- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെ.എസ്.അടൂരിനെ മിക്കവർക്കും അറിയാം; ജോൺ സാമുവലിനെയോ? രണ്ടാളും ഒന്നുതന്നെ; കെപിസിസി ഇനി ഒരഭിപ്രായം പറഞ്ഞാൽ അതിൽ ജോൺ സാമുവലിന്റെ വാക്കും; തിരഞ്ഞെടുപ്പ് പത്രികയ്ക്ക് പുതിയ മുഖം നൽകുകയും ദൗത്യം; കാലത്തിനൊത്ത് കോൺഗ്രസ് മാറുമ്പോൾ ജോൺ സാമുവൽ കെ പി സി സി പബ്ലിക് പോളിസി അധ്യക്ഷൻ
തിരുവനന്തപുരം: ചിലരോട് സംസാരിച്ചാൽ അറിയാം. ഓരോ നിമിഷത്തിലും പുതിയ പുതിയ ആശയങ്ങൾ. ചുറ്റും നടക്കുന്നതിനോടുള്ള ജാഗ്രതയിൽ ഊറിവരുന്ന ഭാവിയെ കുറിച്ചുള്ള ഉൾകാഴ്ചകൾ. നാടിനെ നയിക്കുന്നത് രാഷ്ട്രീയക്കാരാണെങ്കിലും, അവർക്ക് പിന്നിൽ ഒരുതിങ്ക് ടാങ്ക് ഉണ്ടാവും. രാഷ്ട്രീയ നേതൃത്വം എങ്ങനെ ആയിരിക്കണമെന്ന് സ്വപ്നം കാണുകയും നിലവിലുള്ളവരെ വിലയിരുത്തുകയും ചെയ്യുക മാത്രമല്ല, പുതിയ ദിശാബോധം നൽകുന്നവർ കൂടിയാണ് അവർ. കേരളത്തിൽ തിരഞ്ഞെടുപ്പ് കാലമാണ്. തദ്ദേശം കഴിഞ്ഞെങ്കിലും, നിയസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നു. കോൺഗ്രസ് അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ച് പുതിയ ഒരുപാർട്ടിയെ കെട്ടിപ്പടുക്കാൻ ശ്രമം നടത്തുകയാണ്. വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരെയും അടിസ്ഥാനതലത്തിൽ സാമൂഹിക പ്രവർത്തനം നടത്തുന്നവരെയും പൊതുജനസമ്മതിയുള്ളവരെയും വിവിധ തലങ്ങളിൽഅംഗങ്ങളാക്കി പാർട്ടിയെ എല്ലാ തലത്തിലും ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തിൽ പബ്ലിക് പോളിസി വിദഗ്ധനും പ്രമുഖ സാമൂഹിക, മനുഷ്യാവകാശപ്രവർത്തകനുമായ ജോൺ സാമുവലിനെ കെ പി സി സി പുതിയതായി തുടങ്ങിയ പബ്ലിക് പോളിസി വിഭാഗത്തിന്റെ അധ്യക്ഷനായി നിയമിച്ചു.
എ ഐ സി സി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, താരിഖ് അൻവർ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ സമിതിയാണ് ജോൺ സാമുവലിനെ നാമനിർദ്ദേശം ചെയ്തതെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ അറിയിച്ചു.
ആരാണ് ജോൺ സാമുവൽ അഥവാ ജെ.എസ്.അടൂർ?
പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് വിവിധ കോണുകളിൽ നിന്നും സഹായം ഒഴുകി എത്തിയപ്പോഴാണ് എങ്ങനെ സർക്കാറിന് പണം സ്വരൂപിക്കാം എന്ന ചർച്ചകൾ നടന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ നിർദ്ദേശം മുന്നോട്ടു വെച്ചത് മുൻ യുഎൻ ഉദ്യോസ്ഥൻ കൂടിയായ ജെ എസ് അടൂർ എന്ന ജോൺ സാമുവൽ ആയിരുന്നു. സർക്കാർ ജീവനക്കാർ അടക്കം എല്ലാവരുടെയും പക്കൽ നിന്നും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ നിർദ്ദേശിച്ച് പണം കണ്ടെത്താം എന്ന വിപ്ലവകരമായ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ മുഖവിലയ്ക്കെടുത്തു. ഇതോടെ ഈ നിർദ്ദേശം അദ്ദേഹം എല്ലാവരോടുമായി നൽകുകയും ചെയ്തു. അങ്ങനെ സാലറി ചലഞ്ചിന് നല്ല പ്രതികരണം ലഭിച്ചു. എന്നാൽ സാലറി ചലഞ്ച് പിടിച്ചുപറിയായി മാറി കൈയൂക്ക് ഉള്ളവൻ കാര്യക്കാർ എന്ന നിലപാട് വന്നപ്പോൾ ജെ.എസ്.അടൂർ അതിനെ തുറന്നുവിമർശിച്ചു. 'കാശു മതി ബാക്കി കാര്യം ഞങ്ങളുടെ സൗകര്യം പോലെ എന്ന നിലപാട് കൊണ്ട് ഒരു നവ കേരളവുമുണ്ടാകയില്ല, ഇതായിരുന്നു അദ്ദേഹത്തിന്റെ കാമ്പുള്ള വിമർശനം.
രാഷ്ട്രീയനേതൃപാടവത്തെ കുറിച്ച് കൃത്യമായ ധാരണകൾ ഉള്ള വിദഗ്ധനാണ് ജോൺ സാമുവൽ. രാഷ്ട്രീയ ഭേദമെന്യേ വിവിധ നേതാക്കളുടെ നേതൃനിപുണതാ വിശകലനം അടങ്ങിയ അദ്ദേഹത്തിന്റെ സമീപകാല ലേഖന പരമ്പര ശ്രദ്ധേയമായിരുന്നു. ശശിതരൂരിനെ കുറിച്ച് അദ്ദേഹം എഴുതിയ ലേഖനത്തിന്റെ ആമുഖം ആ കാഴ്ചപ്പാടിലേക്കുള്ള തിരനോട്ടമാണ്.
'ഒരാളുടെ നേതൃത്വ ഗുണ വിശകലനം ഒരാൾ വഹിക്കുന്ന പദവികൾക്കും പാർട്ടികൾക്കും രാഷ്ട്രീയത്തിനുമൊക്കെ ഉപരിയായി വിശകലനം ചെയ്യാമെന്നാണ് കരുതുന്നത്. ഒരാളുടെ നേതൃത്വ ഗുണങ്ങളെ പോസിറ്റീവ് ആയും നെഗേറ്റീവ് ആയും കാണാം. അത് കാഴ്ചക്കാരുടെ മനസ്ഥിതിയും കാഴ്ചപ്പാടും അനുസരിച്ചിരിക്കും. ഞാൻ ഏതൊരാളുടെയും പോസിറ്റീവ് വശങ്ങളാണ് കൂടുതൽ കാണുന്നത് .
ഒരാൾ എന്തുകൊണ്ട് നേതൃത്വ സ്ഥാനത്തു എത്തിയെന്നാണ് ആലോചിക്കുന്നത്. അതുകൊണ്ട് തന്നെ പാർട്ടി രാഷ്ട്രീയ ലെൻസിൽ കൂടെ നോക്കില്ല. വ്യക്തിവിരോധവും അസൂയയും ഇല്ലാത്തതു കൊണ്ട് ആ ലെൻസില്ല. ശശി തരൂരിനെ അദ്ദേഹം യൂ എന്നിൽ ആയിരിക്കുമ്പോൾ തന്നെ അറിയാം. ഞാൻ ഗ്ലോബൽ കോൾ റ്റു ആക്ഷൻ എഗ്ന്സ്റ്റ് പോവെർട്ടിയുടെ ചെയർപേഴ്സൻ എന്ന നിലയിലാണ് ശശി തരൂരിനെ ന്യൂയോർക്കിൽ വച്ച് പതിനഞ്ചുകൊല്ലം മുമ്പ് പരിചയപ്പെട്ടത്. പിന്നീട് സുഹൃത്തായി. അതുകൊണ്ട് ശശിയെ പലപ്പോഴും നേരിട്ട് വീക്ഷിക്കാൻ അവസരമുണ്ടായിട്ടുണ്ട്. അടുത്തു നിന്ന്.'
ജെ എസ് അടൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനായ ജോൺ സാമുവലിന് ഐക്യരാഷ്ട്ര സഭയിലും അന്താരാഷ്ട്ര ദേശീയ വികസന, ഗവേഷണ സംഘടനകളിലും മൂന്നു ദശകത്തെ നേതൃപരിചയുമുണ്ട്. ഐക്യരാഷ്ട്രസഭയുടെ വികസനവിഭാഗത്തിൽ ആഗോള ഗവേണൻസ് വിഭാഗത്തിന്റെ തലവനായിരുന്നു ജോൺ സാമുവൽ. കേന്ദ്ര പ്ലാനിങ് കമ്മീഷനിൽ ഗവർണൻസ് വർക്കിങ് കമ്മറ്റി അംഗവും കേന്ദ്ര മനുഷ്യാവകാശ കമ്മീഷനിൽ പരിശീലകനുമായിരുന്നു. അഡ്വക്കസി, പൊതു ഭരണം, ബജറ്റ് വിശകലനം, പബ്ലിക് പൊളിസി, മനുഷ്യവകാശങ്ങൾ എന്നീ രംഗത്തു പുസ്തകങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യ നവ മാധ്യമ സംരംഭമായ ഇൻഫോചേഞ്ച് ഇന്ത്യ, ഗവേഷണ പ്രസിദ്ധീകരണമായ അജണ്ട മാസിക, സിറ്റിസൺ റിപ്പോർട്ട് ഓൺ ഗവണൻസ് ആൻഡ് ഡെവലപ്പ്മെന്റ് എന്നിവയുടെ എഡിറ്ററായിരുന്നു. ഏകതാ പരിഷത്തെന്ന സാമൂഹിക പ്രസ്ഥാനത്തിന്റെ അധ്യക്ഷനായിരുന്നു. ബോധിഗ്രാം എന്ന നേതൃപരിശീലനകേന്ദ്രത്തിന്റെയും സാമൂഹിക പ്രസ്ഥാനത്തിന്റെയും അധ്യക്ഷനാണ്.പൂന സർവ്വകലാശാലയിൽ നിന്ന് എം എയും ഗവേഷണ ബിരുദവുമുണ്ട്. സസക്സസ് സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ്, അഡ്വക്കസി ഇൻസ്റ്റിറ്റ്യൂട്ട് വാഷിങ്ടൺ എന്നിവിടങ്ങളിൽ ഫെലോ ആയിരുന്നു.
കെപിസിസി പബ്ലിക് പോളിസി വിഭാഗം: ദൗത്യം
കെ പി സി സി യുടെയും കേരളത്തിൽ കോൺ്ഗ്രസ് പാർട്ടിയുടെ, എല്ലാതലത്തിലുമുള്ള പൊതുകാര്യനയങ്ങൾക്കും,സാമൂഹിക-സാമ്പത്തിക വിഷയങ്ങളിലുമുള്ള നേതൃത്വ പരിശീലന പരിപാടികൾക്കും ജോൺ സാമുവൽ നേതൃത്വം നൽകും.കോൺഗ്രസ് പാർട്ടിയുടെ ഗവേഷണവിഭാഗവുമായി ചേർന്നു സാമൂഹിക -സാമ്പത്തിക -വികസന ഗവേഷണത്തിനും മാർഗ്ഗ നിർദേശങ്ങൾ നൽകുക, തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രക്രിയയെ സഹായിക്കുക മുതലായവയാണ് പുതിയ പബ്ലിക് പോളിസി വിഭാഗത്തിന്റെ ചുമതല.