- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാമരം വീശി മർമ്മരമായി കാതോട് കാതോരം പറഞ്ഞ് ചമയങ്ങൾ അഴിച്ചുവച്ച് ജോൺ പോൾ വിട വാങ്ങി; അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ; പ്രണയ കഥയിലൂടെ അരങ്ങേറി കാതലുള്ള തിരക്കഥകളിലൂടെ വിസ്മയിപ്പിച്ച് കടന്നുപോകുമ്പോൾ കണ്ണീരുമായി മലയാളത്തിന്റെ അന്ത്യാഞ്ജലി

കൊച്ചി: മലയാള സിനിമാ ലോകത്തിന്റെ പ്രാർത്ഥനകൾക്കിടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺ പോൾ (71) അന്തരിച്ചു. മലയാളം ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ഒരുപിടി സിനിമകളും, കഥാപാത്രങ്ങളും ബാക്കി വച്ചാണ് ജോൺ പോൾ വിടവാങ്ങിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. ഭാര്യ. ഐഷ എലിസബത്ത്. മകൾ ജിഷ ജിബി.
ജോൺ പോളിന്റെ ആദ്യ തിരക്കഥ ഇന്ത്യൻ സിനിമയ്ക്ക് അന്നുവരെ അപരിചിതമായൊരു പ്രണയകഥയായിരുന്നു. പ്രണയമീനുകളുടെ കടൽ എന്ന കമൽ ചിത്രമാണ് ജോൺപോൾ ഏറ്റവും ഒടുവിൽ തിരക്കഥയെഴുതിയ മലയാളസിനിമ. 1980 ൽ ചാമരം എന്ന സിനിമയിലൂടെ മലയാളികൾ പരിചയപ്പെട്ടത് ശക്തമായ തിരക്കഥകളൊരുക്കി പിന്നീട് മലയാളിപ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയും ആരാധകരാക്കി മാറ്റുകയും ചെയ്ത അപൂർവ്വപ്രതിഭയെയായിരുന്നു
നൂറോളം തിരക്കഥകൾ എഴുതിയിട്ടും സ്വന്തമായി ഒരു വീട് പോലും അദ്ദേഹത്തിനുണ്ടായില്ല. സാമ്പത്തികലാഭത്തിന് വേണ്ടി സിനിമാപ്രവർത്തനം നടത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല എന്നു വേണം കരുതാൻ. അവസാനനാളുകളിൽ ജോൺ പോളിന്റെ ചികിത്സക്കായി സുഹൃത്തുക്കളും സഹപ്രവർത്തകരും അഭ്യുദയകാക്ഷികളുടെ സഹായം തേടിയിരുന്നു. ദ
സ്‌കൂൾ അദ്ധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയിൽ സജീവമായപ്പോൾ രാജിവച്ചു.
നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ.വി.ശശി, മോഹൻ, ജോഷി, കെ.എസ്.സേതുമാധവൻ, പി.എൻ. മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.
കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവൻനായർ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു. ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിച്ചു.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ 'എംടി ഒരു അനുയാത്ര', പ്രതിഷേധം തന്നെ ജീവിതം, എന്റെ ഭരതൻ തിരക്കഥകൾ, സ്വസ്തി, കാലത്തിനു മുമ്പേ നടന്നവർ, ഇതല്ല ഞാൻ ആഗ്രഹിച്ചിരുന്ന സിനിമ, കഥയിതു വാസുദേവം, സൃഷ്ടിയുടെ കഥ സൃഷ്ടാവിന്റെയും, മധു- ജീവിതവും ദർശനവും, വിസ്മയാനുഭൂതികളുടെ പുരാവൃത്തം, പവിത്രം ഈ സ്മൃതി, പ്രതിഭകൾ മങ്ങുന്നത് എന്തുകൊണ്ട്, സിനിമയുടെ ആദ്യ നാൾവഴികളിലൂടെ, വിഗ്രഹഭഞ്ജകർക്കൊരു പ്രതിഷ്ഠ, മോഹനം ഒരുകാലം, രചന, മുഖ്യധാരയിലെ നക്ഷത്രങ്ങൾ, സ്മൃതി ചിത്രങ്ങൾ, വസന്തത്തിന്റെ സന്ദേശവാഹകൻ തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്.


