കോതമംഗലം: സൈക്കിളിൽ ഇന്ത്യ മുഴുവൻ ചുറ്റണമെന്ന് ആഗ്രഹം. കുന്നും മലയും താണ്ടി, കോരിച്ചൊരിയുന്ന മഴയും, ചൂട്ടുപൊള്ളുന്ന വെയിലും വകവയ്ക്കാതെ 15 കാരൻ സൈക്കിളിൽ പിന്നിട്ടത് 500-ൽപ്പരം കിലോമീറ്റർ. കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്‌കൂൾ ലാബ് അസിസ്റ്റന്റ് താഴത്തൂട്ട് സന്തോഷിന്റെയും കോതമംഗലം എം. എ. കോളേജ് ലാബ് അസിസ്റ്റന്റ് നിമ്മി ഈശോയുടെയും മകനായ ജോഹനാണ് സാഹസിക സൈക്കിൾ യാത്ര നടത്തി നാട്ടിലെ താരമായത്.

ചെറുപ്പം മുതലെ ജോഹന് സൈക്കിളിങ് ഇഷ്ടമായിരുന്നു. സൈക്കിളിൽ രാജ്യം ചുറ്റണമെന്നാണ് ആവന്റെ ആഗ്രഹം. ഇടയ്ക്ക് ചെറിയ യാത്രകൾ നടത്താറുണ്ടെങ്കിലും ഇത്രയും ദൂരം സൈക്കിളിൽ യാത്ര ചെയ്യുന്നത് ആദ്യമാണ. ഈ യാത്ര അവനിൽ സന്തോഷവും ആത്മവിശ്വാസവും വർദ്ധിപ്പിച്ചിട്ടുണ്ട്, മാതാപിതാക്കൾ പറഞ്ഞു.

ഈ മാസം 17 -നാണ് ബന്ധുക്കളായ ജേക്കബ്ബ് റ്റി ഏല്യാസ് (ദീപു),ഭാര്യ രേഖ , രഘു ജെയിംസ് ,സുഹൃത്ത് എഡിസൺ സ്റ്റാന്റിലി എന്നിവർക്കൊപ്പം ജോഹൻ നെല്ലിമറ്റത്തുനിന്നും യാത്ര തിരിച്ചത്. 20-ന് ലക്ഷ്യസ്ഥാനമായ ധനുഷ്‌കോടിയിലെത്തി. ഇതിനകം യാത്ര സംഘം 530 കിലോമീറ്റർ താണ്ടിയിരുന്നു. അടിമാലി, കല്ലാർകുട്ടി രാജകുമാരി, പൂപ്പാറ, തേനി,മധുര, തിരിച്ചിറപ്പെട്ടി, രാമേശ്വരം വഴിയായിരുന്നു യാത്ര.

രണ്ടുദിവസം ധനുഷ്‌കോടിയിൽ കറങ്ങി സ്ഥലങ്ങൾ കണ്ട ശേഷം 23 -ന് ട്രെയിനിൽ മടക്ക യാത്ര. 24-ന് പുലർച്ചെ ആലുവയിൽ ഇറങ്ങി. ഇവിടെ നിന്നും സൈക്കിളിൽ നെല്ലമറ്റത്തെത്തുകയായിരുന്നു. കേരളം വീടുന്നതുവരെ മഴയുണ്ടായിരുന്നു. തമിഴ്‌നാട്ടിലേയ്ക്ക് കടന്നതോടെ കൊടും ചൂടും. പക്ഷെ ഇതൊന്നും ജോഹനെ തെല്ലും തളർത്തിയില്ല. മാതാവ് നിമ്മിയുടെ വീട് അടിമാലിയിലാണ്. ഇടയ്ക്ക് വീട്ടിൽ നിന്നും ഇവിടേയ്ക്ക് ജോഹൻ സൈക്കിളിൽ പോയിരുന്നു. 46 കിലോമീറ്ററാണ് വീട്ടിൽ നിന്നും അടിമാലിക്കുള്ള ദൂരം. ഇതാണ് ധനുഷ്‌കോട് യാത്രയ്ക്ക് മുമ്പ് ജോഹൻ കൂടുതൽ സൈക്കിളിൽ സഞ്ചരിച്ചിട്ടുള്ള ദൂരം.

യാത്ര സംഘത്തിലെ ദീപുവും എഡിസണും ഇടയ്ക്കൊക്കെ സൈക്കിളിൽ ദൂരയാത്രകൾ നടത്തിയിട്ടുള്ളവരാണ്. ഇവർ ധനുഷ്‌കോടി വരെ നീളുന്ന സൈക്കിൾ യാത്രയ്ക്ക് തയ്യാറെടുക്കുന്നതായി അറിഞ്ഞ ജോഹൻ കൂടെ പോകാൻ താൽപര്യം പ്രകടിപ്പിക്കുകയും മാതാപിതാക്കൾ സമ്മതം മൂളുകയുമായിരുന്നു. പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർസ്ഥിയായിരുന്നു ജോഹൻ. ഇനിയും സൈക്കിളിംഗിന് പോകണം, വലിയ ദൂരങ്ങൾ കീഴടക്കണം.കാണാത്ത കാഴ്കൾ കാണണം, ജോഹൻ നിലപാട് വിശദമാക്കി.