കണ്ണൂർ: 'പഠിക്കുക, പോരാടുക' എന്ന എസ്എഫ്‌ഐ മുദ്രാവാക്യം പ്രാവർത്തികമാക്കിയ നേതാവാണ് ജോൺ ബ്രിട്ടാസ്. സ്‌കൂൾ പഠന കാലത്തു തന്നെ എസ് എഫ് ഐ കൊടി പിടിച്ച നേതാവ്. അന്നും പഠനത്തിൽ മിടുക്കൻ. തൃശ്ശൂർ കേരളവർമ കോളേജിലെ പി.ജി. പഠനകാലം ജോൺ ബ്രിട്ടാസെന്ന ഇടതുപക്ഷ രാഷ്ട്രീയക്കാരനെ പൂർണതയിലെത്തിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി മികച്ച ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം റാങ്കോടുകൂടിയായിരുന്നു ബിരുദാനന്തരബിരുദത്തിലെ വിജയം. പിന്നീട് ദേശാഭിമാനി ബ്യൂറോ ചീഫായി ഡൽഹിയിൽ ഏറെക്കാലം. അതിന് ശേഷം കൈരളിയിൽ. ഇതിനിടെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായി. അങ്ങനെ പഠനം മുതൽ ഇന്നുവരെ സിപിഎമ്മിനെ വിട്ടൊരു ജീവിതം ബ്രിട്ടാസിനില്ല. ഇതിനുള്ള അംഗീകാരമാണ് രാജ്യസഭാ അംഗത്വം. കൈരളി ടിവിയുടെ ചെയർമാൻ മമ്മൂട്ടിയാണ്. സിപിഎമ്മുമായി മമ്മൂട്ടിയെ ചേർത്ത് നിർത്തുന്നതിൽ ബ്രിട്ടാസിന് വലിയ പങ്കുണ്ടായിരുന്നു.

തൃശൂർ കേരളവർമ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ബ്രിട്ടാസ് എല്ലാ അർത്ഥത്തിലും പഠനത്തിൽ മിടുക്കനായിരുന്നു. ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫ് ആയിരിക്കെ വളരെ കുറഞ്ഞ പ്രായത്തിലാണു ബ്രിട്ടാസിനെ കൈരളി ചാനലിന്റെ തലപ്പത്തേക്കു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ നിയോഗിച്ചത്. അന്നു മുതൽ പിണറായിയുടെ വിശ്വസ്തനും അദ്ദേഹത്തിന്റെ പ്രതിച്ഛായ നിർമ്മാണത്തിൽ പങ്കു വഹിക്കുന്നവരിൽ ഒരാളും എന്ന വിശേഷണമാണു ബ്രിട്ടാസിന്. ഒന്നാം ക്ലാസ് മുതൽ ഏഴുവരെ പഠിച്ചത് പുലിക്കുരുമ്പ സെയ്ന്റ്് ജോസഫ്‌സ് സ്‌കൂളിൽ.

ഹൈസ്‌കൂൾ വിദ്യാഭ്യാസം തൃശ്ശൂരിലെ മണ്ണുത്തി ഡോൺ ബോസ്‌കോയിൽ. പ്രീഡിഗ്രി തളിപ്പറമ്പ് സർ സയ്യിദ് കോളേജിലും. പയ്യന്നൂർ കോളേജിലെ ബിരുദ പഠനകാലം ബ്രിട്ടാസിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിന് അടിത്തറയിട്ടു. പൊളിറ്റിക്കൽ സയൻസിൽ റാങ്കോടെയുള്ള വിജയം മലയോരത്ത് അന്ന് വലിയ വാർത്തയായി. അതിന് ശേഷം നാട് വീണ്ടും ബ്രിട്ടാസിനെ ഓർത്ത് സന്തോഷിക്കുകയാണ്. അത് രാജ്യസഭയിലേക്കുള്ള നറുക്കു വീഴുമ്പോഴും. ബ്രിട്ടാസിന്റെ ജന്മനാടായ പുലിക്കുരുമ്പയുൾപ്പെടുന്ന നടുവിൽ മേഖലയിൽ രാഷ്ട്രീയഭേദം മറന്നാണ് ആളുകൾ സന്തോഷം പങ്കിട്ടത്. സാമൂഹികമാധ്യമങ്ങളിലും ബ്രിട്ടാസ് നിറഞ്ഞുനിന്നു.

കുടിയേറ്റകാലത്തിന്റെ പ്രാരബ്ധം ഒഴിയാത്ത കാലത്ത് ഏഴ് മക്കളെ വളർത്തിവലുതാക്കാനുള്ള ശ്രമത്തിലായിരുന്നു അന്നമ്മയും ഭർത്താവ് ആലിലക്കുഴിയിൽ പൈലിയും. അഞ്ച് ആണും രണ്ട് പെണ്ണുമടങ്ങുന്നതായിരുന്നു കുടുംബം. സഹകാരിയും പൊതുപ്രവർത്തകനുമായിരുന്നു ബ്രിട്ടാസിന്റെ അച്ഛൻ പൈലി. 1956-ൽ പ്രവർത്തനം തുടങ്ങിയ നടുവിൽ സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടറും സ്ഥാപക സെക്രട്ടറിയുമായിരുന്നു അദ്ദേഹം. പ്രസന്നമായ മുഖവും അളന്നുതൂക്കിയ വാക്കുകളും കുട്ടിക്കാലത്തും ബ്രിട്ടാസിന്റെ പ്രത്യേകതയായിരുന്നു. അതിപ്പോഴും ആ മുഖത്തുണ്ട്. ഇന്ന് ബ്രിട്ടാസിന്റെ പുലിക്കുരുമ്പയിലെ തറവാട്ട് വീട്ടിൽ 89 പിന്നിട്ട അമ്മയും സഹോദരൻ മാത്യുവും കുടുംബവുമാണുള്ളത്. ഏഴ് മക്കളിൽ രണ്ടുപേർ മാത്രമാണ് നാട്ടിലുള്ളത്. മറ്റുള്ളവർ പല നാടുകളിലായി. ബ്രിട്ടാസിന്റെ ഭാര്യ ഷീബ റെയിൽവേയിൽ ഉദ്യോഗസ്ഥയാണ്. മക്കൾ അന്നയും ആനന്ദും.

18 വർഷം മുൻപ് കേരളത്തിലേക്കു മടങ്ങുമ്പോൾ ജോൺ ബ്രിട്ടാസും ഡൽഹിയോടുള്ള ബന്ധം മുറിക്കാൻ മുതിർന്നില്ല. ഇത്രയും വർഷമായിട്ടും പാർലമെന്റിന്റെ സെൻട്രൽ ഹാൾ പാസും ദീർഘകാലം പാർലമെന്റ് റിപ്പോർട്ട് ചെയ്തവർക്കുള്ള പാസുമൊക്കെ ഇതുവരെയും ബ്രിട്ടാസ് വർഷംതോറും പുതുക്കി സൂക്ഷിച്ചു. ഇനി അതില്ലാതേയും പാർലമെന്റിൽ ബ്രിട്ടാസിന് കയറാം. ദേശാഭിമാനിയിൽ മാധ്യമപ്രവർത്തകനായിരുന്ന കാലത്തു ബ്രിട്ടാസ് താമസിച്ചിരുന്നത് എംപിമാർക്കുള്ള വിത്തൽ ഭായ് പട്ടേൽ ഹൗസിലാണ്. പാർട്ടി ക്വോട്ടയിൽ. ഇനി എംപിയായിത്തന്നെ എംപിക്വാർട്ടേഴ്‌സിൽ കഴിയാം. 1988 മുതൽ ദേശാഭിമാനിയിലും പിന്നീട് കൈരളിയുടെ ബ്യൂറോ ചീഫായും ഡൽഹിയിൽ പ്രവർത്തിച്ചശേഷമാണ് ബ്രിട്ടാസ് കേരളത്തിലേക്കു പോകുന്നത്, 2003ൽ. അതുവരെ ഒട്ടേറെ ശ്രദ്ധേയമായ വാർത്തകൾ ബ്രിട്ടാസ് പത്രത്തിലെഴുതി, യുദ്ധബാധിതമായ ഇറാഖ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽന്ന് മികച്ച റിപ്പോർട്ടുകളും വിശകലനങ്ങളും നൽകി.

ഇഎംഎസ്, ബിടിആർ, ബസവ പുന്നയ്യ, ഹർകിഷൻ സിങ് സുർജിത് തുടങ്ങി സിപിഎമ്മിന്റെ മുൻനിര നേതാക്കളിൽ പലരുടെയും കാലം, ബൊഫോഴ്‌സും ബാബ്‌റി മസ്ജിദ് തകർക്കലും ജ്യോതി ബസുവിന് പ്രധാനമന്ത്രിസ്ഥാനം വേണ്ടെന്ന തീരുമാനവും സിപിഎമ്മിന്റെ പിന്തുണയുള്ള ഐക്യമുന്നണി സർക്കാരിന്റെ ഭരണവുമുൾപ്പെടെയുള്ള രാഷ്ട്രീയ കലങ്ങിമറിയലുകളുടെ നാളുകൾ -ഇതൊക്കം ബ്രിട്ടാസിലൂടെ ദേശാഭിമാനിയിൽ നിറഞ്ഞ റിപ്പോർട്ടുകളാണ്. പാർട്ടിയുടെ മാധ്യമനയം രൂപീകരിക്കുന്നതിൽ വർഷങ്ങളായി ജോൺ ബ്രിട്ടാസ് പങ്കു വഹിക്കുന്നു. മാധ്യമ ഉപദേഷ്ടാവായും അല്ലാതെയും മുഖ്യമന്ത്രിയുടെ ഡൽഹി യാത്രകളിൽ നിഴൽ പോലെ ബ്രിട്ടാസുണ്ടായി. ഇടക്കാലത്തു കൈരളി ഉപേക്ഷിച്ചു ഏഷ്യാനെറ്റിലേക്ക് പോയ അദ്ദേഹത്തെ തിരികെ അതേ പദവിയിലേക്കു കൊണ്ടുവന്നതും പിണറായിയുടെ താൽപര്യ പ്രകാരമായിരുന്നു. ദേശാഭിമാനി റസിഡന്റ് എഡിറ്റായിരുന്ന കെ.മോഹനനു ശേഷം രാജ്യസഭയിലേക്കു സിപിഎം നിയോഗിക്കുന്ന മാധ്യമ പ്രവർത്തകനാണ് ബ്രിട്ടാസ്. എകെജി സെന്ററുമായി ബന്ധപ്പെട്ട പാർട്ടി ഘടകത്തിൽ അംഗമാണ്.

ബ്രിട്ടാസിനൊപ്പം ശിവദാസനും സിപിഎമ്മിന്റെ രാജ്യസഭാ അംഗമാകും. ഇടതുപക്ഷ പത്രപ്രവർത്തനം നല്ല രീതിയിൽ നടത്തിയ ആൾ എന്ന നിലയിലാണു ജോൺ ബ്രിട്ടാസിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയതെന്നു സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ വിശദീകരിച്ചു. പാർട്ടിക്കു നല്ല ബോധ്യമുള്ള 2 പേരെയാണു തീരുമാനിച്ചത്. മാധ്യമ രംഗത്തുള്ളവരെ നേരത്തേയും രാജ്യസഭയിലേക്കു നിയോഗിച്ചിട്ടുണ്ട്. പാർലമെന്റിൽ അവർ തിളങ്ങി. കെ.കെ. രാഗേഷ് രാജ്യസഭയിൽ മികച്ച രീതിയിലാണു പ്രവർത്തിച്ചത്. കർഷക പ്രക്ഷോഭത്തിൽ മാതൃകാപരമായ പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്. അതുപോലെ ഇവരും പ്രവർത്തിക്കും- വിജയരാഘവൻ പറഞ്ഞു.