- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്ര പറഞ്ഞ് ജോണങ്കിൾ മടങ്ങി; തിരക്കഥകളുടെ രാജാവ് ഇനി ഓർമ്മ; ജോൺപോളിന് യാത്രാമൊഴി ചൊല്ലാൻ എത്തിയത് ആയിരങ്ങൾ; സംസ്ക്കാരം സംസ്ഥാന സർക്കാർ ബഹുമതികളോടെ കൊച്ചി എളംകുളം പള്ളിയിൽ

കൊച്ചി: തന്റെ തുലികയിൽ ജനിച്ച കഥാപാത്രങ്ങളെ തനിച്ചാക്കി കഥാകാരൻ മടങ്ങി. സമാനതകളില്ലാത്ത രചനകളാൽ മലയാള സിനിമയെ സമ്പന്നമാക്കിയ തിരക്കഥാകൃത്ത് ജോൺ പോൾ ഇനി ഓർമ. കൊച്ചി എളംകുളം പള്ളിയിൽ സംസ്ഥാന സർക്കാർ ബഹുമതികളോടെയായിരുന്നു സംസ്‌കാരചടങ്ങുകൾ. എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിൽ സിനിമ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേർ ആദരം അർപ്പിച്ചു.
കൊച്ചി എളംകുളത്തെ സെന്റ് മേരീസ് സുനോറോ സിംഹാസന പള്ളിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു മലയാളത്തിന്റെ ഇതിഹാസ കഥാകാരന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. യാക്കോബായ സുറിയാനി സഭ മെത്രോപൊലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.
നേരത്തെ എറണാകുളം ടൗൺ ഹാളിൽ പൊതുധർശനത്തിനു വച്ച ജോൺ പോളിനെ കാണാനായി സിനിമാ- രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് എത്തിയത്. കൂടാതെ നൂറഉകണക്കിന് സിനിമാ പ്രേമികളും അദ്ദേഹത്തിന് ആദരമർപ്പിക്കാൻ എത്തി. സംസ്ഥാന സർക്കാരിന് വേണ്ടി എറണാകുളം കളക്ടർ ജാഫർ മാലിക പുഷ്പചക്രം അർപ്പിച്ചു. മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി എന്നിവരും അന്ത്യാജ്ഞലി അർപ്പിക്കാനെത്തി. നടൻ ഇന്നസെന്റ്, രഞ്ജി പണിക്കർ തുടങ്ങിയ നിരവധി പ്രമുഖരും ജോൺ പോളിനെ കാണാൻ എത്തി.
ടൗൺ ഹോളിൽ നിന്ന് മൃതദേഹം ചാവറ കൾച്ചറൽ സെന്ററിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ചു.തുടർന്ന് മരടിലെ വീട്ടിലും നടന്ന പൊതുദർശനത്തിൽ നിരവധി പേർ പ്രിയ അങ്കിൾ ജോണിന് അന്ത്യാഭിവാദനം നൽകി. ജോൺ പോൾ കഥകൾ വെള്ളിത്തിരയിലെത്തിച്ച സംവിധായകർ, പ്രിയ സഹപ്രവർത്തകർ തുടങ്ങി അദ്ദേഹത്തെ ഗുരുസ്ഥാനീയരായി കണ്ടവരെല്ലാം ജോൺ പോളിനെ അവസാനമായി കാണാനെത്തി.
ഏറെ ആഗ്രഹിച്ച പലതും പൂർത്തിയാക്കാനാവാതെയാണ് ജോൺ പോൾ വിടവാങ്ങിയത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി രാജീവും എറണാകുളം ജില്ല കളക്ടർ ജാഫർ മാലിക്കും ചേർന്ന് ജോൺ പോളിന് അന്തിമ ഉപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, സിനിമ മന്ത്രി സജി ചെറിയാനും അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി. താരങ്ങളെ സൃഷ്ടിച്ച കഥാകാരൻ താരങ്ങളോളം ആഘോഷിക്കപ്പെട്ടോ എന്ന സംശയത്തിലും തന്റെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ജോൺ പോൾ ഇനിയും ഇനിയും ഏറെ കാലം മലയാളികൾക്കിടയിൽ ജീവിക്കും.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവൻനായർ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു 72കാരനായ ജോൺ പോളിന്റെ അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.രോഗബാധിതനായി രണ്ടു മാസമായി ആശുപത്രിയിലായിരുന്നു. നൂറോളം സിനിമകൾക്കാണ് ജോൺ പോൾ തിരക്കഥയെഴുതിയത്. കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോൺ പോൾ പിന്നീട് ജോലി രാജിവച്ചാണ് മുഴുവൻ സമയ തിരക്കഥാകൃത്തായി മാറിയത്.
ഐവി ശശിയുടെ ഞാൻ ഞാൻ മാത്രം എന്ന സിനിമയ്ക്ക് കഥയെഴുതിക്കൊണ്ടാണ് ജോൺ പോൾ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ഭരതന്റെ ചാമരം എന്ന സിനിമയ്ക്കാണ് ആദ്യ തിരക്കഥയൊരുക്കിയത്. ഭരതനു വേണ്ടിയാണ് ഏറ്റവും കൂടുതൽ തിരക്കഥയൊരുക്കിയത്. കമലിന്റെ പ്രണയമീനുകളുടെ കടൽ ആണ് അവസാനമായി തിരക്കഥ എഴുതിയ സിനിമ. ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.


