കൊച്ചി: കൈരളി ടിവി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ്, ഏഷ്യാനെറ്റ് റിപ്പോർട്ടർ ജോഷി കുര്യൻ എന്നിവരെ അപകീർത്തിക്കേസിൽ പ്രതികളാക്കണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഹർജി തള്ളി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്. അജികുമാറാണ് ഹർജി തള്ളിയത്. സോളാർ കേസുമായി ബന്ധപ്പെട്ട് സരിത എസ്. നായർ നടത്തിയ വെളിപ്പെടുത്തൽ സംപ്രേഷണം ചെയ്തത് അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടി ഹർജി നൽകിയിരുന്നു. എന്നാൽ ഇരുവരെയും നേരത്തെ പ്രതിസ്ഥാനത്ത് ചേർത്തിരുന്നില്ല.

ഹർജി ഫയൽ ചെയ്തശേഷമാണ് ഇരുവരുടെയും പങ്കിനെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിചേർക്കാൻ ഉമ്മൻ ചാണ്ടി പ്രത്യേകം ഹർജി നൽകിയത്. ഹർജിയിൽ വിശദമായ വാദം കേട്ടതിനുശേഷമാണ് കോടതി ഹർജി തള്ളിയത്. ഇത് ഉമ്മൻ ചാണ്ടിക്ക് തിരിച്ചടിയാണ്. അപകീർത്തിക്കേസിൽ രണ്ട് സാക്ഷികളെ വിസ്തരിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ബിനോയി ഭാസ്‌കർ, ആലുവ സ്വദേശി അബ്ദുൾ റഷീദ് എന്നിവരെ സാക്ഷികളാക്കി വിസ്തരിക്കണമെന്നാണ് ആവശ്യം. കേസ് സാക്ഷി വിസ്താരത്തിനായി മാറ്റി.

സോളാർ കേസ് പ്രതി സരിതാ എസ്.നായർക്കും നാല് മുതിർന്ന മാദ്ധ്യമപ്രവർത്തകർക്കുമെതിരെ ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് നൽകിയത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് എറണാകുളം സി.ജെ.എം കോടതിയിൽ കേസ് ഫയൽ ചെയ്തത്. കേസിൽ ഒന്നാം പ്രതി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി രാധാകൃഷ്ണൻ ആണ്. ഏഷ്യാനെറ്റ് സീനിയർ ന്യൂസ് എഡിറ്റർ വിനു വി ജോൺ, കൈരളി ചീഫ് ന്യൂസ് എഡിറ്റർ മനോജ് വർമ്മ, സീനിയർ ന്യൂസ് എഡിറ്റർ കെ. രാജേന്ദ്രൻ എന്നിവരാണ് കേസിൽ ഒന്നുമുതൽ നാലുവരെ പ്രതികൾ. സരിതാ എസ്.നായർ അഞ്ചാം പ്രതിയാണ്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽവച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിക്കുന്ന സരിതയുടെ കത്ത് പുറത്ത് വന്നിരുന്നു. ഇതാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നതിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ടെലിവിഷൻ ചാനലുകളിലൂടെ തന്നെ അപകീർത്തിപ്പെടുത്താനാണ് സരിത ശ്രമിക്കുന്നതെന്ന് മാനനഷ്ട ഹരജിയിൽ പറയുന്നു. സരിതയുടെ കത്ത് പുറത്തു വിട്ട മാദ്ധ്യമങ്ങളും തന്നെ അപകീർത്തി പെടുത്തുന്ന തരത്തിലാണ് പ്രവർത്തിച്ചത്. താൻ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് ആരോപിച്ചതു തന്നെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ആരോപണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. മാദ്ധ്യമങ്ങളിലൂടെ നിരന്തരം ആരോപണം ഉന്നയിക്കുന്നത് തന്റെ പൊതുജീവിതത്തിൽ കളങ്കമുണ്ടാക്കിയെന്നും മാനസികമായി ഏറെ വിഷമം ഉണ്ടാക്കിയെന്നും ഹരജിയിൽ പറയുന്നു.

ഏഷ്യാനെറ്റിന് വേണ്ടി ജോഷി കുര്യനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ജോഷി കുര്യനെ ആദ്യം പ്രതിസ്ഥാനത്ത് ചേർത്തിരുന്നില്ല. ഇതിനാണ് രണ്ടാമത് ഉമ്മൻ ചാണ്ടി ശ്രമിച്ചത്. കൈരളി ടിവിയുടെ എംഡിയായ ജോൺ ബ്രിട്ടാസിനേയും കേസിൽപ്പെടുത്താൻ ശ്രമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മാദ്ധ്യമ ഉപദേഷ്ടാവ് കൂടിയാണ് ജോൺ ബ്രിട്ടാസ്.