മസ്‌കത്ത്: ഇബ്രിയിൽ മോഷ്ടാക്കൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കോട്ടയം മണർകാട് സ്വദേശി ജോൺ ഫിലിപ്പിന്റെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാത്രിയോടെ നാട്ടിൽ കൊണ്ടു പോകുമെന്നാണ് ആദ്യം അറിയിച്ചിരുന്നെതെങ്കിലും നടപടികൾ പൂർത്തിയാക്കി നാളെയെ കൊണ്ടുപോകുയെന്നാണ് ലഭിക്കുന്ന സൂചന.നിസ്വയിലെ സാലെം ബിൻ സാലെം റാഷിദ് അൽ കിന്ദി എന്ന ലേബർ സപൈ്‌ള കമ്പനിയിലെ ജീവനക്കാരനായിരുന്ന ജോണിനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

ജോണിന്റെ സ്‌പോൺസറുടെ മകൻ ഞായറാഴ്ച ഹഫീത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി ഡത്തെ് നോട്ടിഫിക്കേഷൻ സർട്ടിഫിക്കറ്റ് കൈപ്പറ്റി. തുടർന്ന് എംബസിയിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മറ്റ് പേപ്പർ നടപടികൾ പൂർത്തിയാക്കി എംബാമിങ് നടപടികൾ ആരംഭിച്ച് നാളെ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്നാണ് കരുതുന്നത്.

ജോണിന്റെ ബന്ധുവായ വർക്കിയാണ് മൃതദേഹത്തെ അനുഗമിക്കുക. ജോണിന്റെ മൃതദേഹം കഴിഞ്ഞദിവസം പോസ്റ്റുമോർട്ടം ചെയ്തു. മൃതദേഹത്തിൽനിന്ന് രണ്ട് വെടിയുണ്ടകൾ കണ്ടെടുത്തതായി പൊലീസ് വൃത്തങ്ങൾ സൂചന നൽകി. അതിനിടെ ജോണിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ പെട്രോൾ സ്റ്റേഷനുകളിൽ രാത്രി ഡ്യൂട്ടിക്ക് രണ്ട് ജീവനക്കാരെ നിർബന്ധമായി നിയോഗിച്ചുതുടങ്ങിയിട്ടുണ്ട്. പമ്പ് അടക്കുന്ന സമയങ്ങളിൽ ആക്രമണമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

കോട്ടയം മണർകാട് ചെറുവിലാകത്ത് ജോൺ ഫിലിപ്പിന്റെ (45) മൃതദേഹം ബുധനാഴ്ച ഉച്ചയോടെയാണ് മസ്‌കത്തിൽനിന്ന് 350 കിലോമീറ്ററോളം അകലെ തനാമിലെ മസ്റൂഖി ഗ്രാമത്തിൽനിന്ന് കണ്ടത്തെിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ജോണിനെ സനീനയിൽനിന്ന് ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. ബിനുവാണ് ജോണിന്റെ ഭാര്യ. റോണകും ആന്മേരിയും മക്കളാണ്.