വയസ്സുകാരനായ ആർച്ചർ ഇതു രണ്ടാം തവണയാണു ശസ്ത്രക്രിയയ്ക്കു വിധേയനാകുന്നത്. പരുക്ക് ഭേദപ്പെട്ട് അടുത്തിടെ കൗണ്ടി ക്രിക്കറ്റ് ടീം സസക്‌സിനായി കളിക്കാനിറങ്ങിയിരുന്നു. ഇതോടെ വീണ്ടും പരുക്ക് വില്ലനായെത്തി.

പാക്കിസ്ഥാൻ, ശ്രീലങ്ക ടീമുകൾക്കെതിരെയും ഇംഗ്ലണ്ടിന് വരും മാസങ്ങളിൽ മത്സരങ്ങളുണ്ട്. ആർച്ചർക്ക് ഈ പരമ്പരകളും നഷ്ടമാകും.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന ആർച്ചർക്ക് ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല. ഇതു ടീമിന്റെ പ്രകടനത്തെ സാരമായി തന്നെ ബാധിച്ചിരുന്നു.

ഐപിഎൽ സീസൺ വീണ്ടും ആരംഭിച്ചാലും ആർച്ചർ രാജസ്ഥാനു വേണ്ടി കളിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നേരത്തേ അറിയിച്ചിരുന്നു.

ജനുവരിയിൽ വീട് വൃത്തിയാക്കുന്നതിനിടെ കയ്യിൽ ഗ്ലാസ് കഷണം തുളച്ചുകയറിയാണു താരത്തിന് പരുക്കേൽക്കുന്നത്. കയ്യിലെ മുറിവുമായി ഇന്ത്യൻ പര്യടനത്തിനെത്തിയ താരം പിന്നാലെ ശസ്ത്രക്രിയയ്ക്കു വിധേയനായി.