തിരുവനന്തപുരം: വർഷങ്ങൾ നീണ്ട പീഡനത്തിനൊടുവിൽ സ്വാമിയുടെ ലിംഗം മുറിച്ചുകളഞ്ഞ പെൺകുട്ടിയോട് കേരള സമൂഹം ഒട്ടാകെ ഐക്യധാർഡ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ആത്മീയതയുടെ പുതപ്പുധരിച്ച ഗംഗേശരാനന്ദ തീർത്ഥപാദർ എന്ന കള്ളനാണയത്തിന് ഉചിതമായ ശിക്ഷയാണ് പെൺകുട്ടി നല്കിയതെന്ന് സമൂഹമൊന്നടങ്കം പ്രതികരിക്കുന്നു. സ്വയംപ്രതിരോധത്തിന്റെ ഭാഗമായി പെൺകുട്ടി നടത്തിയ കൃത്യത്തിൽ കേസെടുക്കാൻ പൊലീസും തയാറായിട്ടില്ല. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ ടെസയോടാണ് പലരും പെൺകുട്ടിയെ ഉപമിക്കുന്നത്. മറ്റൊരാൾക്കു തന്നെ കൂട്ടിക്കൊടുത്ത കാമുകന്റെ ലിംഗം മുറിച്ചുമാറ്റിയാണ് ടെസയും പ്രതികാരം ചെയ്തത്. എന്നാൽ ടെസയ്ക്കും മുമ്പേ മറ്റൊരു സ്ത്രീ ലിംഗം മുറിച്ചുമാറ്റി ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തൊണ്ണൂറുകളിൽ അമേരിക്കയിൽ നടന്ന സംഭവം ലോകം മുഴുവൻ ഏറെ ചർച്ചാവിഷയമായിരുന്നു.

ലോറനേ ബോബിറ്റ് എന്ന യുവതിയാണ് ജോൺ വെയ്ൻ ബോബിറ്റ് എന്ന സ്വന്തം ഭർത്താവിന്റെ ലിംഗം മുറിച്ചുമാറ്റി പ്രതികാരം ചെയ്തത്. തുടർച്ചയായുള്ള മാനസിക ശാരീരിക പീഡനങ്ങളിൽ മനംമടുത്തായിരുന്നു ലോറേറ്റ കടുംകൈയ്ക്കു മുതിർന്നത്. അടച്ചിട്ട വീടുകൾക്കുള്ളിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ലോകത്തിന്റെ ശ്രദ്ധ കൂടുതൽ പതിയുന്നതിനും ഈ സംഭവം സഹായിച്ചു.യുഎസിലെ വിർജിനിയ സംസ്ഥാനത്തെ മാനസസിലാണ് സംഭവം നടന്നത്. കേസും ഭാര്യയുടെയും ഭർത്താവിന്റെയും വെളിപ്പെടുത്തലുകളും തുടർവർഷങ്ങളിൽ ലോകമെമ്പാടുമുള്ള മാധ്യങ്ങൾ വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. ബോബിറ്റ് ആക്ട് എന്ന പേരിൽ അറിയപ്പെട്ട ഈ സംഭവം ലോകത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ ലിംഗച്ഛേദനമാണ്. ലിംഗം ച്ഛേദിച്ചുകളയുന്ന പ്രക്രിയയ്ക്ക് ഇതോടുകൂടി ബോബിറ്റ് സിൻഡ്രോം എന്ന പേരും ലഭിച്ചു.

ജോൺ വെയ്ൻ ബോബിറ്റ് ന്യൂയോർക്ക് സംസ്ഥാനത്തെ ബുഫാലോ സ്വദേശിയായിരുന്നു. ഭാര്യ ലോറേന ഇക്വഡോറിൽ ജനിച്ച് അമേരിക്കയിലേക്കു കുടിയേറിയ പെൺകുട്ടിയും. 1989 ജൂൺ 18നായിരുന്നു ഇവരുടെ വിവാഹം. ലൈംഗികകാര്യത്തിൽ കൂടുതല് താത്പര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു ജോൺ വെയ്ൻ. സ്വന്തം സുഖം മാത്രം നോക്കിയിരുന്ന ഇദ്ദേഹം സ്വന്തം ഭാര്യയെ പലവട്ടം ബലാത്സംഗത്തിന് ഇരയാക്കി. ഭർത്താവിന്റെ പീഡനങ്ങൾ ലോറേനയെ മാനസിക വിഭ്രാന്തിയുടെവക്കിൽവരെ എത്തിച്ചു. സഹികെട്ട ലോറേന ഒടുക്കം കടുംകൈ ചെയ്യാൻ മുതിരുകയായിരുന്നു.

1993 ജൂൺ 23നാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. രാത്രി വീട്ടിലെത്തിയ ജോൺ വെയ്ൻ ഭാര്യയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. തുടർന്ന് ജോൺ കിടന്നുറങ്ങി. തുടർച്ചയായ ബലാത്സംഗത്തിലും അപമാനത്തിലും സഹികെട്ട ലോറേന പ്രതികാരത്തിനു തീരുമാനിച്ചു. അടുക്കളയിൽപ്പോയി കറിക്കത്തിയെത്തു. കിടപ്പുമിറിയിൽ പ്രവേശിച്ച് ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ലിംഗം പറ്റേ മുറിച്ചെടുത്തു. അവിടംകൊണ്ടും ലോറേനയുടെ കലിപ്പ് തീർന്നിരുന്നില്ല. മുറിച്ചുമാറ്റിയ ഭർത്താവിന്റെ ലിംഗവുമായി അപ്പാർട്‌മെന്റിൽനിന്നിറങ്ങിയ ലോറേന കാറെടുത്ത് അലക്ഷ്യമായി ഓടിച്ചുപോയി. വിജനമായ ഒരു സ്ഥലത്തെത്തിയപ്പോൾ ഭർത്താവിന്റെ ലിംഗം എടുത്ത് പുറത്തേക്ക് എറിഞ്ഞു.

അപ്പോഴത്തേക്കും ലോറേനയ്ക്കു ചെയ്ത പ്രവർത്തിയിൽ പശ്ചാത്താപം തോന്നിത്തുടങ്ങി. ചെയ്തത് കടുത്ത തെറ്റാണെന്ന് തോന്നിയ ലോറേന ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് അപ്പാർട്‌മെന്റിലെത്തി ജോണിനെ ആശുപത്രിയിലാത്തി. തുടർന്ന് ലോറേന വലിച്ചെറിഞ്ഞ ലിംഗം കണ്ടെത്താനായി വലിയ തെരച്ചിൽ നടത്തേണ്ടിവന്നു. ഒടുക്കം കണ്ടുകിട്ടിയ ലിംഗം ആശുപത്രിയിലെത്തിച്ചു. ഈ ലിംഗം ജോണിനു വീണ്ടും തുന്നിച്ചേർക്കാൻ പറ്റുമോയെന്നകാര്യം ആശുപത്രി അധികൃതർ ആലോചിച്ചു. ഒമ്പതര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം ജോണിന്റെ ലിംഗം തുന്നിച്ചേർത്തു.

ലേറേനയെ അന്നുരാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി പറഞ്ഞ കഥകേട്ട് പൊലീസ് ഞെട്ടിത്തരിച്ചു. ലൈംഗീ സുഖത്തിനായി എന്തും ചെയ്തിരുന്ന ക്രൂരനായിരുന്നു തന്റെ ഭർത്താവെന്ന് യുവതി വെളിപ്പെടുത്തി. സുഖം മാത്രം ലക്ഷ്യമാക്കിയുള്ള ബന്ധപ്പെടൽ പലപ്പോഴും ബലാത്സംഗത്തിലാണു കലാശിച്ചിരുന്നത്. അദ്ദേഹത്തിന് എപ്പോഴും രതിമൂർച്ഛ വേണമായിരുന്നു. എന്നാൽ ഭാര്യയ്ക്ക് രതിമൂർച്ഛ വേണമെന്ന് അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ലോറേന വെളിപ്പെടുത്തി. ഇതുവരെ കേട്ടുകേൾവിയില്ലാത്ത സംഭവം അതിപ്രാധാന്യത്തോടുകൂടിത്തന്നെ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് ലോക മാധ്യങ്ങളിലും സംഭവം പ്രധാന തലക്കെട്ടായി മാറി.

തുടർന്ന് കോടതിയിൽ നടന്ന വിചാരണയും അതിപ്രാധാന്യത്തോടുകൂടി ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലൈംഗികമായും ശാരീരികമായും മാനസികമായും തന്നെ ജോൺ വെയ്ൻ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ലോറേന കോടതിയിൽ മൊഴി നല്കി. നിരന്തരമായ പീഡനങ്ങൾ തന്നെ മാനസിക വിഭ്രാന്തിയിലേക്കു തള്ളിവിട്ടുവെന്നും അവൾ കോടതിയെ അറിയിച്ചു. ലോറേന വിഷാദരോഗം നേരിടുന്നതായി കോടതിക്കും ബോധ്യപ്പെട്ടു. ഭർത്താവ് തന്നെ പലപ്പോഴും ബലാത്സംഗത്തിന് ഇരയാക്കിയിരുന്നുവെന്നും കടുത്ത ഭീതിയിലാണ് താൻ ജീവിതം തള്ളിനീക്കിയിരുന്നതെന്നും അവൾ വെളിപ്പെടുത്തി. അതേസമയം ആരോപണങ്ങളെല്ലാം ജോൺ വെയ്ൻ കോടതിയിൽ നിഷേധിച്ചു. എന്നാൽ ജോൺ വെയ്‌ന്റെ മൊഴികൾ പലപ്പോഴും പരസ്പരവിരുദ്ധമായിരുന്നു. നിരന്തരമായ പീഡനങ്ങളെത്തുടർന്നുള്ള മാനസിക അസ്വസ്ഥതയിലാണ് ലോറേന കടുംകൈയ്ക്കു മുതിർന്നതെന്നു കോടതി വിധിച്ചു. ലോറേനയെ കുറ്റവിമുക്തയാക്കിയെങ്കിലും 45 ദിവസം ആശുപത്രി നിരീക്ഷണത്തിൽ തുടരാൻ കോടതി നിർദ്ദേശിച്ചു. അതോടൊപ്പം ജോൺ വെയ്‌നെതിരായ ബലാത്സംഗക്കുറ്റവും കോടതി തള്ളി. 1995 ൽ ദമ്പതികൾ നിയപരമായി വിവാഹമോചനം നേടി.

ഇതിനുശേഷം ലോറന അജ്ഞാത ജീവിതമാണു നയിച്ചതെങ്കിലും ജോൺ വെയ്ൻ വീണ്ടും വാർത്തകളിൽ നിറഞ്ഞുകൊണ്ടിരുന്നു. കേസ് നടത്തിപ്പിനു പണം കണ്ടെത്താനായി 'ദ സെവേർഡ് പാർട്‌സ്' എന്ന പേരിൽ ഒരു സംഗീത ബാൻഡിനു ജോൺ രൂപം നല്കിയെങ്കിലും വിജയം കണ്ടില്ല. തുടർന്ന് അദ്ദേഹം ഒന്നു രണ്ട് അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിനിടെ ബാർ ഡാൻസറെ തല്ലിയെന്നതടക്കമുള്ള കേസിലും ജോൺ പ്രതിയായി. 1998ൽ വേൾഡ് റെസിലിങ് ഫെഡറേഷന്റെ ഒരു പരിപാടിയിലും ഇയാൾ പങ്കെടുക്കുകയുണ്ടായി. തുടർന്ന് ജോവാനാ ഫെറൽ എന്നൊരു സ്ത്രീയെ ജോൺ വിവാഹം ചെയ്യുകയുണ്ടായി. ഇവരെ മർദിച്ച കേസിലും ഇയാൾ ജയിലിൽ അടയ്ക്കപ്പെട്ടു.

ജോൺ വെയ്‌നും ലോറേനയും വീണ്ടും ഒരിക്കൽക്കൂടി കണ്ടുമുട്ടുന്നത് 2009ൽ ഒരു ടെലിവിഷൻ പരിപാടിയിലാണ്. ജോണുമായി സംസാരിക്കാൻ താത്പര്യമില്ലെന്ന് ആദ്യം പറഞ്ഞ ലോറേന പരിപാടിയുടെ അവതാരകയായ ഒപേര വിൻഫ്രെയുടെ സമ്മർദത്തിനു വഴങ്ങിയാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിക്കിടെ ലോറേനയോടു ജോൺ മാപ്പു ചോദിച്ചു. താൻ ഇപ്പോഴും അവളെ സ്‌നേഹിക്കുന്നതായും എല്ലാ വാലന്റൈസ് ദിനത്തിലും കാർഡുകൾ അയക്കാറുണ്ടെന്നും ജോൺ കൂട്ടിച്ചേർത്തു.

ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമുള്ള കേസാണിത്. ലോറേന ഭർത്താവിന്റെ ലിംഗം മുറിച്ചുമാറ്റിയതിനു പിന്നാലെ സമാന സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർന്ന് മാധ്യങ്ങൾ ഇത്തരം സംഭവങ്ങളെ ബോബിറ്റ്മാനിയ എന്നു വിളിക്കാൻ തുടങ്ങി. ലോറേന ബോബിറ്റ് എന്ന പേരു തന്നെ ലിംഗച്ഛേദനത്തിന്റെ പര്യായമായി മാറി. ബോബിറ്റ്‌സ് പണിഷ്‌മെന്റ്, ബോബിറ്റ്‌സ് പ്രോസീജിയർ തുടങ്ങിയ പദങ്ങളും പ്രയോഗിക്കപ്പെട്ടുതുടങ്ങി. ബോബിറ്റൈസ് എന്ന പദത്തിന് മെഡിക്കൽ ലിറ്ററേച്ചറിലും അംഗീകാരം ലഭിച്ചു. കത്രിക പോലുള്ള വായ കൊണ്ട് ഇരകളെ ആക്രമിക്കുന്ന ഒരു പുഴുവിന് ബോബിറ്റ് വേം എന്ന പേരു ലഭിച്ചതും ഈ സംഭവത്തിൽനിന്നു തന്നെയാണ്.