ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനാണ് ജോൺ ബ്രിട്ടാസ്. കൈരളി ടിവിയുടെ എംഡി. ദേശാഭിമാനിയിലെ മുൻ ഡൽഹി ലേഖകനാണ് പിണറായി എന്ന ബ്രാൻഡിനെ വളർത്തിയതിന് പിന്നലെ ചാലക ശക്തി. അഞ്ചു കൊല്ലം മുമ്പ് പിണറായി മുഖ്യമന്ത്രിയാകുമ്പോൾ അതിന് പിന്നിലും ജോൺ ബ്രിട്ടാസിന്റെ ഇടപെടലുകൾ ചർച്ചയായിരുന്നു.

പിണറായി തുടർഭരണത്തിൽ എത്തിയതോടെ രാഷ്ട്രീയത്തിലും ബ്രിട്ടാസ് കൈനോക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായിട്ടായിരുന്നു രാജ്യസഭയിലേക്ക് ബ്രിട്ടാസിനെ അയച്ചത്. ഡൽഹി കേന്ദ്രമാക്കി സിപിഎം രാഷ്ട്രീയത്തിലെ സ്വാധീന ശക്തിയാകാനാണ് ബ്രിട്ടാസിന്റെ നീക്കം. കേന്ദ്ര സർക്കാരിനെതിരെ പ്രതിരോധം തീർക്കലാണ് ലക്ഷ്യം. കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചത് ഇതിന്റെ ഭാഗമാണ്.

25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നത് ചോദ്യം ചെയ്താണ് ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചത്. പുതിയ വാക്സിൻ നയം സമൂഹത്തിൽ അസന്തുലിതാവാസ്ഥ സൃഷ്ടിക്കും എന്ന് ആരോപിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നയം പണക്കാർക്കും നഗരങ്ങളിൽ ജീവിക്കുന്നവർക്കും മുൻതൂക്കം നൽകുന്നതാണെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആരോപിച്ചിരിക്കുന്നത്. ഈ ഹർജിയിൽ അനുകൂല വിധിയാണ് ബ്രിട്ടാസിന്റെ ലക്ഷ്യം.

സ്വകാര്യ ആശുപത്രികളിൽ വളരെ കുറച്ച് വാക്സിൻ മാത്രമേ കുത്തിവയ്ക്കുന്നുള്ളു. അനുവദിച്ച വാക്സിന്റെ 17.05 ശതമാനം വാക്സിൻ മാത്രമേ സ്വകാര്യ ആശുപത്രികളിൽ ഉപയോഗിച്ചിട്ടുള്ളു എന്നും സുപ്രീം കോടതിയിൽ ബ്രിട്ടാസ് ഫയൽ ചെയ്ത അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുമായി കേന്ദ്ര സർക്കാരിന് അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് സ്ഥാപിക്കാനാണ് ബ്രിട്ടാസിന്റെ ഹർജി. വാക്‌സിൻ നയം കേന്ദ്രം മാറ്റിയ ശേഷമാണ് ബ്രിട്ടാസിന്റെ ഈ ഇടപെടൽ.

വാക്സിൻ നയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ കക്ഷി ചേരാനാണ് ജോൺ ബ്രിട്ടാസ് അപേക്ഷ നൽകിയിരിക്കുന്നത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ പ്രഫസർ ആർ രാംകുമാറുമായി ചേർന്നാണ് കക്ഷി ചേരാനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. അഭിഭാഷക രശ്മിത രാമചന്ദ്രൻ ആണ് അപേക്ഷ ഫയൽ ചെയ്തത്. പുതിയ വാക്സിൻ നയം സമൂഹത്തിൽ അസന്തുലിതാവാസ്ഥ സൃഷ്ടിക്കുമെന്നാണ് ബ്രിട്ടാസിന്റെ വാദം.

വാക്സിൻ നയം പണക്കാർക്കും നഗരങ്ങളിൽ ജീവിക്കുന്നവർക്കും മുൻതൂക്കം നൽകുന്നതാണെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. പിണറായിയുമായി ആലോചിച്ചാണ് ബ്രിട്ടാസിന്റെ ഈ നീക്കമെന്നാണ് സൂചന.