സിയാറ്റിൽ: മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് മലയാളി. കോട്ടയത്തുകാരൻ ജോൺ ജോർജ് ചിറപ്പുറത്തിന് മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറൽ മാനേജർ ആയിരുന്ന ജോൺ ജോർജ് തന്റെ കഠിനാധ്വാനത്തിലൂടെയാണ് മൈക്രോസോഫ്റ്റ് എ്‌ന ടെക് ഭീമന്റെ തലപ്പത്ത് എത്തിയത്. നേരത്തെ തൃശൂർ സ്വദേശിയായ ജോസഫ് സിറോഷും നേരത്തെ മൈക്രോസോഫ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയിരുന്നു.

കോട്ടയം ചിറപ്പുറത്ത് പരേതരായ സി.ജോർജ് ജോണിന്റെയും സാറാ ജോണിന്റെയും മകനാണ് ജോൺ ജോർജ്. ഇന്റൽ ഏറ്റെടുത്ത സർവേഗ എന്ന കമ്പനിയുടെ സ്ഥാപകനായി യുഎസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ജോൺ തന്റെ കഠിനാധ്വാനത്തിലൂടെ മൈക്രോസോഫ്റ്റിന് പ്രിയപ്പെട്ടവനായി മാറുക ആയിരുന്നു. 2000ത്തിൽ തുടങ്ങിയ ഈ കമ്പനി 2005ൽ ഇന്റൽ വാങ്ങുകയായിരുന്നു. തുടർന്ന് 10 വർഷത്തോളം മൈക്രോസോഫ്റ്റിൽ ഡേറ്റ പ്ലാറ്റ്‌ഫോം പ്രോഡക്ട് പ്ലാനിങ് സീനിയർ ഡയറക്ടറായി ജോൺ സ്ഥാനം വഹിച്ചു.

തുടർന്ന് എച്ച്പി കമ്പനിയിൽ വൈസ് പ്രസിഡന്റായി. വീണ്ടും 2017ൽ മൈക്രോസോഫ്റ്റിൽ വീണ്ടും തിരികെയെത്തിയ ജോൺ ജനറൽ മാനേജർ തസ്തികയിൽ ജോലി ചെയ്തു. ഇതിനിടെ ബ്ലോക്‌ചെയിൻ, അനലിറ്റിക്‌സ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, മിക്‌സ്ഡ് റിയാലിറ്റി തുടങ്ങിയവയുടെ ചുമതല വഹിക്കുകയാണ്. വർഷങ്ങളായി യുഎസിലെ സിയാറ്റിലിലാണ് താമസം. യുഎസിലെ പ്രമുഖ സംഗീതജ്ഞയും സംരംഭകയുമായ ജെസിക്കയാണു ഭാര്യ. മക്കൾ: ജോർജ്, സാറ.

മൈക്രോസോഫ്റ്റിൽ തിരക്ക് പിടിച്ച ഉദ്യോഗസ്ഥനാണെങ്കിലും വർഷത്തിൽ രണ്ട് തവണ കേരളത്തിലെത്തുന്ന ജോൺ തന്റെ കുടുംബത്തിൽ നിന്നും കിട്ടിയ അറിവാണ് ജീവിത വിജയത്തിലെത്തിച്ചതെന്ന് ഉറച്ച് വിശ്വസിക്കുന്നു. 'തലകുനിച്ച്, അധ്വാനിച്ച് ജോലി ചെയ്യണം' മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ജോൺ ജോർജ് ചിറപ്പുറത്ത് എന്ന ജെജിയുടെ തത്വശാസ്ത്രം ഇതാണ്. അച്ഛന്റെ അച്ഛൻ റവ. സി.വി.ജോൺ പകർന്നു നൽകിയ പാഠമാണിത്. അക്ഷരാർത്ഥത്തിൽ തന്റെ മുത്തച്ഛന്റെ വാക്കുകൾ ജീവിതത്തിലേക്ക് പകർത്തിയതാണ് ജോണിന്റെ ജീവിത വിജയത്തിന്റെ രഹസ്യം.

ചെന്നൈ ഡോൺ ബോസ്‌കോയിലും കൊച്ചി ഡെൽറ്റ സ്‌കൂളിലും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ജോൺ ജോർജിന്റെ പിതാവ് സി. ജോർജ് ജോൺ എംആർഎഫിൽ കേരള സെയിൽസ് മാനേജരായിരുന്നു. ഐഐഎം അഹമ്മദാബാദിൽ നിന്ന് ബിരുദം നേടിയ ആളായിരുന്നു ജോർജ് ജോൺ. പിന്നീട് അദ്ദേഹം കുവൈത്തിലേക്കു പോയി. അങ്ങനെ ജോൺ ജോർജിന്റെ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസം കുവൈത്ത് ഇന്ത്യൻ സ്‌കൂളിലായിരുന്നു.

തുടർന്ന് ഇന്ത്യയിലേക്കു മടങ്ങിയെത്തിയ ജോർജ് ജോൺ ബെംഗളൂരു ബിഎംഎസ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദം നേടി. മാസ്റ്റർ ഇൻ കംപ്യൂട്ടർ സയൻസ് പഠനത്തിനായാണ് അമേരിക്കയിൽ എത്തുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാൻഡിൽ നിന്ന് മാസ്റ്റർ ഇൻ കംപ്യൂട്ടർ സയൻസ് ബിരുദം നേടിയ അദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിൽ നിന്ന് എംബിഎയും നേടി.